ലണ്ടൻ: ആൻഫീൽഡിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും സമനിലയിൽ കുരുങ്ങി ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിൻറുപട്ടികയിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ആഴ്സണലും ലിവർപൂളും തമ്മിൽ നടന്ന ആവേശകരമായ പോരാട്ടമാണ് സമനിലയിൽ (1-1) പിരിഞ്ഞത്. ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി നടന്ന കഴിഞ്ഞ മത്സരത്തിലും ലിവപർപൂൾ സമനില വഴങ്ങിയിരുന്നു.
പ്രീമിയർ ലീഗ് കരുത്തരുടെ ഏറ്റുമുട്ടലെന്ന് ശരിവെക്കുന്ന പോരാട്ടമാണ് ആൻഫീൽഡിൽ കണ്ടത്. കളിയിലുടനീളം കൊണ്ടുംകൊടുത്തും മുന്നേറിയ ആഴ്സണലും ലിവർപൂളും ഒടുവിൽ (1-1) സമനില സമ്മതിക്കേണ്ടി വരികയായിരുന്നു.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ആഴ്സണൽ ഡിഫൻഡർ ഗബ്രിയേൽ മഗൽലാസിലൂടെ ആഴ്സണൽ ലീഡെടുത്തു. എന്നാൽ 29ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ തകർപ്പൻ ഗോളിലൂടെ ലിവർപൂൾ മറുപടി ഗോൾ നേടി. എന്നാൽ പിന്നീടങ്ങോട്ട് മികച്ച നീക്കങ്ങൾ ഇരുഭാഗത്തും ഒന്നിന് പിറകെ ഓരോന്നായി പിറവിയെടുത്തെങ്കിലും ഗോളുകൾ മാത്രം ഒഴിഞ്ഞുനിന്നു.
സമനിലയിൽ പിരിഞ്ഞതോടെ പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് ഒന്നാമതെത്താമെന്ന ലിവർപൂളിന്റെ മോഹം നടന്നില്ല. 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ആഴ്സണൽ തന്നെയാണ് ഒന്നാമത്. 39 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. എന്നാൽ ആസ്റ്റൺ വില്ലക്ക് 39 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ലിവർപൂളിന് പിന്നിൽ മൂന്നാമതാണ്.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ പോയിന്റ് പട്ടികയിൽ 18ാം സ്ഥാനത്തുള്ള ലൂട്ടൺ ടൗൺ ഏഴാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡിനെ ഒരു ഗോളിന് കീഴടക്കി.
മറ്റൊരു മത്സരത്തിൽ ബേർൺലി ഫുൾഹാമിനെ ഏകപക്ഷീയമായ രണ്ടുഗോളിന് വീഴ്ത്തി. ടോട്ടൺഹാം എവർട്ടനെ 2-1 ന് പരാജയപ്പെടുത്തി. ഇതോടെ പോയിന്റ് പട്ടികയിൽ ടോട്ടൺഹാം മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന നാലാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബേൺമൗത്ത് കീഴടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.