ഫുൾഹാമിനെ വീഴ്ത്തി ലിവർപൂൾ; സിറ്റിയെ മറികടന്ന് രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം. ഫുൾഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ചെമ്പട തോൽപിച്ചത്. ജയത്തോടെ പോയന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലിവർപൂൾ രണ്ടാമതെത്തി. ഒന്നാമതുള്ള ആഴ്സണലിനും ലിവർപൂളിനും 74 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ഗണ്ണേഴ്സ് ഒന്നാമത് തുടരുന്നത്.

73 പോയന്‍റുമായി മൂന്നാതുള്ള സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്. 32ാം മിനിറ്റിൽ അലക്‌സാണ്ടർ അർണോൾഡിലൂടെ ലിവർപൂളാണ് ആദ്യം ലീഡെടുത്തത്. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ (45+1) കസ്റ്റാഗ്നെയുടെ ഗോളിലൂടെ ഫുൾഹാം ഒപ്പമെത്തി. 53ാം മിനിറ്റിൽ ഗ്രയാൻ ഗ്രവൻബെർചും 72ാം മിനിറ്റിൽ ഡീഗോ ജോട്ടയും ലിവർപൂളിനായി വലകുലുക്കി.

കഴിഞ്ഞദിവസം യൂറോപ്പ ലീഗിൽ അറ്റ്ലാന്‍റയോട് തോറ്റ് ലിവർപൂൾ പുറത്തായിരുന്നു. ടൈറ്റിൽ റേസിൽ ഒന്നാമതുണ്ടായിരുന്ന യൂർഗൻ ക്ലോപ്പിനും സംഘത്തിനും ആൻഫീൽഡിൽ ക്രിസ്റ്റൽ പാലസിനോട് തോൽവി വഴങ്ങിയതാണ് തിരിച്ചടിയായത്. സീസണോടെ ക്ലബ് വിടുന്ന ക്ലോപ്പിന്‍റെ കിരീട നേട്ടത്തോടെ പടിയിറങ്ങാമെന്ന മോഹങ്ങൾ കൂടിയാണ് അനിശ്ചിതത്വത്തിലായത്. ലീഗിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും മികച്ച മാർജിനിൽ ജയിച്ചാൽ മാത്രം പോരാ, സിറ്റി, ആഴ്ശണൽ മത്സരത്തെ കൂടി ആശ്രയിച്ചിരിക്കും ലിവർപൂളിന്‍റെ കിരീട പ്രതീക്ഷ. 

Tags:    
News Summary - Premier League: Fulham 1-3 Liverpool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.