ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ൽ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്രചാരണം നടത്തുന്ന അബ്ദുൽ റഹ്മാൻ

കോർണിഷിലും ബിദ്ദയിലും മായാജാലമൊരുക്കാൻ റഹ്മാനിക്കയെത്തും

ദോഹ: മലയാളികൾക്ക് ഫുട്ബാൾ പോലെതന്നെ പരിചിതനാണ് ചങ്ങനാശ്ശേരിക്കാരൻ അബ്ദുൽ റഹ്മാനും.അകാലത്തിൽ പൊലിഞ്ഞ മുൻ ഇന്ത്യൻ നായകൻ വി.പി. സത്യന്റെയും ഇതിഹാസ താരം ഐ.എം. വിജയന്റെയും കെ.ടി. ചാക്കോയുടെയുമെല്ലാം സ്വന്തം റഹ്മാനിക്ക.കാസർകോട് മുതൽ തിരുവനന്തപുരം വരെയും ഗോവ, ന്യൂഡൽഹി, കോയമ്പത്തൂർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലുമെല്ലാം പന്തുരുളുേമ്പാൾ ഗാലറിയിലും പുറത്തും മായാജാലവുമായി കറങ്ങിനടക്കുന്ന റഹ്മാനിക്കയും അദ്ദേഹത്തിന്റെ ഫുട്ബാൾ ആവേശവും മലയാളി ആരാധകർക്ക് പുതുമയുള്ളതല്ല.

ഇനിയിപ്പോൾ കാൽപന്താരവത്തിൽ ആവേശംകൊള്ളുന്ന ഖത്തറിന്റെ മണ്ണും റഹ്മാനിക്കയെ കാത്തിരിക്കുകയാണ്.ദോഹ കോർണിഷിലും ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ്ദയും മുതൽ അൽ ബെയ്ത് സ്റ്റേഡിയത്തിനു പുറത്തെ വിശാലമായ പാർക്കിൽവരെ പന്തിലെ വിസ്മയവുമായി റഹ്മാനെത്തും.നവംബർ 22ന് കണ്ണൂരിൽ നിന്നും വിമാനം കയറുന്ന ഇദ്ദേഹത്തിന് തൊട്ടടുത്ത ദിവസത്തെ മൊറോകോ-ക്രൊയേഷ്യ പോരാട്ടത്തിന്റെ ടിക്കറ്റാണ് ലഭ്യമാക്കിയത്.

ഖത്തറിലെ പ്രമുഖ ട്രാവൽ ഏജൻസിയായ 'ഗോ മുസാഫർ ട്രാവൽ ആൻഡ് ടൂറിസം' ജനറൽ മാനേജർ ഫിറോസ് നാട്ടുവാണ് മാച്ച് ടിക്കറ്റ് നൽകി, ഹയാ കാർഡ് നടപടികൾ പൂർത്തിയാക്കിയത്.ഏതാനും ദിവസം ലോകകപ്പിന്റെ ആവേശത്തിനൊപ്പം ഖത്തറിലെ തെരുവുകളിൽ സജീവമാകാനുള്ള സ്വപ്നവുമായാണ് മുൻ ഫുട്ബാളർ കൂടിയായ റഹ്മാൻ ദോഹയിലെത്തുന്നത്. ലൂകാ മോഡ്രിചും ഇവാൻ പെരിസിചും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പന്തുതട്ടുന്ന അൽ ബെയ്ത് സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിലിരുന്ന് ലോകകപ്പിന്റെ ആവേശം വാനോളം ആസ്വദിക്കാനായി നാളുകളെണ്ണി കാത്തിരിപ്പിലാണ് റഹ്മാൻ.

