ജർമനി, മൊറോക്കോ ടീമുകൾക്കെതിരെ സൗഹൃദ മത്സരം കളിക്കാൻ സ്പെയിനിലേക്ക് വിമാനം കയറിയ പെറു താരങ്ങൾക്ക് പൊലീസ് വക നേരിടേണ്ടിവന്നത് ഉന്തും തള്ളും. മഡ്രിഡിലെ ഹോട്ടലിൽ എത്തിയ ടീമിനെതിരെയായിരുന്നു പൊലീസ് കൈയാങ്കളി. പരിശീലനം പൂർത്തിയാക്കി ഹോട്ടലിലേക്ക് മടങ്ങിയ താരങ്ങളെ കാണാൻ ആരാധകർ തടിച്ചുകൂടിയതിനു പിന്നാലെയാണ് പൊലീസ് എത്തി രംഗം ഏറ്റെടുത്തത്.
ബഹളംവെച്ചും പാട്ടുപാടിയും ആരാധകർ കൂട്ടംകൂടിയതോടെ അവരെ തടയാൻ എത്തിയ പൊലീസ് താരങ്ങൾക്കു നേരെയും തിരിഞ്ഞെന്നാണ് പരാതി. മിനിറ്റുകൾ നീണ്ടുനിന്ന കൈയാങ്കളിക്കിടെ പെറു താരത്തെ പൊലീസ് വലിച്ചിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലുണ്ട്. ഒരു താരത്തെ തള്ളിമാറ്റിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. പൊലീസ് നീക്കത്തിൽ പ്രതിഷേധിച്ച താരത്തിന് പിന്തുണയുമായി സഹതാരങ്ങൾ കൂടി അണിനിരന്നതോടെ കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് താരങ്ങൾക്ക് ആവശ്യമായ സഹായം നൽകിവരുന്നതായി സ്പെയിനിലെ പെറു എംബസി അറിയിച്ചു.
ഹോട്ടലിലെത്തിയ ആരാധകർക്ക് നന്ദി പറയാൻ പുറത്തിറങ്ങിയ താരങ്ങൾക്കു നേരെയാണ് പൊലിസ് ഇടപെടലുണ്ടായതെന്ന് പെറുവിലെ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. യൂറോപ്യൻ ടീമുകളോട് കാണിക്കാത്ത കടുത്ത പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നുയർന്നതെന്ന വിമർശനവുമായി ആരാധകരും സമൂഹ മാധ്യമങ്ങളിലെത്തിയിട്ടുണ്ട്.
രണ്ടു സൗഹൃദ മത്സരങ്ങൾക്കായാണ് പെറു സ്പെയിനിലുള്ളത്. ജർമനിക്കെതിരായ കളി 2-0ന് തോറ്റ ടീമിന് മൊറോക്കോയുമായി ചൊവ്വാഴ്ചയാണ് അടുത്ത മത്സരം.
അതിനിടെ, പെറുവിനെതിരെ കളിക്കാൻ രാജ്യത്തുള്ള മൊറോക്കോ ടീമിനെതിരെ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ ഒരാളെ സ്പെയിൻ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.