ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തലപ്പത്തുള്ള ആഴ്സണലിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് ബേൺമൗത്തിനെ പരാജയപ്പെടുത്തി. ജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ നാലു പോയന്‍റിന്‍റെ ലീഡായി ഗണ്ണേഴ്സിന്.
ബുക്കായോ സാക്ക, ലിയാൻഡ്രോ ട്രൊസാഡ്, ഡെക്ലാൻ റൈസ് എന്നിവരാണ് ആഴ്സണലിനായി ഗോൾ നേടിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ആഴ്സണലിന്‍റെ ആധിപത്യമായിരുന്നു. 45ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ടീം ലീഡെടുത്തു. ബേൺമൗത്ത് ഗോൾകീപ്പർ മാർക് ട്രാവേഴ്സ് ബോക്സിനുള്ളിൽ കായ് ഹവാർട്സിനെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത സാക്ക അനായാസം പന്ത് വലയിലാക്കി. രണ്ടാം പകുതിയിൽ സന്ദർശകർ വെല്ലുവിളി ഉയർത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. 70ാം മിനിറ്റിൽ റൈസിന്‍റെ അസിസ്റ്റിലൂടെ ട്രൊസാഡ് ലീഡ് ഉയർത്തി.
ഇൻജുറി ടൈമിൽ (90+7) റൈസ് മൂന്നാം ഗോൾ നേടി. ഗബ്രിയേൽ ജീസസാണ് ഗോളിന് വഴിയൊരുക്കിയത്. അന്‍റോയിൻ സെമെനിയോ ബേൺമൗത്തിനായി ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. ഗണ്ണേഴ്സ് ഗോൾകീപ്പർ ഡേവിഡ് റയയെ സോലങ്കെ ഫൗൾ ചെയ്തതാണ് തിരിച്ചടിയായത്. ഗബ്രിയേലിന്‍റെ ഒരു വോളി ഗോളും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി റഫറി നിഷേധിച്ചു.
നിലവിൽ 36 മത്സരങ്ങളിൽനിന്ന് 83 പോയന്‍റാണ് ആഴ്സണലിന്. രണ്ടു മത്സരങ്ങൾ കുറവ് കളിച്ച സിറ്റിക്ക് 79 പോയന്‍റും. ആഴ്സണലിന് രണ്ടും സിറ്റിക്ക് നാലും മത്സരങ്ങളാണ് സീസണിൽ ബാക്കിയുള്ളത്. ഇതോടെ കിരീട പോര് ആന്‍റി ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.