കോഴിക്കോട്: മിഡ്ഫീൽഡ് ജനറൽ എന്ന് അർഥപൂർണമായി വിളിക്കാവുന്ന ഫുട്ബാളറായിരുന്നു മുംബൈയിൽ വ്യാഴാഴ്ച അന്തരിച്ച കോഴിക്കോട്ടുകാരൻ എം. പ്രസന്നൻ. തലയിലൊരു കെട്ടുംകെട്ടി ഹിപ്പി മുടിയും നീണ്ട താടിയുമായി കളംനിറഞ്ഞ സുന്ദരെൻറ ഓരോ നീക്കങ്ങളും അഴകാർന്നതായിരുന്നു. പന്തടക്കവും വേഗവും പ്രസന്നനെ വേറിട്ട താരമാക്കി. എന്നാൽ, അഖിലേന്ത്യ ഫെഡറേഷനിലെ താപ്പാനകൾ പലപ്പോഴും ഈ മിടുക്കനെ തഴഞ്ഞു. ദേശീയ ടീമിൽ അധികകാലം കളിക്കാനായില്ലെങ്കിലും ആഭ്യന്തര ടൂർണമെൻറുകളിൽ പ്രസന്നൻ നിറഞ്ഞുനിന്നിരുന്നു.
1973ലെ മെർദേക്ക കപ്പിനുള്ള ഇന്ത്യൻ ടീമിൽ സാക്ഷാൽ ഇന്ദർ സിങ് ക്യാപ്റ്റനും ഡി. നടരാജ് വൈസ് ക്യാപ്റ്റനുമായുള്ള ടീമിലാണ് പ്രസന്നൻ കളിച്ചത്. കോഴിക്കോട്ടുകാർ തന്നെയായ ഇ.എൻ. സുധീറും കെ.പി. സേതുമാധവനും അന്ന് ടീമിലുണ്ടായിരുന്നു. പഴയ പടക്കുതിര ചാത്തുണ്ണിയും. രാജ്യത്തിനായി കളിച്ച പ്രസന്നൻ പന്ത് തട്ടിത്തുടങ്ങിയത് സെൻറ് ജോസഫ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ്. കോഴിക്കോട് ബീച്ചാശുപത്രിക്കടുത്ത് മൂന്നാലിങ്കലായിരുന്നു തറവാട്.
1963ൽ ജില്ല സ്കൂൾ ടീമിെൻറ ക്യാപ്റ്റനായി. എക്സലൻറ് സ്പോർട്സ് ക്ലബ്, യങ് ജംസ്, യങ് ചലഞ്ചേഴ്സ് തുടങ്ങിയ അന്നത്തെ കോഴിക്കോടൻ ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പ്രസന്നൻ. പിന്നീട് കേരള ജൂനിയർ ടീമിലും സീനിയർ ടീമിലും കളിച്ചു. പ്രസന്നെൻറ കളിമികവ് കണ്ട ഗോവൻ ക്ലബ് ഡെംപോ 1970ൽ ഈ താരത്തെ റാഞ്ചി. പ്രധാന ടൂർണമെൻറുകളിൽ ഡെംപോ നിരയിൽ തിളങ്ങിയതോടെ ദേശീയ ടീമിലേക്ക് ക്ഷണമെത്തി. കൊൽക്കത്തയിൽ വമ്പൻ ക്ലബുകൾ പിന്നാലെ നടന്നെങ്കിലും പ്രസന്നൻ പിന്നീട് ചേക്കേറിയത് അന്നത്തെ ബോംബെയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ടീമിലായിരുന്നു. നാഗ്ജി, റോവേഴ്സ് കപ്പ്, ചാക്കോള, ശ്രീനാരായണ, ഗോൾഡ് കപ്പ് തുടങ്ങിയ ദേശീയ ടൂർണമെൻറുകളിൽ ബാങ്ക് ടീമിനെ നയിച്ചു. ഇതിനിടയിൽ ഗോവക്കും മഹാരാഷ്ട്രക്കും വേണ്ടി സന്തോഷ് ട്രോഫി കളിച്ചു.
ജോലിതേടി മുംബൈയിലെത്തുന്ന മലയാളിതാരങ്ങൾക്ക് പ്രസന്നൻ എന്നും വഴികാട്ടിയായിരുന്നു. നിരവധിപേർക്ക് ജോലി വാങ്ങിക്കൊടുത്തു. ബാംഗ്ലൂർ എൻ.ഐ.എസിൽനിന്ന് പരിശീലനത്തിൽ ഡിപ്ലോമ നേടിയ ശേഷം മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിെൻറ കോച്ചായും പ്രസന്നനുണ്ടായിരുന്നു. ആ വർഷം മഹാരാഷ്ട്ര റണ്ണേഴ്സപ്പായി. ജന്മനാടിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ചോദിച്ച് വാങ്ങി. ചെറൂട്ടി റോഡിലെ സെൻട്രൽ ബാങ്ക് ശാഖയിൽ അസി. മാനേജറായിരിക്കെ സ്വയം വിരമിച്ച് ന്യൂ മുംെബെയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. കളിക്കളത്തിനകത്ത് എതിരാളികളെ വിറപ്പിക്കുന്ന പ്രസന്നൻ എക്കാലത്തും ഹൃദ്യമായ പെരുമാറ്റമായിരുന്നെന്ന് മുൻ ഇൻറർനാഷനൽ താരം പ്രേംനാഥ് ഫിലിപ് ഓർമിക്കുന്നു. മിഡ്ഫീൽഡിൽ അക്ഷരാർഥത്തിൽ നിറഞ്ഞുകളിക്കാൻ പ്രസന്നന് കഴിഞ്ഞെന്ന് അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.