ഖത്തർ ലോകകപ്പും സൗദിയിലേക്കുള്ള താരസഞ്ചാരവും

ഗള്‍ഫ് ഫുട്ബാളിന്‍റെ ഗതിവിഗതികളില്‍ ക്രിയാത്മക വഴിത്തിരിവുണ്ടാക്കിയ അസുലഭസന്ദര്‍ഭങ്ങളായിരുന്നു ഖത്തര്‍ ലോകകപ്പും, സൗദി പ്രൊ ലീഗിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെന്‍സേമ, കാന്‍റെ, മാനെ അടക്കമുള്ള പ്രമുഖതാരങ്ങളുടെ ഒഴുക്കും. ആധുനിക പ്രഫഷനല്‍ ഫുട്ബാളിന്‍റെ സമവാക്യങ്ങള്‍ നിശ്ചയിക്കുന്ന കമ്പോളമൂല്യം എന്ന ഘടകത്തെ ഏഷ്യന്‍ ഫുട്ബാളിലേക്ക് അത്രമേല്‍ സമഗ്രമായി സന്നിവേശിപ്പിക്കാന്‍ ഈ സംഭവങ്ങള്‍ക്കായി. ഇതിന്‍റെ ശേഷിപ്പിലൂടെ ആഭ്യന്തര ലീഗില്‍ വിശിഷ്യ, ഖത്തര്‍, സൗദി, യുഎ.ഇ എന്നിവരുടെ പ്രഥമലീഗില്‍ വലിയ േപ്രാജക്ടുകള്‍ക്കാണ് തുടക്കം വെച്ചിട്ടുള്ളത്.

കായികരംഗത്ത് ദീര്‍ഘവീക്ഷണത്തോടെ മൂലധനനിക്ഷേപം നടത്തി സമഗ്രമായൊരു മാറ്റത്തിലൂടെയാണ് സൗദി അറേബ്യ ഇപ്പോള്‍ കടന്നുപോവുന്നത്. 2023 ജൂണില്‍ ഭരണാധികാരി മുഹമ്മദ് ബിൻ സല്‍മാന്‍ പ്രഖ്യാപിച്ച ‘വിഷന്‍ 2030’ലേക്ക് ഭരണകൂടത്തിന്‍റെ പൂർണ പിന്തുണയോടെ അവര്‍ നടന്നു തുടങ്ങിക്കഴിഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചറിലും ഫുട്ബാളിതര കായികമേഖലയിലും മറ്റുമായി അതിശയകരമായ ധനനിക്ഷേപങ്ങളിലൂടെ അവര്‍ ഓരോന്നായി നടപ്പാക്കിത്തുടങ്ങി.

കായിക മന്ത്രിസഭയെ ജനറൽ സ്പോർട്സ് അതോറിറ്റിയായി പൊളിച്ചെഴുതി ഒരു ഹെൽത്തി സൊസൈറ്റി സങ്കല്‍പത്തിലൂന്നിയ പൊതുജന-സ്വകാര്യപങ്കാളിത്ത പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആഭ്യന്തര ലീഗിലെ വമ്പരായ അല്‍ നാസര്‍ ക്ലബ്, അല്‍ അഹ്‍ലി ക്ലബ്, അല്‍ ഹിലാല്‍ ക്ലബ്, അല്‍ ഇതിഹാദ് ക്ലബ് എന്നിവയിലേക്കും, ന്യൂകാസില്‍ യുനൈറ്റഡ് പോലുള്ള വിദേശക്ലബുകളിലേക്കുമായി പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (പി.ഐ.എഫ്) വഴി നിക്ഷേപങ്ങള്‍ നടത്തിക്കഴിഞ്ഞു. കായിക മേഖലയുമായി ബന്ധപ്പെട്ട പലവിധ ഉല്‍പന്നങ്ങളുടെ വ്യവസായ സംരംഭങ്ങള്‍ക്കും മുന്‍ഗണനയുള്ള ഒരു ‘സ്പോര്‍ട്സ് ഇക്കോ സിസ്റ്റ’മാണ് സൗദി അറേബ്യ മുന്നോട്ടുവെക്കുന്നത്. ആ ആവാസവ്യവസ്ഥയില്‍ യൂത്ത് ഡെവലപ്മെന്‍റ് പ്രോഗ്രാമുകള്‍ക്ക് കൃത്യമായ പ്രാമുഖ്യം നല്‍കിയതിലൂടെ സൗദി അവരുടെ കായികനയം സൃഷ്ടിക്കുകയാണ്. ഈ മുന്നേറ്റത്തിനൊരു തിലകക്കുറിക്കായാണ് 2034 ലോകകപ്പ് വേദിയായി സൗദി അറേബ്യ മാറുന്നതും.

