പനാജി: ബ്രസീലിനും അർജന്‍റീനക്കുമൊപ്പം സ്വന്തം രാജ്യം പന്തുതട്ടുന്ന ഇന്ത്യക്കാരന്‍റെ സ്വപ്ന മുഹൂർത്തം ഈ വർഷം സാക്ഷാത്കരിക്കുമോ?. ജൂണിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്‍റിൽ പന്തുതട്ടാനായി കോപ അധികൃതർ ഇന്ത്യയെ ബന്ധപ്പെട്ടെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ സ്ഥിരീകരിച്ചു.
കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവെച്ച കോപ അമേരിക്ക ടൂർണമെന്‍റിന് ജൂൺ 11മുതലാണ് കിക്കോഫ്. അർജന്‍റീനയും കൊളംബിയയുമാണ് ആതിഥേയർ. അതിഥി ടീമുകളായി കോപ അമേരിക്കയിൽ പങ്കെടുക്കാനിരുന്ന ആസ്ട്രേലിയയും ഖത്തറും പിൻമാറിയതോടെയാണ് ഇന്ത്യക്ക് സാധ്യത തെളിഞ്ഞത്.
''ഏഷ്യയിൽ നിന്നും ഖത്തറും ആസ്ട്രേലിയയുമാണ് കോപ അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. മറ്റു തിരക്കുകൾ കാരണം ആസ്ട്രേലിയ പിന്മാറുകയായിരുന്നു. അതോടെ അധികൃതർ ഇന്ത്യയെ ബന്ധപ്പെട്ടു. നമ്മൾ കളിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ട്'' -അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
അതേ സമയം ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ജൂണിലേക്ക് മാറ്റിയതിനാൽ ഇന്ത്യ ഇപ്പോഴും തങ്ങളുടെ പങ്കാളിത്തം കോപ അധികൃതർക്ക് ഉറപ്പ് നൽകിയിട്ടില്ല.
എന്നാൽ ഇന്ത്യൻ കോച്ച് ഇഗർ സ്റ്റിമാക് വിളിയിൽ സന്തോഷത്തിലാണ്. ലയണൽ മെസ്സി, നെയ്മർ, ലൂയിസ് സുവാരസ്, ജെയിംസ് റോഡ്രിഗസ് അടക്കമുള്ളവരോടൊപ്പം കളിക്കുന്നത് ആവേശകരമാകുമെന്നും വലിയ അനുഭവമാകുമെന്നും കോച്ച് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.