ഖത്തറിലേത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി ദിവസങ്ങൾക്ക് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലോകകപ്പ് അടുക്കുന്തോറും ഉത്കണ്ഠയുണ്ടെന്നും തങ്ങൾ ശക്തമായ സംഘമാണെങ്കിലും ലോകകപ്പിൽ എന്തും സംഭവിക്കാമെന്നുമാണ് നായകനായ മെസ്സി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, താരത്തിന്റെ നെഞ്ചിടിപ്പേറ്റി രണ്ട് സഹതാരങ്ങൾ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.
എയ്ഞ്ചൽ ഡി മരിയ, പൗലോ ഡിബാല എന്നിവർക്കാണ് സമീപകാലത്ത് പരിക്കേറ്റത്. എന്നാൽ, വേൾഡ് കപ്പ് അടുക്കുമ്പോഴേക്കും ഇരുവരും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയും നാകയനായ മെസ്സിക്കുണ്ട്. ഏതൊരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിനും മുമ്പായി പരിക്കുകൾ കളിക്കാർക്ക് എപ്പോഴും ആശങ്കയുണ്ടാക്കുമെന്നും മെസ്സി പറഞ്ഞു. അതേസമയം, പരിക്കുമൂലം മെസ്സിക്ക് പി.എസ്.ജിയുടെ രണ്ട് മത്സരങ്ങൾ നഷ്‌ടമായിരുന്നു.
'ഇതൊരു ആശങ്കയാണ്. കാരണം, വ്യത്യസ്തമായ സമയത്ത് കളിക്കുന്ന വ്യത്യസ്തമായ ലോകകപ്പാണിത്. നാം അതിനോട് ഏറ്റവും അടുത്തിരിക്കുകയാണ്, അതുകൊണ്ട് തന്നെ, നിങ്ങൾക്ക് എത്ര ചെറിയ കാര്യം സംഭവിച്ചാലും അത് പുറത്തേക്കുള്ള വാതിൽ തുറക്കും. രണ്ടുപേരും സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവർക്ക് ലോകകപ്പിന് വേണ്ടി തയ്യാറാകാൻ ധാരാളം സമയമുണ്ട്. നമുക്കെല്ലാവർക്കും നല്ല ആരോഗ്യത്തോടെ അവിടെയെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." -മെസ്സി പ്രത്യാശ പ്രകടിപ്പിച്ചു.
തുടയുടെ പിൻഭാഗത്തേറ്റ പരിക്ക് കാരണം നവംബറിന്റെ തുടക്കം വരെ ഡി മരിയ പുറത്തിരിക്കേണ്ടിവരും. ഡിബാലയ്ക്കും തുടക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇക്കാരണത്താൽ നവംബർ-ഡിസംബർ മാസങ്ങളിൽ താരത്തിന് ഖത്തറിൽ കളിക്കാനായേക്കില്ല.
"ഇതെല്ലാം കാണുമ്പോൾ ഭയം തോന്നുന്നുണ്ട്, പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കുന്നത് വൈരുദ്ധ്യാത്മകമാണ്. ഏറ്റവും നല്ല കാര്യം എല്ലായ്പ്പോഴും നോർമലായിരിക്കുക എന്നതാണ്, നന്നായിരിക്കാനുള്ള മാർഗം നന്നായി കളിക്കുക എന്നാതണ്," -മെസ്സി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.