ലണ്ടൻ: ലിവർപൂളും റയൽ മഡ്രിഡും തമ്മിൽ പാരിസിലെ സ്റ്റേഡി ഡി ഫ്രാൻസിൽ ശനിയാഴ്ച രാത്രി ചാമ്പ്യൻസ് ലീഗ് കലാശപ്പോര് തുടങ്ങുംമുമ്പ് പുറത്ത് ആരാധകർക്കു നേരെയുണ്ടായ കൈയേറ്റവും പൊലീസ് മുറയും സംബന്ധിച്ച് പുകയടങ്ങുന്നില്ല. കടുത്ത എതിർപ്പുമായി രംഗത്തെത്തിയ ലിവർപൂൾ ഫ്രാൻസ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. സംഘാടകർക്കെതിരെ നിയമനടപടിയും ആലോചിച്ചുവരുകയാണെന്ന് ടീം വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12.30ന് ആരംഭിക്കേണ്ട മത്സരത്തിന് 36 മിനിറ്റ് വൈകിയാണ് ആദ്യ വിസിൽ മുഴങ്ങുന്നത്. ലിവർപൂൾ ആരാധകർക്ക് മൈതാനത്തേക്ക് പ്രവേശനം വൈകിയതാണ് കളി വൈകിപ്പിച്ചത്. ടിക്കറ്റുമായി പുറത്തുകാത്തുനിന്നവർക്കു നേരെ പൊലീസ് അനാവശ്യ ബലപ്രയോഗം നടത്തുകയും പ്രവേശനം മുടക്കുകയും ചെയ്തെന്നാണ് പരാതി. എന്നാൽ, വ്യവസായികാടിസ്ഥാനത്തിൽ ലിവർപൂൾ വിറ്റഴിച്ച 30,000-40,000 വ്യാജ ടിക്കറ്റുകളുമായി എത്തിയവരെ കൈകാര്യം ചെയ്യേണ്ടിവന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിനിന്റെ വിശദീകരണം.
റയൽ ആരാധകരെ തടസ്സങ്ങളില്ലാതെ സ്റ്റേഡിയത്തിൽ കയറ്റിയ ഫ്രഞ്ച് പൊലീസ് ലിവർപൂൾ ആരാധകർക്കുമാത്രം വഴിമുടക്കിയെന്നാണ് വിമർശനം. കളി കാണാനെത്തിയവരെ തെമ്മാടിക്കൂട്ടങ്ങളെപ്പോലെ കാണുകയും ഒടുവിൽ വ്യാജ ടിക്കറ്റെന്ന് കുറ്റപ്പെടുത്തുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് ലിവർപൂൾ പറയുന്നു. ഔദ്യോഗിക പദവിയിലിരുന്ന് നിരുത്തരവാദപരമായി സംസാരിച്ചതിന് മാപ്പ് പറയണമെന്ന് ടീം ചെയർമാൻ ടോം വെർണർ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഫ്രഞ്ച് പൊലീസ് നിഴലിലായതോടെ യുവേഫ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലിവർപൂൾ താരങ്ങളുടെ ബന്ധുക്കളും മുൻതാരങ്ങളുമുൾപ്പെടെ പൊലീസ് നടപടിക്കിരയായിരുന്നു. കണ്ണീർവാതകം പ്രയോഗിക്കുന്നതിന്റെയും കൈയാങ്കളിയുടെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫ്രഞ്ച് പൊലീസിനെതിരെ വിമർശനം ശക്തമാണ്. റഷ്യൻ നഗരത്തിൽ നടക്കേണ്ട കളിയാണ് യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പാരിസിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.