ലോകകപ്പിന്‍റെ മനോഹരമായ നടത്തിപ്പിന് ശേഷം അറബ് ലോകത്തോടുള്ള യൂറോപ്പിന്‍റെ മൂടുപടമിട്ട അസ്പൃശ്യതയെ കരിച്ചുകളയാനായി എന്നതിനപ്പുറം ഖത്തറിന്റെ ഫുട്ബാളിലും മാറ്റങ്ങൾക്ക് വഴിമരുന്നിട്ടു. മാധ്യമശ്രദ്ധയേറ്റുന്ന താരപ്രതിഭകളുടെ വലിയൊരു കുത്തൊഴുക്കില്ലാതെ പ്രാദേശികപ്രതിഭകള്‍ക്ക് വലിയ അവസരങ്ങള്‍ തുറക്കാനായതാണ് ഏറ്റവും വലിയ നേട്ടം. വിദഗ്ധ പരിശീലകരംഗത്തേക്കും തദ്ദേശീയരായ കോച്ചുകളെ കൊണ്ടുവരുന്ന തലത്തിലേക്ക് ഒരു അക്കാദമിക് രൂപഘടന സ്ഥാപിച്ചെടുക്കാനും ഖത്തര്‍ ഫുട്ബാളിനായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കമുള്ള ഒരുകൂട്ടം പ്രതിഭകളെ രാകിമിനുക്കിയ പരിചയസമ്പത്തുള്ള കോച്ച് കാര്‍ലോസ് ക്വീറസിനെ നാഷനല്‍ ടീം കോച്ചാക്കിയതിലൂടെ പ്രാദേശികതാരങ്ങള്‍ക്ക് നാഷനല്‍ ടീമിലേക്കുള്ള വാതില്‍ എളുപ്പത്തില്‍ തുറക്കപ്പെട്ടു. പ്രസ്തുത സ്ഥാനത്തുനിന്നും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം മാറ്റപ്പെട്ടെങ്കിലും ഖത്തര്‍ ഫുട്ബാളിന്‍റെ മുഖം പൂർണമായും മാറ്റിയതില്‍ കാര്‍ലോസ് ക്വീറസിന് അഭിമാനിക്കാന്‍ വകയുണ്ട്. ഒമാനും ബഹ്റൈനും കുവൈത്തും തങ്ങളുടെ പരമ്പരാഗത ഫുട്ബാള്‍ ലീഗുകളുടെ സംഘാടനത്തിലും പ്ലെയര്‍ ഡെവലപ്മെന്‍റ് പ്രോജക്റ്റുകളിലും ദേശീയ ടീമുകളുടെ ഗുണമേന്മയിലും സമൂലമായി മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതികളില്‍ വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. ഖത്തര്‍ ഏഷ്യന്‍ കപ്പ് കളിമൈതാനങ്ങള്‍ ഈ നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ഉരച്ചുനോട്ടങ്ങള്‍ക്കുകൂടിയാണ് വേദിയാവുന്നത്.

1994 ലോകകപ്പിലെ സൗദി അറേബ്യയുടെ അല്‍ ഒവൈറാന്‍റെ അത്ഭുതഗോളിലൂടെ തുടങ്ങി, ഇക്കഴിഞ്ഞ ലോകകപ്പിലെ സൗദിയുടെ അര്‍ജന്‍റീനക്കെതിരായ അവർണനീയ വിജയത്തിലെത്തിനില്‍ക്കുന്ന ഗള്‍ഫ് ഫുട്ബാളിന്‍റെ ഗ്രാഫ് പതിഞ്ഞതാളമുള്ള ആരോഹണക്രമം പാലിക്കുന്നതാണ്. ഫുട്ബാള്‍ ഒരു സംസ്കാരമായി ജീവിതക്രമത്തോടൊപ്പം പറ്റിച്ചേര്‍ന്ന ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ആത്മപ്രകാശനം നടത്താന്‍ ഇനിയധികം കാത്തിപ്പുണ്ടാവില്ല.

ദക്ഷിണകൊറിയ, ജപ്പാന്‍, ആസ്ട്രേലിയ ഇറാന്‍ എന്നീ കൊടുമപ്പെട്ട പേരുകള്‍ക്കപ്പുറം ഏഷ്യന്‍ ഫുട്ബാളിന്‍റെ അച്ചുതണ്ടുകള്‍ മാറിമറിയുന്നതാണ് വര്‍ത്തമാനകാലചിത്രങ്ങള്‍. ഇനിയതില്‍ സൗദി അറേബ്യയുണ്ട്, ഖത്തറുണ്ട്, യു.എ.ഇയുണ്ട്. റൂബ് അല്‍ ഖാലി (The Empty Quarter)യുടെ ഓരങ്ങളില്‍ നാടോടികളായി നൂറ്റാണ്ടുകളോളം ആട് മേച്ചുനടന്ന, ചെങ്കടലിന്‍റെ ഉപ്പുകാറ്റില്‍ തളര്‍ന്നുപോയ അറേബ്യന്‍ ഉപഭൂഖണ്ഡക്കാരുടെ പുതിയ തലമുറ തങ്ങളെ ആട്ടിയകറ്റിയവര്‍ക്ക് കളിക്കളങ്ങളൊരുക്കി കാത്തിരിക്കുകയാണ്, ഫുട്ബാളിലെ പരമ്പരാഗത പൗരോഹിത്യത്തിന്‍റെ അപ്പോസ്തലരെ കാല്‍പന്തുകളിയുടെ അഭിനവസമ്മോഹനതീരങ്ങളിലേക്ക് അവര്‍ കൈപിടിച്ച് നടത്തുകയാണ്. നമുക്കും ആ യാത്രക്കൊപ്പം ചേരാം.

Tags:    
News Summary - Qatar World Cup and the football transfer to Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.