ഖത്തർ ലോകകപ്പിലേക്ക് ഇനി 100 ദിനം മാത്രം

ദോഹ: ഖത്തറിലും അറേബ്യൻ മണ്ണിലും ഇത് ഈത്തപ്പഴം പൂത്തുനിൽക്കുന്ന കാലമാണ്. 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ചൂടുയരുമ്പോൾ ഈത്തപ്പഴം പഴുത്ത് പാകമാവുന്ന കാലം. നാവിൽ കൊതിയൂറുന്ന ആ കാഴ്ചകൾക്കൊപ്പം ഖത്തറിന്‍റെ മണ്ണിൽ ഇപ്പോൾ ഫുട്ബാൾ ആവേശവും പൂത്തുലഞ്ഞ് നിൽക്കുന്നു. ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കളികളുടെ മഹോത്സവത്തിലേക്ക് പന്തുരുളാൻ ഇനി നൂറുദിനത്തിലെ കാത്തിരിപ്പു മാത്രം. നവംബർ 20ന് ഖത്തർ-എക്വഡോർ മത്സരത്തോടെയാവും 22ാമത് ഫിഫ ലോകകപ്പിന് ഖത്തറിൽ കിക്കോഫ് കുറിക്കുന്നത്.

നവംബർ 21ന് കിക്കോഫ് കുറിക്കാനുള്ള തീരുമാനത്തിൽ കഴിഞ്ഞ ദിവസം മാറ്റമുണ്ടായതോടെയാണ് ആതിഥേയരുടെ ഉദ്ഘാടന മത്സരം ഒരുദിനം നേരത്തെയാക്കിയത്. ലോകകപ്പിനായുള്ള സ്റ്റേഡിയം നിർമാണങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. റോഡുകൾ, നഗരസൗന്ദര്യവത്കരണം, പാർക്കുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കി പന്തുരുളുന്നതിനായുള്ള കാത്തിരിപ്പിലാണ് ഖത്തർ.

കോർണിഷ് ആഘോഷ വേദി

കളി സ്റ്റേഡിയങ്ങളിലാണെങ്കിലും ദോഹ കോർണിഷാണ് ലോകകപ്പ് ആഘോഷങ്ങളുടെ കേന്ദ്ര സ്ഥാനം. അഞ്ച് കി.മീ ദൂരത്തിൽ നീണ്ടുകിടക്കുന്ന കടലോരത്തെ തെരുവ് ആഘോഷ പരിപാടികളുടെ ഹൃദയബിന്ദുവായി മാറും. വിവിധ കമ്യൂണിറ്റി പരിപാടികളും മത്സരങ്ങളുടെ പ്രദർശനവുമായി സജീവമാവുന്ന കോർണിഷിലെ അലങ്കാരപ്പണികളും ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.

ഈന്തപ്പനയോലപോലെ ഉയർന്നുനിൽക്കുന്ന തെരുവുവിളക്കുകൾ, യോഗ്യത നേടിയ ടീമുകളുടെ ദേശീയ പതാകയുടെ നിറത്തിൽ കൂറ്റൻ പന്തുകൾ അങ്ങനെ അടിമുടി ഫുട്ബാൾ മയം. ഒപ്പം, ലോകകപ്പിന് മുന്നോടിയായുള്ള 'സീന' അലങ്കാരങ്ങൾക്കുള്ള രജിസ്ട്രേഷനും കഴിഞ്ഞ ദിവസം ആരംഭിച്ചു.

ലുസൈലിലും പന്തുരുണ്ടു; എട്ട് അത്ഭുതങ്ങൾ സജ്ജം

നൂറുദിനം ബാക്കിനിൽക്കെ ലോകകപ്പിന്‍റെ എട്ട് സ്റ്റേഡിയങ്ങളും മത്സര സജ്ജമാക്കിയ ആത്മവിശ്വാസത്തിലാണ് സംഘാടകർ. എട്ടിൽ, ഏഴ് സ്റ്റേഡിയങ്ങളും വിവിധ രാജ്യാന്തര മത്സരങ്ങൾക്ക് വേദിയായി ലോകകപ്പിന്‍റെ ഒരുക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫിഫ അറബ് കപ്പ്, ക്ലബ് ലോകകപ്പ്, ഇന്‍റർ കോണ്ടിനെന്‍റൽ പ്ലേഓഫ്, ഖത്തർ സ്റ്റാർസ് ലീഗ്, അമീർ കപ്പ് മത്സരങ്ങൾക്ക് ഈ മൈതാനങ്ങൾ വേദിയായി.

