ലണ്ടൻ: കോവിഡ് വിരട്ടിയ 2020ലെ പ്രീമിയർ ലീഗ് സീസൺ അവസാനിക്കുന്നത് സസ്പെൻസ് ത്രില്ലർ ഒളിപ്പിച്ചുവെച്ചാണ്. കഴിഞ്ഞ വർഷം അവസാനിക്കുേമ്പാൾ ലിവർപൂൾ ഏറെക്കുറെ കിരീടം ഉറപ്പിച്ച മട്ടായിരുന്നു. എന്നാൽ, കോവിഡ് സീസണിൽ കാര്യങ്ങൾ പൂർണമായും മാറി. 2020ലെ അവസാന മത്സരത്തിൽ ചാമ്പ്യന്മാരായ ലിവർപൂളിനെ ന്യൂകാസിൽ യുനൈറ്റഡ് ഗോൾ രഹിത സമനിലയിൽ തളച്ചതോടെ ഈ വർഷം അവസാനിക്കുേമ്പാൾ, ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് മൂന്ന് പോയന്‍റിന്‍റെ ലീഡുമാത്രം.
സെപ്റ്റംബറിൽ സീസൺ തുടങ്ങുേമ്പാൾ, ആഴ്സണലിന്റെയും എവർട്ടന്‍റെയും കുതിപ്പാണ് പ്രീമിയർ ലീഗ് ആരാധകർ കണ്ടത്. എന്നാൽ, പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. തോൽവി അറിയാതെ കുതിച്ച ആഴ്സനൽ ഒടുവിൽ കിതച്ചു. എട്ടു തോൽവി ഏറ്റുവാങ്ങിയ അവർ ഇപ്പോൾ 13ാം സ്ഥാനത്താണ്. എവർട്ടൻ ആദ്യം പുറത്തെടുത്ത കളി പിന്നീട് കണ്ടില്ല. അനാവശ്യമായി നാലു തോൽവി ഏറ്റുവാങ്ങിയ അവർ നാലാം സ്ഥാനത്തേക്കിറങ്ങി. എങ്കിലും ആദ്യ സ്ഥാനക്കാരുമായി നാലു പോയന്‍റ് മാത്രം വ്യത്യാസമാണുള്ളത്.
ലെസ്റ്റർസിറ്റിയും ആസ്റ്റൺ വില്ലയും ചെൽസിയും മികച്ച പ്രകടനവുമായി വമ്പന്മാർക്ക് വെല്ലുവിളി ഉയർത്തുന്നു.
മോശം കളിയുമായി വളരെ പിന്നിലായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡാണ് 2020 അവസാനിക്കുേമ്പാൾ ഞെട്ടിച്ചത്. പത്താം സ്ഥാനത്തു നിന്നും ഉയിർത്തെഴുന്നേറ്റ അവർ 30 പോയന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ മത്സരങ്ങളിലെ 'അലസത' ഒഴിവാക്കിയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ കുതിപ്പ്.
മൗറീന്യോയുടെ ടോട്ടൻഹാം ഒരു ഘട്ടത്തിൽ കുതിപ്പ് തുടർന്നെങ്കിലും പിന്നീട് പിന്നിലായി. അഞ്ചു തോൽവി ഏറ്റു വാങ്ങിയ അവർ ഏഴാം സ്ഥാനത്താണ്. സിറ്റിയാകട്ടെ ഈ സീസണിൽ തീരെ ട്രാക്കിലായില്ല. അഞ്ചു മത്സരം തോറ്റ മുൻ ചാമ്പ്യന്മാർ എട്ടാം സ്ഥാനത്താണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആരും ഈ സീസണിൽ മേധാവിത്തം നേടിയിട്ടില്ല. ഒന്നാം സ്ഥാനക്കാരനും ഒമ്പതാം സ്ഥാനക്കാരനും തമ്മിലുള്ള വ്യത്യാസം ഏഴുപോയന്‍റ് മാത്രം. അഥവാ കോവിഡ് സീസണിൽ ആരാവും ചാമ്പ്യന്മാർ എന്നതിന് അവസാനം വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.