ഇന്നത്തെ മത്സരങ്ങൾ
2.30pm ജപ്പാൻ x ഇറാൻ (എജുക്കേഷൻ സിറ്റി സ്റ്റേഡിയം)
6.30pm ഖത്തർ x ഉസ്ബകിസ്താൻ (അൽ ബെയ്ത് സ്റ്റേഡിയം)
ദോഹ: പ്രിയപ്പെട്ട കളിമുറ്റമായ അൽ ബെയ്തിലാണ് ശനിയാഴ്ച ഖത്തറിന്റെ പോരാട്ടം. ഗ്രൂപ് റൗണ്ടിലും പ്രീക്വാർട്ടറിലും ആധികാരിക ജയം സ്വന്തമാക്കി കുതിക്കുന്ന അന്നാബികൾക്ക് അടുത്ത എതിരാളി ടൂർണമെൻറിലെ കറുത്ത കുതിരകളെന്ന് വിശേഷിപ്പിക്കാവുന്ന ഉസ്ബകിസ്താൻ.
ആതിഥേയരും നിലവിലെ ജേതാക്കളുമെന്ന ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന ഖത്തറിന് അൽബെയ്ത് സ്റ്റേഡിയം നിറക്കുന്ന അരലക്ഷത്തിലേറെ വരുന്ന ആരാധകർ തന്നെയാവും കരുത്ത്. മിന്നും ഫോമിലുള്ള അൽ മുഈസ് അലി, അക്രം അഫിഫ് കൂട്ടിനൊപ്പം, പരിചയസമ്പന്നനായ നായകൻ ഹസൻഅൽ ഹൈദോസും ഒരു സംഘം യുവതാരങ്ങളുംകൂടി ചേരുന്നതോടെ സെമി സ്വപ്നവും എളുപ്പമാണ്. എന്നാൽ, ഗ്രൂപ് റൗണ്ടിലും പ്രീക്വാർട്ടറിലും നേരിടാത്ത പരീക്ഷണങ്ങളാകും ഇനിയുള്ള ഓരോ ചുവടുവെപ്പിലും കാത്തിരിക്കുന്നതെന്ന ബോധ്യം കോച്ച് മാർക്വേസ് ലോപസിനുമുണ്ട്.
ഗ്രൂപ് ‘എ’യിൽ മൂന്ന് ജയവുമായി മുഴുവൻ പോയൻറും നേടിയവർ അഞ്ച് ഗോളടിച്ചപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല. എന്നാൽ, പ്രീക്വാർട്ടറിൽ ഫലസ്തീനു മുന്നിൽ ഒരു ഗോൾ വഴങ്ങിയാണെത്തുന്നത്. ഫിഫ റാങ്കിങ്ങിൽ ഖത്തറിനൊപ്പം തന്നെയുള്ള ഉസ്ബെക് അപകടകാരികളാണ്. ഗ്രൂപ് ‘ബി’യിൽ നിന്നും ആസ്ട്രേലിയ ഉൾപ്പെടെ എതിരാളികളെയും, പ്രീക്വാർട്ടറിൽ തായ്ലൻഡിനെയും നേരിട്ട് വരുന്നവർക്ക് നിലവിലെ യൂത്ത് ഏഷ്യൻ ചാമ്പ്യൻടീം താരങ്ങളാണ് കരുത്ത്. രണ്ടു ഗോൾ വീതം നേടിയ അബോസ്ബെക് ഫൈസലേവ്, അസിസ്ബെക് തുർഗുബോവ് എന്നിവർ തന്നെയാവും ഖത്തർ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തുന്നതും.
മത്സരം കടുത്തതായിരിക്കുമെന്ന് പൂർണ ബോധ്യമുണ്ടെന്ന് ഖത്തർ ഗോൾകീപ്പർ സഅദ് അൽ ഷീബ് പ്രീമാച്ച് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കുന്നു. ‘മത്സരം കടുത്തതായിരിക്കും. എന്നാൽ, ജയിക്കാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനും കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്. ചാമ്പ്യൻസ് ലീഗ് ക്ലബ് മത്സരങ്ങളിൽ ഉസ്ബെക് താരങ്ങളെ നേരിട്ടതിന്റെ അനുഭവം കരുത്താകും’ -താരം പറയുന്നു. ശനിയാഴ്ചത്തെ മത്സരത്തിനായി പൂർണസജ്ജമായിക്കഴിഞ്ഞതായി ഖത്തർ പരിശീലകൻ മാർക്വേസ് ലോപസും പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിരവധി ഉസ്ബെക് താരങ്ങൾക്കെതിരെ കളിച്ചതിന്റെയും അവരെ നേരിട്ടതിന്റെയും അടിസ്ഥാനത്തിൽ ടീമിന്റെ കരുത്ത് അറിയാം. അവരുടെ പോരായ്മകൾകൂടി മനസ്സിലാക്കിയാണ് ഒരുങ്ങുന്നത് -കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.