ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ജയം നേടിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് സമനില വഴങ്ങി. ഫിൽ ഫോഡൻ 82-ാം മിനിറ്റിൽ നേടിയ ഗോളിൽ എവർട്ടണിനെ കീഴടക്കിയ സിറ്റിക്ക് 66 പോയന്റായി.
വാറ്റ്ഫോഡാണ് യുനൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. 47 പോയന്റുമായി നാലാമതാണ് യുനൈറ്റഡ്. ടോട്ടൻഹാം 4-0ത്തിന് ലീഡ്സ് യുനൈറ്റഡിനെ തകർത്തപ്പോൾ ന്യൂകാസിൽ യുനൈറ്റഡ് 2-0ത്തിന് ബ്രെന്റ്ഫോഡിനെയും ആസ്റ്റൺവില്ല അതേ സ്കോറിന് ബ്രൈറ്റണിനെയും സതാംപ്ടൺ അതേ മാർജിന് നോർവിച് സിറ്റിയെയും ആഴ്സനൽ 2-1ന് വോൾവ്സിനെയും തോൽപിച്ചു. ക്രിസ്റ്റൽ പാലസ്-ബേൺലി മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ മഡ്രിഡ് ടീമുകൾക്ക് ജയം. റയൽ മഡ്രിഡ് 1-0ത്തിന് റയോ വയ്യെകാനോയെയും അത്ലറ്റികോ മഡ്രിഡ് 2-0ത്തിന് സെൽറ്റ വിഗോയെയുമാണ് തോൽപിച്ചത്. റയലിനായി 83ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമയാണ് സ്കോർ ചെയ്തത്. അത്ലറ്റികോയുടെ രണ്ടു ഗോളുകളും റെനാൻ ലോദി നേടി. 60 പോയന്റോടെ റയലാണ് മുന്നിൽ. അത്ലറ്റികോ (45) നാലാമതാണ്.
പാരിസ്: സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപെയുടെ ഇരട്ട ഗോൾ മികവിൽ ലീഗ് വണ്ണിൽ പി.എസ്.ജി 3-1ന് സെന്റ് എറ്റിയനെ തോൽപിച്ചു. ഒരു ഗോൾ ഡാനിലോ പെരേരയുടെ വകയായിരുന്നു. 62 പോയന്റുമായി ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ് നിലവിലെ ജേതാക്കളായ പി.എസ്.ജി.
റോം: പുതുതാരം ഡുസാൻ വ്ലാഹോവിചിന്റെ ഇരട്ടഗോൾ കരുത്തിൽ ഇറ്റാലിയൻ സീരി എയിൽ യുവന്റസിന് എംപോളിക്കെതിരെ 3-2 വിജയം. ഒരു ഗോൾ മോയിസ് കീനിന്റെ വകയായിരുന്നു. 50 പോയന്റോടെ നാലാമതാണ് യുവന്റസ്.
മ്യൂണിക്: ജർമൻ ബുണ്ടസ് ലീഗയിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക് ജയത്തോടെ ഒന്നാംസ്ഥാനത്ത് ലീഡ് വർധിപ്പിച്ചു. 71-ാം മിനിറ്റിൽ ലിറോയ് സാനെ നേടിയ ഗോളിലാണ് ബയേണിന്റെ ജയം. 58 പോയന്റാണ് ബയേണിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.