ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച മാനേജറായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള തെരഞ്ഞെടുക്കപ്പെട്ടു. ആഴ്സണലിന്റെ മൈക്കൽ ആർട്ടേറ്റ, ആസ്റ്റൻ വില്ലയുടെ ഉനായ് എമരി, ബേൺമൗത്തിന്റെ ആൻഡോണി ഇറയോള, ലിവർപൂളിന്റെ യുർഗൻ ക്ലോപ്പ് എന്നിവരെ പിന്തള്ളിയാണ് നേട്ടം. തുടർച്ചയായ നാലാം തവണയും സിറ്റിയെ കിരീടത്തിലേക്ക് നയിച്ച സ്പെയിൻകാരൻ 2016ൽ ക്ലബിലെത്തിയ ശേഷം അഞ്ചാം തവണയാണ് മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്നത്. ആറ് ലീഗ് കിരീടങ്ങൾ നേടിയ ഗാർഡിയോള ഏറ്റവും കൂടുതൽ വിജയിയായ പരിശീലകരിൽ രണ്ടാമതാണ്.
2016ൽ സിറ്റിയിലെത്തിയ പെപ് കഴിഞ്ഞ ഏഴ് സീസണിൽ ആറിലും ടീമിനെ ചാമ്പ്യന്മാരാക്കി. 2023ൽ ഗാർഡിയോളക്ക് കീഴിൽ സിറ്റി ബിഗ് ഫൈവും സ്വന്തമാക്കി. പ്രീമിയർ ലീഗിനൊപ്പം എഫ്.എ കപ്പും സൂപ്പർ കപ്പും ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് തേടിയെത്തിയത്. പരിശീലിപ്പിച്ച ടീമുകളുടെ പ്രകടനങ്ങളുടെയും ട്രോഫികളുടെയും കണക്കെടുത്താൽ ഇതിഹാസമായ സർ അലക്സ് ഫെർഗൂസനാണ് ലോക ഫുട്ബാൾ കണ്ട ഏറ്റവും മികച്ച ആശാൻ. 34 വർഷത്തെ കരിയറിൽ ഫെർഗൂസന്റെ ഷെൽഫിലുള്ളത് 48 പ്രമുഖ കിരീടങ്ങളാണ്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ മാത്രം 27 വർഷം ചെലവഴിച്ച ഫെർഗൂസൻ അവിടെ 37 കിരീടങ്ങൾ നേടി.
എന്നാൽ, 15 സീസണേ പിന്നിട്ടിട്ടുള്ളൂ പെപ്. ഇതിൽ കിരീടനേട്ടം 38ലെത്തി. എഫ്.എ കപ്പ് ഫൈനലിൽ യുനൈറ്റഡുമായി ഏറ്റുമുട്ടാനിരിക്കെ സിറ്റി ജയിച്ചാൽ എണ്ണം 39 ആകും. ബാഴ്സലോണയിൽ 14, ബയേൺ മ്യൂണിക്കിൽ 7, സിറ്റിയിൽ 17 എന്നിങ്ങനെയാണ് ഗ്വാർഡിയോളയുടെ കണക്ക്. ഫെർഗൂസന്റെത് സീസണിൽ ശരാശരി 1.4 ആണെങ്കിൽ പെപ്പിന് 2.6 ഉണ്ട്. ഈ രീതിയിൽ മുന്നോട്ടുപോയാൽ 2028ഓടെ ഫെർഗൂസനെ പിറകിലാക്കും ഗ്വാർഡിയോള. അടുത്ത വർഷം സിറ്റി വിട്ടേക്കുമെന്ന സൂചനയും പ്രീമിയർ ലീഗ് കിരീടനേട്ടത്തിന് പിന്നാലെ പെപ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.