ഓർമകളുടെ നെറുകയിൽ ആ സുന്ദരചിത്രം...

എന്തൊരതിശയമായിരുന്നു ഖത്തർ! തിരിഞ്ഞുനോക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഫ്ലാഷ്ബാക്കുകളുടെ പെരുമഴയാണ് മനസ്സിൽ. എക്കാലവും ഹൃദയത്തിൽ അഭിമാനപുരസ്സരം കൊണ്ടുനടക്കാൻ വെമ്പൽകൊള്ളുന്ന ഓർമകളുടെ പൂരം... (ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ഖത്തറിലെത്തിയ മാധ്യമപ്രവർത്തകന്റെ ഓർമക്കുറിപ്പ്)


മെട്രോ സ്റ്റേഷനിലേക്കുള്ള കണക്ഷൻ ബസിലിരുന്ന് യാത്ര ചെയ്യവേ, വെയ്ൽസുകാരനായ ആരാധകൻ സ്റ്റെഫാൻ കാർവിൻ പറഞ്ഞ വാക്കുകൾക്ക് ഒരു വർഷത്തിനിപ്പുറവും മനസ്സിൽ നല്ല തെളിച്ചമുണ്ട്. ‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഇതുതന്നെയാണെന്നതിൽ എനിക്കൊട്ടും സംശയമില്ല. ബി.ബി.സിയും ഗാർഡിയനും ഡെയ്ലി മെയിലുമൊക്കെ പറയുന്നതു കേട്ട് നാട്ടിലിരുന്നെങ്കിൽ നഷ്ടമാവുക ജീവിതത്തിലെ വർണാഭമായ മുഹൂർത്തങ്ങളായേനേ. ഒരുപാടുകാലമായി സ്വരുക്കൂട്ടിയ തുക കൊണ്ട് ഖത്തറിലെത്താൻ തീരുമാനിച്ച നിമിഷങ്ങളെയോർത്ത് അഭിമാനിക്കുന്നു. എല്ലാ സൗകര്യങ്ങളും സൗജന്യമായി ലോകത്തിനു മുമ്പാകെ തുറന്നുവെച്ച് ഇവ്വിധം രാജകീയമായി ഒരു ലോകകപ്പ് നടത്താൻ ഖത്തറിനു മാത്രമേ കഴിയൂ’ - ‘ലോകകപ്പ് എങ്ങനെയുണ്ട്?’ എന്ന ചെറു ചോദ്യത്തോട് കോർണിഷിൽ ഇറങ്ങുന്നതിന് മുമ്പ് ലഭിച്ച അൽപവേളയിലെ വാതോരാത്ത നെടുനീളൻ മറുപടിയുമായി കാർവിൻ വാചാലനായി.

ലോകത്തിന്റെ വിഭിന്ന കോണുകളിൽനിന്ന് ഖത്തറിലെത്തിയ പരസഹസ്രം മനുഷ്യർ അങ്ങേയറ്റം സന്തുഷ്ടരും സംതൃപ്തരുമായിരുന്ന ഒരു മാസക്കാലം. ഖത്തറിന്റെ മായക്കാഴ്ചകളിലേക്ക് ഉറ്റുനോക്കിയ മുഴുവൻ ലോകത്തിന്റെ വികാരവും അതുതന്നെയായിരുന്നു. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ വിശ്വമേളയുടെ ഗരിമയിൽ പ്രതിഫലിച്ചതുമുഴുവൻ ഖത്തറെന്ന കൊച്ചുരാജ്യത്തിന്റെ അവർണനീയമായ പ്രൗഢി. കിക്കോഫ് വിസിലിന് ഒരുങ്ങിനിന്ന ഖത്തറിനും ലോകകപ്പിനും മുകളിൽ അപകീർത്തി പരത്താൻ ഇല്ലാക്കഥകളും ദുരാരോപണങ്ങളും അടിസ്ഥാനരഹിത റിപ്പോർട്ടുകളുമൊക്കെയായി പാശ്ചാത്യ മാധ്യമങ്ങൾ കഴുകനെപ്പോലെ വട്ടമിട്ടു പറന്ന നാളുകൾ. ഒടുക്കം, ‘ഐസിങ് ഓൺ ദ കേക്ക്’ എന്നതുപോലെയുള്ള ഐതിഹാസിക കലാശക്കളിയും പെയ്തു തീർന്നപ്പോൾ ഫുട്ബാളിന്റെ അതിവിശിഷ്ടമായ ചരിത്രം, ഗൾഫിലെ പ്രഥമ വിശ്വമേളയെ അതിന്റെ മഹാപോരാട്ടങ്ങളുടെ നെറുകയിൽ പ്രതിഷ്ഠിച്ചു. അപഖ്യാതികളുടെ അച്ചു നിരത്തിയവർ സ്വയം അപഹാസ്യരായതു മിച്ചം.

