കിരീടപോരിൽ പിന്നോട്ടില്ല! നാലടിച്ച് ഹാലണ്ട്; വൂൾവ്സിനെ തരിപ്പണമാക്കി സിറ്റി

പ്രീമിയർ ലീഗിൽ ആഴ്സണലുമായുള്ള കിരീട പോരാട്ടത്തിൽ തങ്ങൾ പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശം നൽകി മാഞ്ചസ്റ്റർ സിറ്റി. ലീഗ് മത്സരങ്ങൾ ക്ലൈമാക്സിലേക്ക് അടുക്കവെ, എതിരാളികളുടെ വലയിൽ ഗോൾ മഴ പെയ്യിക്കുകയാണ് പെപ് ഗ്വാർഡിയോളയും സംഘവും. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വൂൾവ്സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സിറ്റി തരിപ്പണമാക്കിയത്.

സൂപ്പർതാരം എർലിങ് ഹാലണ്ട് നാലു ഗോളുകളുമായി തിളങ്ങി. ജയത്തോടെ കിരീടത്തിലേക്ക് നിലവിലെ ചാമ്പ്യന്മാർ ഒന്നുകൂടി അടുത്തു. നേരത്തെ നടന്ന മത്സരത്തിൽ ഗണ്ണേഴ്സ് ഏകപക്ഷീയമായ മൂന്നുഗോളുകൾക്ക് ബേൺമൗത്തിനെ പരാജയപ്പെടുത്തിയിരുന്നു. പോയന്‍റ് പട്ടികയിൽ സിറ്റി ആഴ്സണലിന് തൊട്ടു പിറകിൽ തന്നെയുണ്ട്. 36 മത്സരങ്ങളിൽനിന്ന് ആഴ്സണലിന് 83 പോയന്‍റും ഒരു മത്സരം കുറവ് കളിച്ച സിറ്റിക്ക് 82 പോയന്‍റും.

ഗണ്ണേഴ്സിന് രണ്ടും സിറ്റിക്ക് മൂന്നും മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. മൂന്നു മത്സരങ്ങളും ജയിച്ചാൽ കിരീടം വീണ്ടും സിറ്റിയുടെ കൈകളിലെത്തും. അങ്ങനെയെങ്കിൽ തുടർച്ചയായി നാലു തവണ പ്രീമിയർ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബാകും. സിറ്റിക്ക് കാലിടറിയാൽ മാത്രമേ ആഴ്സണിലിന്‍റെ കിരീട സ്വപ്നങ്ങൾ പൂവണിയു. വൂൾവ്സിനെതിരെ സമസ്ത മേഖലയിലും സിറ്റിയുടെ ആധിപത്യമായിരുന്നു.

മത്സരത്തിൽ 12ാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ ഹാലണ്ട് സിറ്റിയെ മുന്നിലെത്തിച്ചു. 35ാം മിനിറ്റിൽ ഒരു ഗംഭീര ഹെഡ്ഡറിലൂടെ ഹാലണ്ട് ലീഡ് ഉയർത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+3) സിറ്റിക്ക് അനുകൂലമായി ലഭിച്ച ഒരു പെനാൽറ്റി കൂടി ഹാലണ്ട് വലയിലാക്കി. 3-0ത്തിനാണ് ആദ്യ പകുതി അവസാനിച്ചത്. 54ാം മിനിറ്റിൽ ഫിൽ ഫോഡന്‍റെ അസിസ്റ്റിലൂടെ നോർവീജിയൻ താരം നാലാം ഗോളും നേടി. ജൂലിയൻ അൽവാരസാണ് (85ാം മിനിറ്റിൽ) ടീമിന്‍റെ അഞ്ചാം ഗോൾ പൂർത്തിയാക്കിയത്. 53ാം മിനിറ്റിൽ ഹ്വാങ് ഹീ ചാനിന്‍റെ വകയായിരുന്നു വൂൾവ്സിന്‍റെ ആശ്വാസ ഗോൾ.

Tags:    
News Summary - Premier League: Manchester City 5-1 Wolves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.