പ്രിമിയർ ലീഗിൽ വലിയ ലീഡുമായി എതിരാളികൾക്ക് എത്തിനോക്കാനാകാത്ത ഉയരത്തിലായിരുന്നു ദിവസങ്ങൾക്ക് മുമ്പുവരെ ആഴ്സണൽ. ടീം ഇറങ്ങിയ അവസാന രണ്ടു മത്സരങ്ങൾ പക്ഷേ, കളിയാകെ മാറ്റിയിരിക്കുന്നു. എവർടണോട് ആദ്യം തോൽവി വഴങ്ങിയ ആർട്ടേറ്റയുടെ സംഘം കഴിഞ്ഞ ദിവസം ബ്രെന്റ്ഫോഡിനെതിരായ കളിയിൽ റഫറിയുടെ വീഴ്ചയിൽ സമനിലയിലും കുരുങ്ങി. അതോടെ, ശരിക്കും സന്തോഷിച്ചത് തൊട്ടുപിറകിലുള്ള മാഞ്ചസ്റ്റർ സിറ്റി. ആസ്റ്റൺ വില്ലക്കെതിരെ വമ്പൻ ജയം കുറിച്ച ഇത്തിഹാദുകാർ ഒന്നാം സ്ഥാനത്തേക്ക് അകലം മൂന്നു പോയിന്റ് മാത്രമാക്കി ചുരുക്കി. ഇനി പോര് ഇരുവരും തമ്മിലായതിനാൽ ജയിച്ചാൽ ചെറിയ ഇടവേളയിലെങ്കിലും ഒന്നാമന്മാരുമാകാം.
ചെൽസിയും ലിവർപൂളുമടക്കം ടീമുകൾ പതറിപ്പിറകിലായെങ്കിലും നടപ്പു സീസണിൽ ചാമ്പ്യൻ പോര് കടുപ്പമേറിയതാണ്. മാഞ്ചസ്റ്ററുകാരായ രണ്ടു ടീമുകളും തുടരുന്നത് മികച്ച കുതിപ്പ്. ടെൻ ഹാഗിനു കീഴിൽ യുനൈറ്റഡ് അതിവേഗമാണ് പോയിന്റ് വെട്ടിപ്പിടിക്കുന്നത്. ഒരു കളി അധികം കളിച്ചെങ്കിലും മൂന്നാം സ്ഥാനത്തുള്ള ടീമിന് രണ്ടു പോയിന്റ് മാത്രമാണ് സിറ്റിയുമായി വ്യത്യാസം. മൂവർ സംഘത്തിന്റെ കടുത്ത മത്സരത്തിൽ അതിനിർണായകമാണ് നാളെ ഗണ്ണേ്ഴ്സ് മൈതാനത്ത് നടക്കുന്ന ‘ചാമ്പ്യൻ പോര്’.
ആഴ്സണലിനെ അവരുടെ തട്ടകത്തിൽ വീഴ്ത്താനായാൽ സിറ്റിക്ക് ഒന്നാമതാകാം. സാമ്പത്തിക അച്ചടക്കത്തിന്റെ വാളുമായി പ്രിമിയർ ലീഗ് ഉന്നതാധികാര സമിതി മുന്നിൽനിൽക്കുമ്പോൾ ഏതുനിമിഷവും പോയിന്റ് നഷ്ടമാകുമെന്ന ആധി ടീമിനുണ്ട്. അത് നികത്താൻ പരമാവധി വിജയങ്ങൾ എത്തിപ്പിടിച്ചേ തീരൂ.
സിറ്റിയുടെ ഗോൾ മെഷീൻ എർലിങ് ഹാലൻഡ് അടുത്തിടെയായി സ്കോറിങ്ങിൽ വേണ്ടത്ര ശോഭിക്കുന്നില്ലെന്ന വിഷയമുണ്ട്. അതിനിടെ, താരത്തെ വലച്ച് പരിക്ക് എത്തിയതും ആധി ഇരട്ടിയാക്കുന്നു. ആസ്റ്റൺ വില്ലക്കെതിരായ കളിയിലാണ് ഹാലൻഡിന് പരിക്കേറ്റത്. പരിക്ക് സംബന്ധിച്ച ഓരോ വിവരവും കോച്ച് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മറുവശത്ത്, കഴിഞ്ഞ കളിയിൽ വിലപ്പെട്ട രണ്ടു പോയിന്റുകൾ തങ്ങളുടെ തീരുമാനപ്പിശകിൽ ആഴ്സണലിന് നഷ്ടപ്പെട്ടതിൽ മാപ്പുചോദിച്ച് റഫറിമാരുടെ സംഘടന എത്തിയിരുന്നു. എന്നാൽ, നഷ്ടമായ പോയിന്റ് ആരു തിരിച്ചുനൽകുമെന്നാണ് ടീമിന്റെ ചോദ്യം.
വളരെ നേരത്തെ നടക്കേണ്ടതായിരുന്നു എമിറേറ്റ്സ് മൈതാനത്ത് ഇരുടീമുകളും തമ്മിലെ മത്സരം. എലിസബത്ത് രാജ്ഞിയുടെ വിയോഗം മൂലം മാറ്റിവെച്ച മത്സരമാണ് ബുധനാഴ്ച നടക്കുന്നത്. എളെ ജയിച്ചാൽ, പോയിന്റ് തുല്യമാകുമെങ്കിലും ഗോൾ ശരാശരിയിൽ സിറ്റി മുന്നിൽ കടക്കും.
ഒരിക്കൽ കൈവിട്ടാൽ തിരിച്ചുപിടിക്കൽ എളുപ്പമല്ലെന്നറിയാവുന്നതിനാൽ സമനില പോലും നൽകാതെ കളി പിടിക്കാനാകും ഗണ്ണേഴ്സ് ശ്രമം. എല്ലാം കാത്തിരുന്നു കാണുക മാത്രമാണ് ഇനി മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.