ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2023-24 സീസൺ തകർപ്പൻ ജയത്തോടെ തുടങ്ങി ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഏകപക്ഷീയമായ മൂന്നുഗോളുകൾക്ക് ബേൺലിയെയാണ് സിറ്റി തകർത്തത്. നോർവീജിയൻ ഗോൾ മെഷീൻ എർലിങ് ഹാലൻഡ് ഇരട്ട ഗോളുമായി പുതിയ സീസണിലും വരവറിയിച്ചു.
റോഡ്രിഗോയാണ് ടീമിന്റെ മൂന്നാം ഗോൾ നേടിയത്. കഴിഞ്ഞസീസണിലെ ഗോൾവേട്ടക്കാരനിൽ ഒന്നാമനായിരുന്ന ഹാലൻഡ് ഇക്കുറിയും തകർപ്പൻ ഫോമിലാണെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്‍റെ ഇരട്ടഗോൾ പ്രകടനം. ബേൺലിയുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽത്തന്നെ ഹാലൻഡ് സിറ്റിയെ മുന്നിലെത്തിച്ചു. 36ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ രണ്ടാം ഗോൾ.
റോഡ്രിഗോ 75ാം മിനിറ്റിൽ ടീമിന്‍റെ മൂന്നാം ഗോൾ നേടി. അതേസമയം, മത്സരത്തിൽ ആദ്യ പകുതിക്കു പിരിയുമ്പോൾ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ഹാലൻഡിനടുത്തേക്ക് വന്ന് താരത്തെ രൂക്ഷമായി വഴക്കു പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആദ്യ പകുതിയിൽ രണ്ടു തവണ വലകുലുക്കിയിട്ടും താരത്തിന്‍റെ പ്രകടനം പരിശീലകനെ അലോസരപ്പെടുത്തിയെന്നാണ് വിഡിയോയിൽ കാണുന്നത്.
രൂക്ഷ ഭാഷയിൽ ഗ്വാർഡിയോള സംസാരിക്കുമ്പോഴും ഹാലൻഡ് മറുപടിയൊന്നും പറയുന്നില്ല. ഇതിനിടെ ഈ ദൃശ്യം പകർത്താൻ ശ്രമിച്ച കാമറ ഗ്വാർഡിയോള തട്ടിമാറ്റുന്നതും കാണാനാകും. പന്ത് കൃത്യമായി സ്വീകരിക്കുന്നതിൽ താരം വീഴ്ച വരുത്തിയതാണ് ഗ്വാർഡിയോളയെ ചൊടിപ്പിച്ചത്. അതേസമയം, പ്രീമിയർ ലീഗിലെ പുതിയ സീസണിൽ തന്നെ ഹാലൻഡ് റെക്കോഡ് വേട്ടക്കും തുടക്കമിട്ടു. രണ്ട് പ്രീമിയർ ലീഗ് സീസണുകളിൽ ഒരു ടീമിന്റെ ആദ്യ കളിയിൽ ഇരട്ട ഗോളുകൾ നേടുന്ന താരമെന്ന അപൂർവ നേട്ടമാണ് താരം സ്വന്തമാക്കിയത്.
2022-23 സീസണിലും സിറ്റിയുടെ ആദ്യ കളിയിൽ ഹാലൻഡ് ഡബ്ൾ നേടിയിരുന്നു. ചെൽസിയുടെ ഇതിഹാസ താരമായിരുന്ന ദിദിയർ ദ്രോഗ്ബയാണ് ഈ റെക്കോഡ് സ്വന്തമാക്കിയ ആദ്യ താരം. 2009-10, 2010-11 സീസണുകളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.