മാർച്ച് അഞ്ചു മുതൽ ഇറാനിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ അംപ്യൂട്ടി ഫുട്ബാൾ ടൂർണമെന്റിൽ പേരാമ്പ്ര ആവള സ്വദേശി വൈശാഖ് ഇന്ത്യൻ ജഴ്സി അണിയുമ്പോൾ നാടും ബന്ധുക്കളും അഭിമാനം കൊള്ളുകയാണ്. കാരണം അവൻ അണിയുന്ന ജഴ്സി നിശ്ചയദാർഢ്യത്തിന്റേതു കൂടിയാണ്. എന്നും കാൽപന്ത് കളിയെ പ്രണയിച്ച വൈശാഖ്, അപകടത്തിൽ കാൽ നഷ്ടമായിട്ടും കളിയിൽനിന്ന് പിന്മാറിയില്ല.
വൈശാഖ് കളിച്ച് ലോകം കീഴടക്കുമ്പോൾ മകനെയോർത്ത് പിതാവ് ശശിധരൻ മാസ്റ്റർ അഭിമാനിക്കുകയാണ്. മകന്റെ നേട്ടത്തിന്റെ ചാലകശക്തിയായ ഈ പിതാവ് പക്ഷേ, മകനെ കളിപ്പിക്കാനുള്ള പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെങ്കിലും എല്ലാ ചെലവും കളിക്കാർ വഹിക്കണമെന്നാണ്. 1,59,500 രൂപയാണ് വൈശാഖിന് ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ പിതാവ് ഇന്ത്യൻ പാര അംപ്യൂട്ടി ഫുട്ബാൾ അസോസിയേഷനു നൽകിയത്. രാജ്യത്തിനുവേണ്ടി ധരിക്കുന്ന ജഴ്സിക്ക് പോലും പണം ഈടാക്കുന്നുണ്ട്.
സ്പോർട്സ് കിറ്റ്, 15 ദിവസത്തെ പരിശീലന ക്യാമ്പിന്റെ ചെലവ്, വിമാന ടിക്കറ്റ്, വിസ കൂടാതെ, പാര അംപ്യൂട്ടി ഫുട്ബാൾ അസോസിയേഷന് 15,000 രൂപ ഫീസും നൽകണം. കളിക്കാനുള്ള കഴിവുണ്ടായാൽ മാത്രം പോരാ കീശ നിറയെ കാശും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ടൂർണമെന്റുകളിൽ പങ്കെടുക്കാൻ പറ്റൂ എന്ന ദൈന്യാവസ്ഥയാണ് നിലവിലുള്ളത്. ശാരീരിക പരിമിതികളുള്ള കളിക്കാർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കേണ്ടതിന് പകരം അവരെ പിഴിയുന്ന സമീപനമാണ് സർക്കാറും അസോസിയേഷനും സ്വീകരിക്കുന്നത്. ക്രിക്കറ്റ് ഉൾപ്പെടെ കളികൾക്ക് കോടികൾ വാരിയെറിയുമ്പോളാണ് പാര അംപ്യൂട്ടി കളിക്കാരോടുള്ള വിവേചനം. ആവള കുട്ടോത്ത് തിരുമംഗലത്ത് പൊയിൽ വൈശാഖിന് 2007ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വാഹനാപകടത്തിൽ വലതു കാൽ നഷ്ടമായത്.
കഴിഞ്ഞ വർഷം കെനിയയിൽ നടന്ന ആഫ്രിക്കൻ കോൺഫെഡറേഷൻ അംപ്യൂട്ടി ഫുട്ബാൾ ടൂർണമെന്റിൽ വൈശാഖ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം വിജയിച്ചതോടെയാണ് വെസ്റ്റ് ഏഷ്യൻ അംപ്യൂട്ടി ഫുട്ബാൾ ടൂർണമെന്റിൽ യോഗ്യത നേടിയത്. ഇതിൽ വിജയിച്ചാൽ ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോകകപ്പിൽ മത്സരിക്കാം. സർക്കാർ സഹായിക്കുകയോ സ്പോൺസർഷിപ് ലഭിക്കുകയോ ചെയ്തില്ലെങ്കിൽ മകന്റെ കായിക ഭാവിയിൽ കരിനിഴൽ വീഴുമോ എന്ന ആശങ്ക പിതാവിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.