വി.പി. സത്യൻ കിരീടം സമ്മാനിച്ച റഹ്മാൻ

കേരളം രണ്ട് തവണ സന്തോഷ് ട്രോഫി നേടുമ്പോഴും എഫ്.സി കൊച്ചിന്‍ ഡ്യുറന്‍ഡ് കപ്പ് ഉയര്‍ത്തുമ്പോഴും ആ ടീമുകള്‍ക്കൊപ്പം ജീവനാഡിയായി അബ്ദുല്‍റഹ്മാന്‍ ഉണ്ടായിരുന്നു. കളിക്കാരനാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയ കരിയറിനെ പരിക്കെടുത്തപ്പോള്‍, റഹ്മാന്‍ ടീം ഫിസിയോയുടെയും കിറ്റ്മാന്റെയും റോളില്‍ കേരള ടീമുകളുടെ ഭാഗമായി. ക്യാപ്റ്റന്‍ വി.പി. സത്യന്‍ നെഞ്ചോടു ചേര്‍ത്തുവെച്ച സഹപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

സന്തോഷ് ട്രോഫി നേടിയപ്പോള്‍ ആ കപ്പെടുത്ത് സത്യന്‍ റഹ്മാന്റെ തലയില്‍ വെച്ചുകൊടുത്ത്, ഇത് നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞത് അക്കാലത്തെ ഫുട്ബാൾതാരങ്ങൾക്കും ആരാധകർക്കും വേണ്ടിയായിരുന്നു. ഡ്രസിങ് റൂമില്‍ റഹ്മാന്റെ സൗമ്യവും ആത്മാര്‍ഥവുമായ സാന്നിധ്യത്തിന് സത്യനിട്ട വിലയായിരുന്നു ആ നിമിഷം.

ചങ്ങനാശേരി എസ്.എന്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ക്ലബില്‍ കുരികേശ് മാത്യുവിനൊപ്പം കളിച്ച റഹ്മാന്‍, ആ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. അന്ന് കെ.ടി. ചാക്കോ രണ്ടാം ഗോളിയായിരുന്നു.പരിക്ക് റഹ്മാനെ തളര്‍ത്തി, പതിയെ കളത്തില്‍നിന്ന് ഔട്ടായി.പക്ഷേ, ഫുട്ബാളിനെ ജീവവായുവായി കണ്ട റഹ്മാന് എന്തെങ്കിലും രൂപത്തില്‍ ഫുട്ബാളിനൊപ്പം ജീവിച്ചാല്‍ മതിയെന്നായി. അങ്ങനെയാണ്, കിറ്റ്മാനായും ഫിസിയോ ആയും സപ്പോര്‍ട്ടിങ് സ്റ്റാഫ് കാറ്റഗറിയില്‍ സന്തോഷ് ട്രോഫി ടീമുകളിലും എഫ്.സി കൊച്ചിനിലും അംഗമായത്.

എഫ്.സി കൊച്ചിനിൽ തുടങ്ങിയത് മുതല്‍ പൂട്ടുന്നത് വരെ റഹ്മാന്‍ ആ ക്ലബിനൊപ്പമുണ്ടായിരുന്നു.പിന്നീട്, പയ്യന്നൂരിലേക്ക് പോന്ന റഹ്മാന്‍ അവിടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കാന്‍ തുടങ്ങി.ഇതില്‍നിന്ന് ലഭിക്കുന്ന കാശില്‍ പകുതിയും ഫുട്‌ബാളിനു വേണ്ടി തന്നെയാണ് റഹ്മാന്‍ ചെലവഴിച്ചത്. ഐ ലീഗും, ഐ.എസ്.എല്ലും മറ്റ് ഫുട്‌ബാള്‍ ടൂര്‍ണമെൻറുകളും കാണുവാന്‍ റഹ്മാന്‍ സൈക്കിളില്‍ പറന്നെത്തും. അവിടെ ഫുട്‌ബാളുമായി ചെറിയ ട്രിക്കുകള്‍ നടത്തി, ഫുട്‌ബാളിന്റെ വേതനം പറ്റാത്ത ലോകപ്രചാരകനായി അവതരിക്കും.

