ദോഹ: ഖത്തറിലെ ഫുട്ബാൾപ്രേമികൾ കുറച്ചുദിവസങ്ങളായി ആവേശപൂർവം കാത്തിരുന്ന മുഹൂർത്തമെത്തി. ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെടുന്ന പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീം ദോഹയുടെ മണ്ണിൽ പന്തുതട്ടാനിറങ്ങി. റിയാദിൽ നാളെ അൽനസ്ർ-അൽ ഹിലാൽ സംയുക്ത ടീമുമായി പ്രദർശന മത്സരം കളിക്കുന്നതിന്റെ മുന്നോടിയായ പരിശീലനവും മറ്റു പരിപാടികളും ലക്ഷ്യമിട്ടാണ് ഫ്രഞ്ച് ക്ലബ് ഖത്തറിലെത്തിയത്.
ഖത്തർ എയർവേസിന്റെ വിമാനത്തിൽ അതിരാവിലെയാണ് ടീം ദോഹയിലെത്തിയത്. എയർപോർട്ടിൽനിന്ന് ടീമംഗങ്ങൾ നേരെ താമസസ്ഥലമായ റാഫ്ൾസ് ഹോട്ടൽസിലെത്തി. പിന്നീട് ഖത്തറിലെ ക്ലബ് പാർട്ണർമാർ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ടീം പങ്കെടുത്തു. സൂപ്പർതാരങ്ങളുടെ സാന്നിധ്യത്തിൽ ആരാധകരും സംഘാടകരുമൊക്കെ ആവേശഭരിതരായിരുന്നു.
ടീമിന്റെ പരിശീലന സെഷൻ വൈകീട്ട് 6.30 മുതൽ ഖലീഫ സ്റ്റേഡിയത്തിലായിരുന്നു. 15,000 ആരാധകർക്ക് പരിശീലനം കാണാൻ സൗകര്യം ഒരുക്കിയിരുന്നു. 20 ഖത്തർ റിയാലിനാണ് ടിക്കറ്റുകൾ കഴിഞ്ഞ ദിവസം വിറ്റഴിച്ചത്. ഇതിനു പുറമെ കുട്ടികളും മാതാപിതാക്കളുമടക്കം 5000 പി.എസ്.ജി അക്കാദമി അംഗങ്ങളും പാർട്ണർമാരുടെ സംഘത്തിൽനിന്ന് 300 പേരും പരിശീലനത്തിന് സാക്ഷികളാകാനെത്തിയിരുന്നു.
ആവേശത്തോടെയാണ് കാണികൾ മെസ്സിയെയും സംഘത്തെയും വരവേറ്റത്. ടീം താമസിക്കുന്ന ഹോട്ടൽ പരിസരത്ത് ആരാധകരുടെ വൻസംഘം താരങ്ങളെ ഒരുനോക്കുകാണാനായി തടിച്ചുകൂടിയിരുന്നു. ആറരയോടെ കറുത്ത ട്രെയിനിങ് ജഴ്സിയണിഞ്ഞ് ടീമംഗങ്ങൾ മൈതാനത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി. തുടക്കത്തിൽ വ്യായാമത്തിനുശേഷം ചെറുസംഘങ്ങളായി പന്തടക്കത്തിന്റെ പാഠങ്ങൾ. പിന്നീട് രണ്ടു ടീമായി തിരിഞ്ഞ് പന്ത് കൈവശംവെക്കുന്നിതിലൂന്നിയ പരിശീലന മത്സരം. അതിനുശേഷം മൈതാനത്തിന്റെ ഒരു ഹാഫിൽ മാത്രമൊതുങ്ങിയ ‘മത്സരം’ പാസിങ്ങിന് മുൻതൂക്കം നൽകിയുള്ളതായിരുന്നു. എട്ടരയോടെയാണ് പരിശീലനം അവസാനിപ്പിച്ച് താരങ്ങൾ മടങ്ങിയത്.
റിയാദ് സീസൺ കപ്പിന്റെ ഭാഗമായി വ്യാഴാഴ്ച കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ പി.എസ്.ജിക്കെതിരെ സൗദി അൽ നസ്ർ, അൽ ഹിലാൽ ക്ലബുകളുടെ താരങ്ങൾ അണിനിരക്കുന്ന സംയുക്ത ടീമിനെ നയിക്കുന്നത് പോർചുഗലിന്റെ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ബീൻ സ്പോർട്സ് നെറ്റ്വർക്കും പി.എസ്.ജി ടി.വിയും പി.എസ്.ജി സോഷ്യൽ മീഡിയയും തത്സമയം സംപ്രേഷണം ചെയ്യും. ഞായറാഴ്ച ഫ്രഞ്ച് ലീഗിൽ റെനെയോട് തോറ്റതിനു പിന്നാലെയാണ് പി.എസ്.ജി ദോഹയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.