ലണ്ടൻ: കരുത്തർ ബൂട്ടുകെട്ടിയ ദിനത്തിൽ ജയം പിടിച്ച് ലിവർപൂളും ചെൽസിയും. കഴിഞ്ഞ ദിവസം മികച്ച ജയത്തോടെ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ച ഗണ്ണേഴ്സുമായി പോയന്റ് അകലം കുറച്ചാണ് ചെമ്പട അവസാന നിമിഷങ്ങളിൽ ഫുൾഹാം വലയിൽ അടിച്ചുകയറ്റിയ തുടർച്ചയായ ഗോളുകളുമായി ജയവും വിലപ്പെട്ട മൂന്നു പോയന്റും സ്വന്തം പേരിൽ ചേർത്തത്.
ഫുൾഹാം താരം ബേൺഡ് ലെനോ കുറിച്ച സെൽഫ് ഗോളിലാണ് ലിവർപൂൾ ആദ്യം ലീഡ് പിടിച്ചത്. നാലു മിനിറ്റിനിടെ ഹാരി വിൽസണിലൂടെ തിരിച്ചടിച്ച ഫുൾഹാം പിന്നെയും എതിരാളികളെ മുൾമുനയിൽ നിർത്തി. അലക്സിസ് മാക് അലിസ്റ്റർ, എൻഡോ, അലക്സാണ്ടർ ആർണൾഡ് എന്നിവർ ലിവർപൂളിനായും കെന്റി ടെറ്റെ, ബോബി ഡേ എന്നിവർ ഫുൾഹാമിനായും ഗോളുകൾ നേടി.
രണ്ടാമത്തെ മത്സരത്തിൽ ചെൽസി ബ്രൈറ്റണെ 3-2ന് തോൽപിച്ചു. എൻഡോ ഫെർണാണ്ടസ്, ലെവി കോൾവിൽ, കോനർ ഗല്ലഗർ എന്നിവർ നീലപ്പടക്കുവേണ്ടിയും ഫെക്കൻഡോ, യൊആവോ പെഡ്രോ എന്നിവർ ബ്രൈറ്റണു വേണ്ടിയും വല കുലുക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ വുൾവ്സിനെതിരെ ആഴ്സനലും മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ ന്യൂകാസിലും ജയിച്ചു.
ആന്റണി ഗോർഡൻ നേടിയ ഗോളിലായിരുന്നു ന്യൂകാസിൽ വിജയമെങ്കിൽ വുൾവ്സിനെ 2-1നാണ് ആഴ്സനൽ തകർത്തത്. മറ്റു മത്സരങ്ങളിൽ ബ്രെന്റ്ഫോഡ് 3-1ന് ലൂട്ടണെയും ബേൺലി 5-0ത്തിന് ഷെഫീൽഡ് യുനൈറ്റഡിനെയും എവർടൺ 1-0ത്തിന് നോട്ടിങ് ഹാമിനെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.