ടൂറിൻ: ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയും അർജന്റീന വിംഗർ എയ്ഞ്ചൽ ഡിമരിയയും ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിൽ. ഫ്രീ ട്രാൻസ്ഫറിലാണ് ഇരുവരും ടൂറിനിലെത്തുന്നത്. പോഗ്ബ മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള കരാർ അവസാനിച്ചാണ് വരുന്നതെങ്കിൽ പാരിസ് സെന്റ് ജർമനുമായുള്ള കരാർ തീർന്നപ്പോഴാണ് ഡിമരിയയുടെ വരവ്.
നാലു വർഷത്തെ കരാറിലാണ് യുവന്റസും പോഗ്ബയും ഒപ്പുവെച്ചിരിക്കുന്നത്. 29കാരനായ പോഗ്ബക്കിത് യുവെയിലേക്ക് രണ്ടാം വരവാണ്. രണ്ടു തവണയും മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്നാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 10 വർഷം മുമ്പ് 19ാം വയസ്സിൽ 10 ലക്ഷം ഡോളറിനാണ് (ഏകദേശം ആറര കോടി രൂപ) പോഗ്ബയെ യുനൈറ്റഡിൽനിന്ന് യുവെ റാഞ്ചിയത്.
യുവന്റസ് ജഴ്സിയിൽ മിന്നിത്തിളങ്ങിയ പോഗ്ബയെ 2016ൽ റെക്കോഡ് ട്രാൻസ്ഫർ തുകയായ 10.6 കോടി ഡോളറിന് (ഏകദേശം 845 കോടി രൂപ) യുനൈറ്റഡ് ടീമിൽ തിരിച്ചെത്തിക്കുകയായിരുന്നു. ആറു സീസൺ യുനൈറ്റഡിനായി വീണ്ടും പന്തുതട്ടിയ പോഗ്ബക്ക് പക്ഷേ പ്രതീക്ഷിച്ചത്ര തിളങ്ങാനായില്ല. പരിക്കും ഫോമില്ലായ്മയും അലട്ടിയ സീസണുകളിൽ ഇടക്കിടക്കുള്ള മിന്നലാട്ടം മാത്രമേ പോഗ്ബയിൽനിന്നുണ്ടായുള്ളൂ. ഇതോടെ യുനൈറ്റഡിൽ അനഭിമതനായ പോഗ്ബ കരാർ പുതുക്കാതെ ടീം വിടാൻ തീരുമാനിക്കുകയായിരുന്നു.
34കാരനായ ഡിമരിയ യുവന്റസുമായി ഒരു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. പി.എസ്.ജിക്കായി ഏഴു സീസണുകളിൽ പന്തുതട്ടിയ ഡിമരിയയുടെ ക്രെഡിറ്റിൽ 295 മത്സരങ്ങളിൽ 92 ഗോളുകളും 112 അസിസ്റ്റുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.