ലണ്ടൻ: കെവിൻ ഡി ബ്രുയിൻ എന്ന ഒറ്റയാന്റെ ചുമലിലേറി കിരീട പ്രതീക്ഷകളിലേക്ക് വീണ്ടും വിജയരഥമേറി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലാണ് തുടക്കം പിറകിൽ നിന്നശേഷം രണ്ടിനെതിരെ നാലു ഗോൾ ജയവുമായി എതിരാളികളുടെ തട്ടകത്തിൽ സിറ്റി കളി ആഘോഷമാക്കിയത്. ഇതോടെ, ഒന്നാമതുള്ള ലിവർപൂളുമായി പോയന്റ് നിലയിൽ ഒപ്പമെത്തിയെങ്കിലും ഗോൾ ശരാശരിയിൽ ചെമ്പടയാണ് ഒന്നാം സ്ഥാനത്ത്. ടീം ഒരു കളി കുറച്ചു കളിച്ചെന്ന ആനുകൂല്യവുമുണ്ട്.
സ്വന്തം തട്ടകത്തിൽ കളി തുടങ്ങി മൂന്നാം മിനിറ്റിൽ ആദം വാർട്ടണിന്റെ പാസ് വലയിലെത്തിച്ച് പാലസുകാരെ മാറ്റേറ്റ മുന്നിലെത്തിച്ചു. എന്നാൽ, വരാനുള്ളതിന്റെ സൂചന നൽകി 10 മിനിറ്റിനകം സിറ്റിക്കായി ഡി ബ്രുയിൻ തിരിച്ചടിച്ചു. ഒരിക്കൽ പാലസ് താരം ജോർഡൻ അയൂ ക്രോസ്ബാറിൽ അടിച്ചിട്ടതൊഴിച്ചാൽ ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ കണ്ടില്ല. എന്നാൽ, ഇടവേളക്കുശേഷമായിരുന്നു ശരിക്കും ഗോളുത്സവം. 47ാം മിനിറ്റിൽ ലൂയിസ് സിറ്റിയെ മുന്നിലെത്തിച്ചു. വൈകാതെ ഡി ബ്രുയിൻ പാസിൽ ഹാലൻഡ് സിറ്റി സ്കോർ കാൽ ഡസനിലെത്തിച്ചു. അവിടെയും നിർത്താതെ കുതിച്ച പെപ്പിന്റെ കുട്ടികൾക്കായി ഡി ബ്രുയിൻ 70ാം മിനിറ്റിൽ പട്ടിക തികച്ചു. തിരിച്ചുവരവ് എളുപ്പമല്ലെന്ന ഘട്ടത്തിൽ എഡോർഡ് പാലസിനായി ഒരുവട്ടം ആശ്വാസഗോൾ കണ്ടെത്തിയെങ്കിലും കളി ഇതിനകം തീരുമാനമായി കഴിഞ്ഞിരുന്നു.
ലിവർപൂളിന് ഇന്ന് നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡാണ് എതിരാളികൾ. രണ്ട് പോയന്റ് പിറകിലുള്ള ആഴ്സനൽ ബ്രെന്റ്ഫോർഡിനെതിരെയും ഇറങ്ങും. ജയം ആഴ്സനലിനെയും ലിവർപൂളിനെയും മുന്നിലെത്തിക്കും. ലിവർപൂൾ ജയിച്ചാൽ ഒന്നാം സ്ഥാനത്ത് പോയന്റ് അകലം നിലവിലെതുപോലെ തുടരുമെങ്കിൽ ടീം തോൽക്കുകയും ഗണ്ണേഴ്സ് ജയിക്കുകയും ചെയ്താൽ ആഴ്സനലാകും ഒന്നാമത്.
പരിശീലകൻ ക്ലോപ് പടിയിറങ്ങുന്ന ലിവർപൂളിന് ഇനിയുള്ള എട്ടു കളികളും ജയിച്ച് 24 പോയന്റുമായി കിരീടം മാറോടു ചേർക്കലാണ് പ്രധാനലക്ഷ്യമെന്നതിനാൽ മത്സരം കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.