ദോഹ: റിയോയിലെ മാറക്കാനയും മെക്സികോയിലെ ആസ്റ്റെക സ്റ്റേഡിയവും മഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂവുംപോലെ ഫുട്ബാൾപ്രേമികളുടെ പുതിയ തീർഥാടന മണ്ണാണ് ദോഹയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള ലുസൈൽ കളിമുറ്റം. 13 മാസം മുമ്പ് ലയണൽ മെസ്സിയുടെ അർജന്റീന ലോക കിരീടത്തിൽ മുത്തമിട്ടതിലൂടെ കാൽപന്തുപ്രേമികളുടെ പ്രിയ മണ്ണായിമാറിയ ലുസൈൽ ഇന്ന് വീണ്ടും ഫുട്ബാൾ ലോകത്തിന്റെ ഹൃദയഭൂമിയായി മാറുന്നു. ഏഷ്യൻ കപ്പ് ഫുട്ബാളിലെ കലാശപ്പോരാട്ടത്തിൽ ആതിഥേയരും നിലവിലെ ജേതാക്കളുമെന്ന പകിട്ടിൽ ഖത്തറും, ടൂർണമെന്റ് ചരിത്രത്തിലെ കന്നി ഫൈനലിസ്റ്റുകളായി ജോർഡനുമാണ് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് (ഖത്തർ സമയം ആറു മണി) പോരിനിറങ്ങുന്നത്. പ്രവചനങ്ങളെല്ലാം ജലരേഖകൾ മാത്രമാണിവിടെ. അട്ടിമറിക്കുതിപ്പുമായി വമ്പന്മാരുടെ കിരീടസ്വപ്നങ്ങൾ തച്ചുടച്ച് ഫൈനൽ വരെ പടനയിച്ചവർ കളിക്കരുത്തിലും മികവിലും ഒപ്പത്തിനൊപ്പം. ഈ ദിവസം ആരുടേതാണോ അവരായിരിക്കും ലുസൈലിലെ രാത്രിയുടെ അവകാശികളെന്ന് പ്രവചനക്കാരും സാക്ഷ്യപ്പെടുത്തുന്നു.
സെമിയിൽ ഖത്തർ കരുത്തരായ ഇറാനെയും ജോർഡൻ ദക്ഷിണ കൊറിയയെയുമാണ് വീഴ്ത്തിയത്. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഖത്തറിന്റെ കുതിപ്പെങ്കിൽ, ഗ്രൂപ് റൗണ്ടിൽ ബഹ്റൈനു മുന്നിൽ തോൽവിയും ദക്ഷിണ കൊറിയക്കെതിരെ സമനിലയും വഴങ്ങി തപ്പിത്തടഞ്ഞ് നോക്കൗട്ടിൽ പ്രവേശിച്ച ജോർഡൻ, ഉയിർത്തെഴുന്നേറ്റാണ് ഫൈനൽ വരെയെത്തിയത്. അതേസമയം, ഏഷ്യൻ കപ്പ് കിക്കോഫിന് ഒരാഴ്ച മുമ്പ് ദോഹയിൽ നടന്ന സന്നാഹമത്സരത്തിൽ ഖത്തറും ജോർഡനും ഏറ്റുമുട്ടിയപ്പോൾ 2-1ന് ജോർഡനായിരുന്നു വിജയം.
