യുനൈറ്റഡിന്‍റെ നെഞ്ചുലച്ച് ബ്രൈറ്റൺ; 95ാം മിനിറ്റിലെ ഗോളിൽ തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇൻജുറി ഷോക്ക്! 95ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ബ്രൈറ്റൺ 2-1 എന്ന സ്കോറിനാണ് യുനൈറ്റഡിനെ വീഴ്ത്തിയത്.

സീസൺ ജയത്തോടെ തുടങ്ങിയ എറിക് ടെൻ ഹാഗും സംഘവും രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയത് തിരിച്ചടിയായി. മത്സരം സമനിലയിൽ പിരിയുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് യുനൈറ്റഡിന്‍റെ നെഞ്ചുലഞ്ച് ബ്രൈറ്റൺ വിജയഗോൾ നേടുന്നത്. 95ാം മിനിറ്റിൽ ജാവോ പെഡ്രോ ആണ് ബ്രൈറ്റണായി വിജയ ഗോൾ നേടിയത്.

ഡാനി വെൽബക്കിലൂടെ 32ാം മിനിറ്റിൽ ബ്രൈറ്റണാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ജപ്പാൻതാരം കൗരു മിറ്റോമയാണ് ഗോളിന് വഴിയൊരുക്കിയത്. വെൽബക്കിന്റെ ക്ലബ് കരിയറിലെ നൂറാം ഗോളാണിത്. മുൻ ക്ലബിനെതിരെ താരം പ്രീമിയർ ലീഗിൽ നേടുന്ന അഞ്ചാമത്തെ ഗോളുമാണിത്. രണ്ടാം പകുതിയിൽ സിർക്സിയെ കളത്തിലിറക്കി യുനൈറ്റഡ് ആക്രമണം ശക്തമാക്കി. 58ാം മിനിറ്റിൽ വെൽബക്കിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടു മിനിറ്റിനുള്ളിൽ യുനൈറ്റഡ് അമദ് ദിയാലോയിലൂടെ സമനില പിടിച്ചു.

വലതുവിങ്ങിൽ മസ്റോയിയുടെ പാസ് സ്വീകരിച്ച് ഒറ്റക്ക് മുന്നേറിയ അമദ് ഇടങ്കാൽ ഷോട്ടിലൂടെ പന്ത് വലയിലാക്കി. 71ാം മിനിറ്റിൽ യുനൈറ്റഡ് പകരക്കാരൻ അലജാന്ദ്രോ ഗർണാച്ചോയിലൂടെ വലകുലുക്കിയെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി.

നീണ്ട വാർ പരിശോധനക്കുശേഷമാണ് റഫറി ഗോൾ നിഷേധിച്ചത്. സിർക്സീ ഓഫ്സൈഡ് ആയതാണ് യുനൈറ്റഡിന് തിരിച്ചടിയായത്. മത്സരം സമനിലയിൽ പിരിയുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് 95ാം മിനിറ്റിൽ യുനൈറ്റഡിന്‍റെ നെഞ്ചു തകർത്ത് ജാവോ പെഡ്രോ ഹെഡറിലൂടെ ബ്രൈറ്റണിന്‍റെ വിജയ ഗോൾ നേടുന്നത്. അഡിംഗ്രയാണ് ഗോളിന് വഴിയൊരുക്കിയത്.

ജയത്തോടെ ബ്രൈറ്റൺ രണ്ടു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി ഒന്നാമതാണ്. രണ്ടു മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള യുനൈറ്റഡ് എട്ടാമതും.

Tags:    
News Summary - Premier League: Brighton 2-1 Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.