ചാമ്പ്യൻസ് ലീഗിൽ ജയിച്ചുകയറി റയൽ, ബയേൺ, ആഴ്സണൽ, മാഞ്ചസ്റ്റർ

ലിസ്ബൺ: ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, ആഴ്സണൽ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾക്ക് ജയം. തകർപ്പൻ ഫോം തുടരുന്ന യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെയും ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെയും മികവിലാണ് റയൽ ജയിച്ചുകയറിയത്. പോർച്ചുഗീസ് ക്ലബ് ബ്രാഗയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്​പെയിനുകാർ തകർത്തുവിട്ടത്.

16ാം മിനിറ്റിൽ റോഡ്രിഗോയിലൂടെയാണ് റയൽ ആദ്യ ഗോൾ നേടിയത്. ഇടതുവിങ്ങിലൂടെ മുന്നേറിയ വിനീഷ്യസ് നൽകിയ മനോഹര ക്രോസ് റോഡ്രിഗോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 34ാം മിനിറ്റിൽ വിനീഷ്യസിന്റെ തന്നെ ​പാസിൽ റോഡ്രി​ഗോ വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. 51ാം മിനിറ്റിൽ ബെല്ലിങ്ഹാമിന്റെ തകർപ്പൻ ഷോട്ട് ബ്രാഗ ഗോൾകീപ്പർ മനോഹരമായി കുത്തിയകറ്റി. എട്ട് മിനിറ്റിന് ശേഷം കമവിംഗയുടെ ഷോട്ടും ഗോൾകീപ്പർ ഡൈവ് ചെയ്ത് കൈയിലൊതുക്കി.

61ാം മിനിറ്റിൽ ബെല്ലിങ്ഹാം റയലിന്റെ ലീഡ് ഇരട്ടിയാക്കി. വിനീഷ്യസ് നൽകിയ പാസ് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന താരം പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. രണ്ട് മിനിറ്റിനകം ബ്രാഗ ഒരു ഗോൾ തിരിച്ചടിച്ചു. അൽവാരോ ജാലോയുടെ വകയായിരുന്നു ഗോൾ. 70ാം മിനിറ്റിൽ സമനില ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും റയൽ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചു. 82ാം മിനിറ്റിൽ വിനീഷ്യസ് ഒറ്റക്ക് മുന്നേറി എതിർ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. കളിച്ച മൂന്നു കളികളിലും വിജയിച്ച റയൽ ഗ്രൂപ്പിൽ ഒമ്പത് പോയന്റുമായി ഒന്നാമതാണ്.

ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ മൂന്ന് കളികളിൽ റയൽ മാഡ്രിഡിനായി ഇറങ്ങിയ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോൾനേട്ടവും മൂന്നായി. സീസണിൽ ക്ലബിനും രാജ്യത്തിനുമായി 15 മത്സരങ്ങളിൽ ഇറങ്ങിയ മിഡ്ഫീൽഡർ 12 ഗോളാണ് എതിർ വലയിൽ അടിച്ചുകയറ്റിയത്.

ഗ്രൂപ്പ് ‘എ’യിൽ ബയേൺ മ്യൂണിക് ഗാലറ്റസറെയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തു. കിങ്സ്‍ലി കോമാൻ, ഹാരി കെയ്ൻ, ജമാൽ മുസിയാല എന്നിവരായിരുന്നു ബയേണിനായി ഗോൾ നേടിയത്. മികച്ച ഫോമിലുള്ള ഹാരി കെയ്ൻ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പെനാൽറ്റിയിലൂടെ ഇക്കാർഡിയാണ് ഗലാറ്റസറെയുടെ ആശ്വാസ ഗോൾ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.സി കോപൻഹേഗനെ 1-0ത്തിന് തകർത്തു. 72ാം മിനിറ്റിൽ എറിക്സന്റെ അസിസ്റ്റിൽ ഹാരി മഗ്വയർ ആണ് യുനൈറ്റഡിന്റെ ഏക ഗോൾ നേടിയത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബയേണാണ് ഒമ്പത് പോയന്റോടെ ഗ്രൂപ്പിൽ മുന്നിൽ. നാല് പോയന്റുള്ള ഗാലറ്റസറെ രണ്ടാമതും മൂന്ന് പോയന്റുള്ള മാഞ്ചസ്റ്റർ മൂന്നാമതുമാണ്.

ഗ്രൂപ്പ് ‘ബി’യിൽ ആഴ്സണൽ 2-1ന് സെവിയ്യയെ തോൽപിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മാർട്ടിനെല്ലിയും 53ാം മിനിറ്റിൽ ഗബ്രിയേൽ ജീസസും നൽകിയ ഗോളുകളാണ് ഗണ്ണേഴ്സിന് ജയമൊരുക്കിയത്. സെവിയ്യക്കായി 58ാം മിനിറ്റിൽ ഗുദെൽജ് ഒരു ഗോൾ തിരിച്ചടിച്ചു.

മറ്റു മത്സരങ്ങളിൽ ഇന്റർ മിലാൻ ആർ.ബി സാൽസ്ബർഗിനെ 2-1നും നാപോളി 1-0ത്തിന് യൂനിയൻ ബർലിനെയും റയൽ സൊസീഡാഡ് 1-0ത്തിന് ബെൻഫിക്കയെയും തോൽപിച്ചു. ലെൻസ്-പി.എസ്.വി ഐന്തോവൻ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു. 

Tags:    
News Summary - Real, Bayern, Arsenal and Manchester won the Champions League matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.