ഏഷ്യൻ കപ്പിലേക്ക് ജോർഡൻ ആദ്യമായി യോഗ്യത നേടുന്നത് 2004ൽ. അന്ന് ക്വാർട്ടറിൽ മടങ്ങിയവർ ശേഷം 2011ൽ ഖത്തറിലേക്കാണ് പിന്നെ യോഗ്യത നേടുന്നത്. അന്നും ക്വാർട്ടറിൽ മടങ്ങാനായിരുന്നു വിധി. പിന്നീട് രണ്ടു തവണയും ഏഷ്യൻ കപ്പിൽ കളിച്ചെങ്കിലും മുന്നേറാനായില്ല. ഇത്തവണ ഖത്തറിൽ ആദ്യമായി സെമി കടന്നവർ ആ യാത്രയുമായി ഫൈനൽ പോരാട്ടത്തിലേക്കും യോഗ്യത നേടുമ്പോൾ കിരീടമാണ് മൊറോക്കൻ പരിശീലകനായ ഹുസൈൻ അമൗതയുടെ സ്വപ്നങ്ങൾ. ഫിഫ റാങ്കിങ്ങിൽ നിലവിൽ 87ാം സ്ഥാനത്തുള്ള ടീമിന് ഇന്ന് കിരീടപ്പോരാട്ടത്തിനിറങ്ങുമ്പോൾ പരിക്കിന്റെ ആശങ്കകളൊന്നുമില്ല. ‘എതിരാളിക്ക് ആവശ്യത്തിൽ കവിഞ്ഞ ബഹുമാനം നൽകേണ്ട, ഭയക്കാതെ കളിക്കുക’ -ഏഷ്യൻ റാങ്കിൽ മൂന്നാം സ്ഥാനക്കാരായ കൊറിയയെ സെമിയിൽ നേരിടുമ്പോൾ നൽകിയ ഉപദേശംതന്നെയാണ് കോച്ച് ഹുസൈൻ അമൗതക്ക് ഇന്നും പകരാനുള്ളത്. പരിക്കിന്റെ ആശങ്കയൊന്നും ടീമിനില്ലെന്ന് കോച്ച് പ്രീമാച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗോളടിയിൽ മുന്നിലുള്ള മുന്നേറ്റക്കാരായ യാസൻ അൽ നയ്മതും മൂസ അൽ തമാരിയുമാണ് ജോർഡന്റെ ഗോൾമെഷീനുകൾ. ഒടുവിൽ കൊറിയക്കെതിരെയും ഇരുവരും വലകുലുക്കിയത് കോച്ചിന് ആത്മവിശ്വാസം പകരുന്നു. മഹ്മൂദ് അൽ മർദി, പ്രതിരോധത്തിലെ ഒറ്റയാൻ യസാൻ അൽ അറബ്, ബറാ മർറി, മധ്യനിര നയിക്കുന്ന മുഹമ്മദ് അലി ഹഷീഹ് എന്നിവർകൂടി ചേരുന്നതോടെ ജോർഡൻ കലാശപ്പോരിനും ഫിറ്റാണ്.
ചാമ്പ്യന്മാരും ആതിഥേയരുമെന്ന സമ്മർദത്തിനിടെ ബൂട്ടുകെട്ടി തുടങ്ങിയ ഖത്തർ, ഗാലറിയിൽ നിറയുന്ന ആരാധകരുടെ ആവേശത്തെ ഊർജമാക്കിമാറ്റിയാണ് കുതിക്കുന്നത്. 88,000ത്തോളം ആരാധകർ ഇരമ്പിയാർക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലെ മുക്കാൽ പങ്കും തങ്ങളുടെ നാട്ടുകാരാണെന്നതാവും ഫൈനലിലെ സന്തോഷം. മികച്ച ടീം ഗെയിമിന്റെ ഫലമായിരുന്നു ഖത്തറിന്റെ ഓരോ ജയവും. എതിരാളിയുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് തന്ത്രമൊരുക്കിയ മാർക്വേസ് ലോപസ് ചുരുങ്ങിയ നാളുകൾക്കകം ടീമിന്റെ മർമമറിഞ്ഞ പരിശീലകനായി മാറിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ സെമിയിൽ ഇറാനെതിരെ പുറത്തെടുത്തതും ഈ തന്ത്രമായിരുന്നു. അഞ്ചു ഗോളും മൂന്ന് അസിസ്റ്റുമായി ടൂർണമെന്റിലെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതുള്ള അക്രം അഫീഫ് തന്നെ ആതിഥേയരുടെ തുറുപ്പുശീട്ട്. മൂന്നു ഗോളടിച്ച ഹസൻ അൽ ഹൈദോസ്, രണ്ടു ഗോളും അതിലേറെ അസിസ്റ്റുമായി ഒപ്പമുള്ള മുഇസ് അലി എന്നിവർക്കൊപ്പം ഗോൾകീപ്പർ മിഷാൽ ബർഷിം, പ്രതിരോധത്തിലെ സൂപ്പർ താരം ലൂകാസ് മെൻഡിസ്, പെട്രോ, മധ്യനിരയിൽ യൂസുഫ് അബ്ദുൽ റസാഖ് എന്നിവർ ഖത്തറിന്റെ എൻജിനായി മാറും.
സെമി കഴിഞ്ഞ് രണ്ടു ദിവസത്തെ മാത്രം വിശ്രമവും കഴിഞ്ഞാണ് ടീം വീണ്ടും നിർണായക പോരാട്ടത്തിനിറങ്ങുന്നതെന്ന് ഖത്തർ കോച്ച് മാർക്വേസ് ലോപസ് പറയുന്നു. ഏറ്റവും മികച്ച മത്സരം കാണാമെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.