മോടികൂട്ടി പുതുക്കിപ്പണിത ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയം, ലോകകപ്പിനായി പുതുതായി നിർമിച്ച അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ ജനൂബ്, അൽ തുമാമ, സ്റ്റേഡിയം 974, അൽ ബെയ്ത്, എജുക്കേഷൻ സിറ്റി എന്നീ സ്റ്റേഡിയങ്ങളാണ് വിവിധ മത്സരങ്ങളിലൂടെ ഇതിനകം ലോകകപ്പിനായി സജ്ജമായിക്കഴിഞ്ഞത്. ഡിസംബർ 18ന് നടക്കുന്ന ഫൈനലിന്‍റെ വേദിയായ ലുസൈൽ സ്റ്റേഡിയം വ്യാഴാഴ്ച രാത്രിയിൽ സ്റ്റാർസ് ലീഗ് മത്സരത്തോടെ കളിയാരാധകർക്ക് മുമ്പാകെ മിഴിതുറന്നു.

ലുസൈലിൽ സൂപ്പർ പോരാട്ടം

വ്യാഴാഴ്ച ട്രയൽ റൺ കഴിഞ്ഞ ലുസൈൽ സ്റ്റേഡിയത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ ഒമ്പതിന് ലുസൈൽ സൂപ്പർ കപ്പ് പോരാട്ടത്തോടെ നടക്കും. അറബ് മേഖലയിലെ രണ്ട് ചാമ്പ്യൻ ക്ലബുകളുടെ അങ്കത്തിന് സാക്ഷ്യംവഹിച്ചായിരിക്കും ലുസൈൽ കാൽപന്തു ലോകത്തിന് സമർപ്പിക്കപ്പെടുന്നത്.

സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഹിലാലും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലാണ് ലുസൈൽ കപ്പ് മത്സരം. 80,000 ഇരിപ്പിടങ്ങളുള്ള നിറഗാലറിയിൽ നടക്കുന്ന മത്സരത്തിന് മാറ്റുകൂട്ടാൻ ലോകപ്രശസ്ത ഗായകസംഘത്തിന്‍റെ പ്രദർശനവുമുണ്ടാവുമെന്ന് സംഘാടകർ അറിയിക്കുന്നു.

അടയാളമായി അൽ രിഹ്ലയും ലഈബും

ഔദ്യോഗിക പന്തായ അൽ രിഹ്ലയും ഭാഗ്യമുദ്രയായ ലഈബുമാണ് ഖത്തർ ലോകകപ്പിന്‍റെ അടയാളങ്ങൾ. യാത്ര, സഞ്ചാരം എന്ന അർഥത്തിലാണ് ഔദ്യോഗിക പന്തിനെ 'അൽ രിഹ്ല' എന്ന് വിളിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷതയോടെയാണ് 'അൽ രിഹ്ല' അവതരിപ്പിച്ചത്. നന്നായി കളിക്കുന്നവൻ എന്ന അർഥത്തിലാണ് ഭാഗ്യമുദ്രയെ ലഈബ് എന്ന് വിളിച്ചത്.

സേവനസന്നദ്ധരായി 20,000 വളന്റിയർമാർ

ഫിഫക്കും പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റിക്കും ലോകകപ്പ് നടത്തിപ്പിലെ നട്ടെല്ലാണ് 20,000ത്തോളം വരുന്ന വളന്റിയർ സംഘം. കഴിഞ്ഞ മൂന്നുമാസമായി ദോഹയിലെ എക്സിബിഷൻ സെന്‍ററിൽ പുരോഗമിക്കുന്ന വളന്റിയർ തെരഞ്ഞെടുപ്പ് ശനിയാഴ്ചയോടെ അവസാനിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി മുക്കാൽ ലക്ഷത്തോളം ആളുകളാണ് ഇതുവരെ വളന്‍റിയർ അഭിമുഖത്തിൽ പങ്കെടുക്കുന്നത്. അവരിൽനിന്ന് പരിചയത്തിന്‍റെയും ശേഷിയുടെയും മിടുക്കിലാണ് തെരഞ്ഞെടുപ്പ്.