ഖത്തറിൽ ലോകകപ്പിന് പന്തുരുളാനിരിക്കുേമ്പാൾ, ലഹരിക്കെതിരായ പ്രചാരണത്തിലാണ് ഇദ്ദേഹം.കോഴിക്കോട് ഫുട്ബാള്‍ അസോസിയേഷന്‍ രക്ഷാധികാരികളില്‍ ഒരാളും പ്രവാസി വ്യവസായിയുമായ ശ്രീകുമാര്‍ കോര്‍മത്താണ് ദോഹയിലേക്ക് പറക്കാനുള്ള മാച്ച് ടിക്കറ്റ് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങിൽ അദ്ദേഹം ടിക്കറ്റ് കൈമാറി. 

'ഫുട്ബാളിനെ ഇത്രയേറെ ആവേശത്തോടെ നെഞ്ചേറ്റുന്ന കളിയാരാധകർ ഇവിടെയെത്തുേമ്പാഴാണ് ലോകകപ്പ് കൂടുതൽ മഹത്തരമായി മാറുന്നത്. കേരള ഫുട്ബാളിന്റെ ചരിത്രത്തിന്റെ ഭാഗമായ റഹ്മാനിക്കയെ ലോകകപ്പ് വേദിയിൽ എത്തിക്കാനാവുന്നതിന്റെ ഭാഗമായത് ഞങ്ങൾക്കും അഭിമാനകരമാണ്. മലപ്പുറത്തു നിന്നുള്ള ഫിദ ഫാത്തിമയും ഇപ്പോൾ റഹ്മാനിക്കയും ഉൾപ്പെടെ ആരാധകർ ലോകകപ്പിനെത്തുേമ്പാൾ ഈ വിശ്വമേള മലയാളികൾക്ക് ഏറെ പ്രിയങ്കരമായി മാറും'

ഫി​റോ​സ്​ നാ​ട്ടു (ജ​ന​റ​ൽ മാ​നേ​ജ​ർ, ഗോ മു​സാ​ഫ​ർ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം)

ഫി​റോ​സ്​ നാ​ട്ടു

'ബ്രസീലാണ് എന്റെ ഇഷ്ട ടീം. ഖത്തറിൽ ബ്രസീൽ ലോകകപ്പ് നേടുന്നതാണ് സ്വപ്നം. ക്രൊയേഷ്യ -മൊറോകോ മത്സരത്തിനുള്ള ടിക്കറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായി ക്രൊയേഷ്യയുടേത് മികച്ച ഫുട്ബാളാണ്. ലൂകാ മോഡ്രിഡ് ഉൾപ്പെടെയുള്ള താരങ്ങളുടെ മത്സരം കാണാനുള്ള അവസരത്തിനുള്ള കാത്തിരിപ്പിലാണ്. എന്റെ സ്വപ്ന സാക്ഷാത്കാരത്തിന് സഹായിച്ചവർക്ക് ഏറെ നന്ദിയുണ്ട്.

വിമാനടിക്കറ്റ് നൽകിയ ശ്രീകുമാർ കോർമത്തിനും മാച്ച് ടിക്കറ്റും ഹയ്യാ കാർഡും സമ്മാനിച്ച ഗോ മുസാഫർ ട്രാവൽ ആൻഡ് ടൂറിസം ജനറൽ മാനേജർ ഫിറോസ് നാട്ടുവിനും നന്ദി. നവംബർ 22ന് ഖത്തറിൽ കാണാം. കളി കാണുന്നതിനു പുറമെ, എല്ലാ സ്റ്റേഡിയത്തിനരികിലുമെത്തി ബാൾ പ്രകടനം നടത്തണമെന്ന ആഗ്രഹവുമുണ്ട്'

-അബ്ദുൽ റഹ്മാൻ

Tags:    
News Summary - Rahmanika will come to create magic in Cornish and Bidda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.