ഡെംബലെ ഗോളിൽ ആവേശപ്പോര് ജയിച്ച് ബാഴ്സ; ‘തരംതാഴ്ത്തൽ മേഖല’യിൽ ജീവൻകിട്ടി സെവിയ്യ

പഴയ കാല പ്രതാപത്തെ ഓർമിപ്പിച്ച് ലാ ലിഗ ഒന്നാം സ്ഥാനത്ത് അനിഷേധ്യരായി ബാഴ്സ കുതിപ്പു തുടരുന്നു. മഡ്രിഡ് ടീമായ അറ്റ്ലറ്റികോക്കെതിരെ ഉസ്മാൻ ഡെംബലെ നേടിയ ഏക ഗോളിലാണ് ടീം ജയം പിടിച്ചത്. ഇരു ടീമും മനോഹരമായി കളി നയിച്ച മത്സരത്തിൽ ഒരു പടി മുന്നിൽനിന്നായിരുന്നു ലാ ലിഗ തലപ്പത്ത് ബാഴ്സ മൂന്നു പോയിന്റ് ലീഡ് നേടിയത്. കറ്റാലൻ ഗോൾമുഖത്ത് തുറന്നുകിട്ടിയ ഒന്നിലേറെ സുവർണാവസരങ്ങൾ ഗ്രീസ്മാൻ കളഞ്ഞുകുളിച്ചത് അറ്റ്ലറ്റികോക്ക് തിരിച്ചടിയായി. മറുവശത്ത്, വിലക്കു മൂലം ലെവൻഡോവ്സ്കിയില്ലാതെ ഇറങ്ങിയിട്ടും അൻസു ഫാറ്റി, ഡെംബലെ എന്നിവർ ചേർന്ന് ബാഴ്സയെ വിജയതീരത്തെത്തിച്ചു. സീസണിൽ ഏഴാം ഗോളായിരുന്നു ഡെംബലെയുടെത്. അറ്റ്ലറ്റികോയുടെ മൊട്രോപോളിറ്റാനോ മൈതാനത്ത് ബാഴ്സക്ക് നീണ്ട ഇടവേളക്കു ശേഷം ആദ്യ ഗോളും.

16 കളികൾ പൂർത്തിയാകുമ്പോൾ 41 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. രണ്ടാമതുള്ള റയൽ മഡ്രിഡിഡിന് അത്രയും മത്സരങ്ങളിൽ 38 പോയിന്റും. ഏറെ പിറകിൽ 27 പോയിന്റുമായി അഞ്ചാമതാണ് അറ്റ്ലറ്റികോ മഡ്രിഡ്.

കഴിഞ്ഞ ദിവസം ഒറ്റ സ്പാനിഷ് താരവുമില്ലാതെ ആദ്യ ഇലവനെ ഇറക്കിയ റയൽ മഡ്രിഡ് 2-1ന് വിയ്യ റയലിനു മുന്നിൽ വീണിരുന്നു. ഒരു ജയമോ സമനിലയോ നേടിയാൽ താത്കാലികമാ​യെങ്കിലും ഒന്നാമതെത്താമെന്ന സാധ്യത ഇല്ലാതാക്കിയായിരുന്നു അപ്രതീക്ഷിത തോൽവി. ക്ലബ് ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒറ്റ സ്പാനിഷ് താരവുമില്ലാതെ ആദ്യ ഇലവൻ ഇറങ്ങിയത്.

ഞായറാഴ്ച മറ്റു മത്സരങ്ങളിൽ ഗെറ്റാ​ഫെക്കെതിരെ 2-1ന് ജയിച്ച് സെവിയ്യ തരംതാഴ്ത്തൽ ഭീഷണി തത്കാലം മറികടന്നു. റയോ വയ്യകാനോയെ വീഴ്ത്തിയ റയൽ ബെറ്റിസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. 

Tags:    
News Summary - Ousmane Dembele scores, Barcelona moved three points clear at the top of La Liga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.