ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇൻജുറി ടൈമിൽ വഴങ്ങിയ ഗോളിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഷെഫീൽഡ് യുനൈറ്റഡിനോട് സമനില വഴങ്ങി ചെൽസി. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
യുവേഫ യൂറോപ്പ ലീഗ് യോഗ്യത നേടാമെന്ന ചെൽസിയുടെ പ്രതീക്ഷക്ക് കനത്ത തിരിച്ചടിയാണ് നിർണായക മത്സരത്തിലെ സമനില. നിലവിൽ 30 മത്സരങ്ങളിൽനിന്ന് 44 പോയന്‍റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞദിവസം ഇൻജുറി ടൈം നാടകീയതക്കൊടുവിൽ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തകർത്തതിന്‍റെ ആവേശത്തിൽ ഷെഫീൽഡ് തട്ടകത്തിൽ കളിക്കാനിറങ്ങിയ നിലപ്പടക്ക് ആ പോരാട്ടവീര്യം പുറത്തെടുക്കാനായില്ല.
തിയാഗോ സിൽവയിലൂടെ 11ാം മിനിറ്റിൽ തന്നെ ചെൽസി മത്സരത്തിൽ മുന്നിലെത്തി. 32ാം മിനിറ്റിൽ ബോഗ്ളിലൂടെ ആതിഥേയർ ഒപ്പമെത്തി. യുവതാരം കോൾ പാൽമറിന്‍റെ അസിസ്റ്റിൽ നോനി മദുകെ 66ാം മിനിറ്റിൽ ചെൽസിയെ വീണ്ടും മുന്നിലെത്തിച്ചു. മത്സരത്തിൽ ചെൽസി ഒരു ഗോളിന് ജയം ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈംമിൽ (90+3) ഒലി മക്ബർണിയുടെ ക്ലോസ് റേഞ്ച് ഗോളിലൂടെ ഷെഫീൽഡ് സമനില പിടിച്ചത്.
16 പോയന്‍റുമായി ലീഗിൽ അവസാന സ്ഥാനത്താണ് ഷെഫീൽഡ്. മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി ടോട്ടൻഹാം വീണ്ടും ലീഗിൽ ആദ്യ നാലിലെത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടോട്ടൻഹാമിന്‍റെ ജയം. ഫെബ്രുവരിക്കുശേഷം ആദ്യമായാണ് ടീം ആദ്യ നാലിലെത്തുന്നത്. 31 മത്സരങ്ങളിൽനിന്ന് 60 പോയന്‍റാണ് ക്ലബിന്. അഞ്ചാമതുള്ള ആസ്റ്റൺ വില്ലക്കും 60 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ടോട്ടാൻഹാം മുന്നിലെത്തിയത്. സാന്‍റിയാഗോ കോസ്റ്റ സാന്‍റോസിന്‍റെ (15ാം മിനിറ്റിൽ) സെൽഫ് ഗോളിനു പുറമെ,
വാൻ ഡെ വെൻ (52ാം മിനിറ്റിൽ), പെഡ്രോ പോറോ (58ാം മിനിറ്റിൽ) എന്നിവരും ടോട്ടൻഹാമിനായി വലകുലുക്കി. ക്രിസ് വുഡിന്‍റെ (27ാം മിനിറ്റിൽ) വകയായിരുന്നു നോട്ടിങ്ഹാമിന്‍റെ ആശ്വാസ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.