ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി പോയന്‍റ് പട്ടികയിൽ ഒന്നാമത്. സ്വന്തംതട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റി തരിപ്പണമാക്കിയത്.
മതേവു കൊവാസിച്, എർലിങ് ഹാലണ്ട്, ജെറമി ഡോക്കു, ജോസ്‌കോ ഗ്വാർഡിയോൾ എന്നിവർ സിറ്റിക്കായി വലകുലുക്കി. ലുട്ടൺ താരം ഡൈകി ഹഷിയോകയുടെ വകയായിരുന്നു ഒരു ഗോൾ. റോസ് ബാർക്ലി ലൂട്ടണായി ആശ്വാസ ഗോൾ നേടി. ഹഷിയോകയുടെ സെൽഫ് ഗോളൊഴികെ, മത്സരത്തിലെ ബാക്കി അഞ്ചു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
മത്സരം തുടങ്ങി 65ാം സെക്കൻഡിൽ തന്നെ സിറ്റി ലീഡെടുത്തു. ഹാലണ്ടിന്‍റെ വോളി ഹാഷിയോക്കയുടെ മുഖത്ത് തട്ടി വലയിൽ. ഒരു മണിക്കൂറിനുശേഷമാണ് പിന്നീടൊരു ഗോൾ പിറക്കുന്നത്. 64ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്‍റെ അസിസ്റ്റിൽ കൊവാസിചാണ് സിറ്റിയുടെ ലീഡ് ഉയർത്തിയത്. 76ാം മിനിറ്റിൽ ഹാലണ്ട് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. 81ാം മിനിറ്റിൽ ബാർക്ലി ഒരു ഗോൾ മടക്കി. 87ാം മിനിറ്റിൽ ഡോക്കുവും ഇൻജുറി ടൈമിൽ (90+3) ഗ്വാർഡിയോളയും സിറ്റിക്കായി ലക്ഷ്യംകണ്ടു.
ജയത്തോടെ 73 പോയന്റുമായി സിറ്റി പട്ടികയിൽ ഒന്നാമതെത്തി. ഒരു കളി കുറവ് കളിച്ച ആഴ്‌സണലിനും ലിവർപൂളിനും 71 പോയന്റ് വീതമാണുള്ളത്. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെതിരെ ന്യൂകാസിൽ യുനൈറ്റഡും വമ്പൻ ജയം സ്വന്തമാക്കി. സെന്റ് ജെയിംസ് പാർക്കിൽ എതിരില്ലാത്ത നാലു ഗോളിനാണ് ന്യൂകാസിലിന്റെ വിജയം. അലക്സാൻഡർ ഇസാക് ഇരട്ട ഗോൾ നേടി.
30ാം മിനിറ്റിൽ ഇസാകിലൂടെ മുന്നിലെത്തി. 32ൽ ആന്റണി ഗോർഡനും സ്കോർ ചെയ്തു. 51ൽ ഇസാകിന്റെ രണ്ടാം ഗോളുമെത്തി. 87ാം മിനിറ്റിൽ ഫാബിയാൻ ഷാറാണ് പട്ടിക പൂർത്തിയാക്കിയത്. 32 മത്സരങ്ങളിൽ 50 പോയന്റുമായി ന്യൂകാസിൽ ആറാം സ്ഥാനത്തേക്ക് കയറി. ടോട്ടൻഹാം (60) അഞ്ചാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.