എന്തൊരതിശയമായിരുന്നു ഖത്തർ! തിരിഞ്ഞുനോക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഫ്ലാഷ്ബാക്കുകളുടെ പെരുമഴയാണ് മനസ്സിൽ. എക്കാലവും ഹൃദയത്തിൽ അഭിമാനപുരസ്സരം കൊണ്ടുനടക്കാൻ വെമ്പൽകൊള്ളുന്ന ഓർമകളുടെ പൂരം. കോർണിഷും അൽബിദയും കത്താറയും മുതൽ സൂഖ്‍വാഖിഫും ലുസൈലും അൽബെയ്ത്തും വരെ മനസ്സിൽ തെളിയുന്ന ഓരോ ഇടത്തിലും ലോകകപ്പ് സ്മരണകൾ പെരുമ്പറ കൊട്ടുന്നു. ടീമുകൾക്കും കാണികൾക്കും കാഴ്ചക്കാർക്കുമടക്കം ആർക്കും ഒരു പരാതിയുമുണ്ടായിരുന്നില്ല. എല്ലാം അടുക്കും ചിട്ടയോടെയും സജ്ജീകരിച്ച മഹാമേള. കാർവിനുപുറമെ ലിസ്ബണിൽനിന്നുള്ള ബെനഡിറ്റയും കാസാബ്ലാങ്കയിൽനിന്നെത്തിയ റുമാഹും അടക്കം പരിചയപ്പെട്ട മിക്കവരും പറഞ്ഞതും അതുതന്നെയായിരുന്നു -‘ഇതുപോലെ ഗംഭീരമായി ലോകകപ്പ് നടത്താൻ ഖത്തറിനേ കഴിയൂ’. അത്രയേറെ ആത്മാർഥമായും പ്രതിബദ്ധ​തയോടെയുമാണ് ആ രാജ്യം അതേറ്റെടുത്തതും ലോകത്തെ വിജയകരമായി വരവേറ്റതും.

‘ഖത്തർ ഒരുക്കിയത് അത്യുജ്ജ്വല ലോകകപ്പാണ്. ടൂർണമെന്റിൽ ആരാധകരെയും പൗരന്മാരെയും അത്ര സുരക്ഷിതമായാണ് അവർ കൈകാര്യം ചെയ്തത്. ഖത്തർ ചെറിയ രാജ്യമാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളുടെ കുത്തൊഴുക്കിൽ കണക്കുകൂട്ടൽ തെറ്റാമായിരുന്നു. എന്നാൽ, ഖത്തറിന്റെ ഉറച്ചതും നീതിയുക്തവുമായ നിയമങ്ങൾ എല്ലാവരേയും സുരക്ഷിതരാക്കി. ഇത് ആളുകളെ കളിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് അവ ആസ്വദിക്കാൻ പ്രാപ്തമാക്കി. ഇന്നുവരെയുണ്ടായതിൽ ഏറ്റവും സുരക്ഷിതമായ ലോകകപ്പാണ് ഖത്തറിൽ നടന്നതെന്ന് ഞാൻ കരുതുന്നു’ -യു.കെയിൽനിന്നുള്ള എഴു​ത്തുകാരനായ തോമസ് സിഡിയാസ് കുറിച്ചത് ഇങ്ങനെയായിരുന്നു.