15,000 പേരെ ഖത്തറിൽനിന്നും 5000 പേരെ വിദേശത്തുനിന്നുമായി നിയോഗിക്കും. ഒക്ടോബറിൽതന്നെ ഒരു വിഭാഗം വളന്റിയർമാരുടെ സേവനം ആരംഭിക്കുമെന്നാണ് അറിയിപ്പ്. സ്റ്റേഡിയം പരിസരം, സ്റ്റേഡിയത്തിനകം, ഫാൻ സോൺ, വിമാനത്താവളം, പൊതു ഗതാഗത മേഖലകൾ, കളിക്കാരുടെ ബേസ് ക്യാമ്പും പരിശീലന സ്ഥലങ്ങളും തുടങ്ങി രാജ്യത്തിന്‍റെ ഒട്ടുമിക്ക മേഖലകളിലും വളന്റിയർമാരുണ്ടാവും. വളന്‍റിയർ തെരഞ്ഞെടുപ്പ് മുതൽ വളന്‍റിയർമാരായി വരെ വലിയൊരു ശതമാനം മലയാളികളുമുണ്ട്.

വേറിട്ട താമസങ്ങൾ

ഹോട്ടലും അപ്പാർട്മെന്‍റും വീടുകളും എന്നതിനപ്പുറം ലോകകപ്പിനായെത്തുന്ന കാണികളുടെ താമസ സൗകര്യങ്ങളിലുമുണ്ട് ഇത്തവണ വൈവിധ്യങ്ങൾ. 12 ലക്ഷത്തിലേറെ വരുന്ന കാണികൾ ഖത്തറിലെത്തുമെന്നാണ് കണക്കുകൾ. ഇവർക്കായി ഒരു ലക്ഷത്തോളം താമസ സൗകര്യങ്ങളാണ് സംഘാടകർ തയാറാക്കിയത്.

ഹോട്ടലുകൾക്കും അപ്പാർട്മെന്‍റിനും പുറമെ, ക്രൂസ് ഷിപ്പുകൾ, മരുഭൂമിയിലെ ബിദൂയിൻ തമ്പുകൾ, ഫാൻ വില്ലേജുകൾ, വില്ലേജ് കാരവനുകൾ എന്നിവയാണ് സന്ദർശകരെ ആകർഷിക്കുന്ന മറ്റു സജ്ജീകരണങ്ങൾ.

'ഠ' വട്ടത്തിൽ പരിശീലനവും താമസവും

ലോകകപ്പിനെത്തുന്ന ടീമുകളുടെ പരിശീലനവും താമസവുമെല്ലാം സ്റ്റേഡിയം പരിസരങ്ങളിലാണെന്നതാണ് ശ്രദ്ധേയം. 10 കി.മീറ്റർ പരിധിക്കുള്ളിലാണ് 24 ടീമുകളുടെ താമസവും പരിശീലനവും സജ്ജീകരിച്ചത്. താമസസ്ഥലത്തുനിന്നും നടന്നെത്താവുന്ന ദൂരത്തിൽ പരിശീലന മൈതാനങ്ങൾ.

മിനിറ്റുകൾകൊണ്ട് എത്താവുന്ന ദൂരെ മത്സര വേദികൾ. ലോകകപ്പിന് ദോഹയിൽ വന്നിറങ്ങിയാൽ പിന്നെ, വിമാനം കയറുന്നത് നാട്ടിലേക്കുള്ള മടക്കയാത്രക്ക് വേണ്ടി മാത്രം. ലോകകപ്പിന്‍റെ ചരിത്രത്തിൽ ഖത്തറിന് മാത്രമുള്ള സവിശേഷതകളാണിതെല്ലാം. ദോഹയിൽനിന്നും ഏറ്റവും അകലെയായി ബേസ് ക്യാമ്പുകൾ ഒരുക്കിയത് ബെൽജിയം, ജർമനി, സൗദി അറേബ്യ ടീമുകൾ മാത്രമാണ്.

Tags:    
News Summary - Only 100 days left for Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.