ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ സൂപ്പർതാരങ്ങളായ നെയ്മറും കിലിയൻ എംബാപ്പെയും തമ്മിലുള്ള അസ്വാരസ്യം പൂർണമായി കെട്ടടങ്ങിയിട്ടില്ല. എംബാപ്പെയുടെ പെരുമാറ്റത്തിൽ ബ്രസീലിയൻ താരത്തിന് ഇപ്പോഴും അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ, പ്രശ്നപരിഹാരത്തിന് ഇടപെട്ട മുതിർന്ന താരം സെർജിയോ റാമോസ് വീണ്ടും വിഷയത്തിൽ ഇടപെടുകയും നെയ്മറിനു പിന്തുണയും ഉപദേശവും നൽകിയെന്നും സ്പോർട്സ് മാധ്യമമായ ഗോൾ റിപ്പോർട്ട് ചെയ്തു. സീസണിന്‍റെ തുടക്കത്തിലാണ് സൂപ്പർ താരങ്ങൾക്കിടയിൽ പ്രശ്നം ഉടലെടുക്കുന്നത്. മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിൽ എംബാപ്പെയെ മറികടന്ന് നെയ്മർ പെനാൽറ്റി എടുത്തതിനെ ചൊല്ലിയാണ് തർക്കം ഉടലെടുക്കുന്നത്.
അതേസമയം, ഇരുവർക്കും ഇടയിലെ തർക്കത്തിന് കാരണം എംബാപ്പെയുടെ നടപടിയാണെന്ന് മുൻ റയൽ താരമായ റാമോസ് വിശ്വസിക്കുന്നു. ടീമിൽ നെയ്മറിന്‍റെ വർധിച്ചുവരുന്ന സ്വാധീനത്തിൽ എംബാപ്പെ കൂടുതൽ അസ്വസ്ഥനാണ്. അതേസമയം, സഹതാരമായ എംബാപ്പെ പല അവസരങ്ങളിലും സഹാതരങ്ങളെ പരിഗണിക്കുന്നില്ലെന്നും സ്വന്തം നേട്ടത്തിനുവേണ്ടിയാണ് കളിക്കുന്നതെന്നുമാണ് നെയ്മറിന്‍റെ വാദം.
ടീമിന്‍റെ സൗഹൃദം നിലനിർത്താനായി ഡ്രസിങ് റൂമിലടക്കം മുൻ ബാഴ്സ താരം ശാന്തനായാണ് പെരുമാറുന്നത്. റാമോസ് താരത്തിന് പൂർണ പിന്തുണ നൽകി കൂടെ നിൽക്കുകയാണ്. കളത്തിലും പുറത്തും സൗഹാർദത്തോടെ പെരുമാറണമെന്ന് നെയ്മർക്കും എംബാപ്പെക്കും പി.എസ്.ജി മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ കർശന നിർദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തുടർന്നുള്ള മത്സരങ്ങളിൽ ഇരുവരും അസ്വാരസ്യം പുറത്ത് പ്രകടിപ്പിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.