സുരക്ഷാഭീതിയെ മാത്രമല്ല, സംശയമുനയിൽ വിഷം പുരട്ടിയെയ്ത എല്ലാ ചാട്ടുളികളെയും ഖത്തർ തച്ചുടച്ചുകളഞ്ഞത് എന്തൊരു രസമുള്ള കാഴ്ചയായിരുന്നു! ജൂണിൽ വരവുകണ്ടു ശീലിച്ചൊരു കളിയെ നവംബർ-ഡിസംബറിലേക്ക് പറിച്ചുനടുമ്പോൾ ആവേശത്തിന്റെ വേരറ്റുപോകുമെന്ന് ആദ്യാന്തം മുതൽ പൊളിവാക്കു പറഞ്ഞവർ, ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ലോകകപ്പ് മത്സരങ്ങളായി അവ വളർന്നുപന്തലിച്ചതുകണ്ട് അന്തംവിട്ട് മാളത്തിലൊളിച്ചു. ചൂടിൽ വെന്തുരുകുമെന്ന് പായാരം പറഞ്ഞുനടന്നവർ സ്റ്റേഡിയത്തിലെ സുഖശീതളിമയിൽ അസാമാന്യമായി ചൂടുപിടിച്ച കളിയുടെ വിസ്മയക്കാഴ്ചകൾക്കൊപ്പം ആർപ്പുവിളിച്ചു. മദ്യമില്ലെങ്കിൽ ആവേശവും ആരവങ്ങളും പതഞ്ഞൊഴുകില്ലെന്ന് പരിഭവം പറഞ്ഞ പടിഞ്ഞാറുകാർക്ക്, കള്ളിന്റെ പുറത്തല്ല കളിയുടെ ലഹരിയെന്ന് ഖത്തർ തങ്ങളുടെ പണയംവെക്കാത്ത അസ്തിത്വം മുറുകെപിടിച്ച് ഗംഭീരമായി സാക്ഷ്യപ്പെടുത്തിക്കൊടുത്തു.

** ** ** ** ** ** ** ** **

ലുസൈലിലെ ഫൈനൽ മത്സരം കഴിഞ്ഞ് മൂന്നു മണിക്കൂറോളം സ്റ്റേഡിയത്തിൽ എല്ലാംകണ്ടും അനുഭവിച്ചുംനിന്ന ആ നിൽപുതന്നെയാണിപ്പോഴും..ഗ്രൗണ്ടിൽ അർജന്റീന കളിക്കാരും അവരുടെ കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫുടമടക്കം നീലയും വെള്ളയും കുപ്പായക്കാർ നിറഞ്ഞുനിൽക്കുന്നു. വടക്കേ ഗാലറിയിൽ താളത്തിൽ പാടി ആരാധകർ ഉന്മാദത്തി​ന്റെ ഉച്ചിയിലാണപ്പോഴും. ഇടക്കിടെ താരങ്ങൾ അവരെ​ത്തേടിയെത്തുന്നു. അപ്പോൾ ആ ആഘോഷത്തിന് ആക്കം കൂടുന്നു..ലോകം കണ്ണിമ ചിമ്മാതെ നോക്കിനിന്ന നിമിഷങ്ങൾ...ആ മുഹൂർത്തങ്ങൾക്ക് ഒരു വർഷം പിന്നിടുമ്പോൾ ഓർമകളിൽ നിറദീപ്തിയോടെ ആദ്യം ഓടിയെത്തുന്നത് അതാണ്..കളി ചരിത്രത്തിലെ ഇതിഹാസതുല്യനായ ച​ക്രവർത്തിക്ക് ലോകം ജയിച്ചതിന്റെ അലങ്കാരമായി ഖത്തറിന്റെ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പരമ്പരാഗത അഭിമാനമു​ദ്രയായ ബിഷ്ത് അണിയിക്കുന്ന ആ ധന്യനിമിഷം...അടുത്ത നിമിഷം കൈകളിലേന്താനിരിക്കുന്ന സൗഭഗങ്ങളുടെ പോരിശയോർത്ത് നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ലയണൽ മെസ്സിക്ക് അമീർ അഭിമാനപട്ടം ചാർത്തിക്കൊടുക്കുന്ന ആ ദൃശ്യമാണ് ലോകത്തിന്റെ ഓർമകളിൽ 2022 ലോകകപ്പ് നിറയ്ക്കുന്ന ഏറ്റവും സുന്ദരചിത്രം. ഒരു നാടിന്റെ അർപ്പണബോധത്തിനും ഇച്ഛാശക്തിക്കും കാലം നൽകിയ സമ്മാനമാണത്.

Tags:    
News Summary - Qatar World Cup Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.