ദോഹ: ലയണൽ മെസ്സിയും നെയ്മറുമെല്ലാം ലോകമേളയിൽ പന്തു തട്ടാനിറങ്ങും മുമ്പ് ഖത്തറിന്റെ മണ്ണിൽ മറ്റൊരു ലോക പോരാട്ടം. ഗ്ലാമറിനും താരപ്പകിട്ടിനുമപ്പുറം, തെരുവുകളുടെയും അഭയാർഥിക്യാമ്പുകളുടെയും കളിയാണ് ഫുട്ബാളെന്ന് ഓർമപ്പെടുത്തി സ്ട്രീറ്റ് ചൈൽഡ് വേൾഡ് കപ്പിന് ചൊവ്വാഴ്ച ഖത്തറിൽ കിക്കോഫ് കുറിക്കും.
ലോകകപ്പിന് മുന്നോടിയായി ആതിഥേയ നഗരങ്ങളിൽ നടക്കുന്ന ലോകകപ്പിൽ 25 രാജ്യങ്ങളിൽ നിന്ന് 28 ടീമുകളാണ് പങ്കെടുക്കുന്നത്. ആൺകുട്ടികളുടെ 15 ടീമും പെൺകുട്ടികളുടെ 11 ടീമും മാറ്റുരക്കും. ഇരു വിഭാഗങ്ങളിലുമായി ഇന്ത്യയും കളത്തിലിറങ്ങുന്നുണ്ട്.
ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന് എജുക്കേഷൻ സിറ്റിയാണ് വേദിയാവുന്നത്. ചൊവ്വാഴ്ച കിക്കോഫ് കുറിക്കുന്ന ടൂർണമെന്റ് 15ന് അവസാനിക്കും. ലോകകപ്പിന്റെ ചെറു പകർപ്പുപോലെയാണ് കുട്ടികളുടെ ഈ ലോകകപ്പും സംഘടിപ്പിക്കുന്നത്.
രണ്ടു ദിവസം മുമ്പ് ദോഹയിൽ നടന്ന ചടങ്ങിൽ നറുക്കെടുപ്പിലൂടെ ഫിക്സ്ചർ നിശ്ചയിച്ചു. നേരത്തേ തന്നെ ദോഹയിലെത്തിയ ടീം അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം മികച്ച പരിശീലനങ്ങളായിരുന്നു ഒരുക്കിയത്. ടൂർണമെന്റിൽ മാറ്റുരക്കുന്ന പത്തു ടീമുകൾ അഭയാർഥികളുടെയും തെരുവുകുട്ടികളുടെയുമാണ്.
ആൺകുട്ടികളുടെ വിഭാഗത്തിൽ താൻസനിയ, ഈജിപ്ത്, ഇംഗ്ലണ്ട്, ബ്രസീൽ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. പഞ്ചാബിലെ റുർക കലാൻ യൂത്ത് ഫുട്ബാൾ ക്ലബിലെയും, ചെന്നൈയിലെ കരുണാലയയിലെയും വിദ്യാർഥികളാണ് ഇന്ത്യക്കായി ബൂട്ടുകെട്ടുന്നത്.
തെരുവിലെ കുട്ടികൾക്ക് ആഘോഷിക്കാനും, കഴിവുകൾ തെളിയിക്കാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത് എന്ന ലക്ഷ്യത്തോടെയാണ് ഫിഫ ലോകകപ്പുമായി ചേർന്ന് നാലുവർഷത്തിലൊരിക്കൽ സ്ട്രീറ്റ് ചൈൽഡ് വേൾഡ്കപ്പും സംഘടിപ്പിക്കുന്നത്.
2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലായിരുന്നു ആദ്യമായി ഈ ആശയം അവതരിപ്പിക്കുന്നത്. പിന്നീട്, 2014 ബ്രസീലിലും, 2018 റഷ്യയിലും ലോകകപ്പിന് മുമ്പായി തെരുവിന്റെ കലാ-കായിക പോരാട്ടങ്ങൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.