അവിശ്വസനീയം ഈ തിരിച്ചുവരവ്! ഇന്‍ററിനെ വീഴ്ത്തി ഇറ്റാലിയൻ സൂപ്പർ കപ്പിൽ മുത്തമിട്ട് മിലാൻ

റിയാദ്: ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് എ.സി മിലാൻ. റിയാദിലെ അൽ-അവാൽ പാർക്കിൽ നടന്ന ആവേശപോരിൽ നിലവിലെ ചാമ്പ്യന്മാരും ബദ്ധവൈരികളുമായ ഇന്‍റർമിലാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് എ.സി മിലാന്‍റെ കിരീട നേട്ടം.

ഇൻജുറി ടൈമിൽ (90+3) ടാമി അബ്രഹാമാണ് മിലാന്‍റെ വിജയ ഗോൾ നേടിയത്. രണ്ടു ഗോളിനു പിന്നിൽ പോയശേഷം നാടകീയമായാണ് മിലാൻ ജയം പിടിച്ചെടുത്തത്. തിയോ ഹെർണാണ്ടസ്, ക്രിസ്റ്റിയൻ പുലിസിച് എന്നിവരും മിലാനായി വലകുലുക്കി. ഇന്ററിനായി ലൗട്ടാരോ മാർട്ടിനസ്, മെഹ്ദി തരേമി എന്നിവർ ഗോൾ നേടി. മൂന്ന് വർഷമായി സൂപ്പർ കപ്പിൽ ഇന്റർ തുടരുന്ന അപ്രമാധിത്യം അവസാനിപ്പിച്ചാണ് മിലാൻ 2016ന് ശേഷം കിരീടം തിരിച്ചുപിടിച്ചത്.

ജയത്തോടെ എട്ട് ഇറ്റാലിയൻ സൂപ്പർ കപ്പ് കീരടങ്ങളുമായി മിലാൻ ഇന്‍ററിന്‍റെ റെക്കോഡിനൊപ്പമെത്തി. ഇടവേളക്കു പിരിയാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ (45+1) ലൗട്ടാരോ മാർട്ടിനസിലൂടെ ഇന്‍ററാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിൽ (47) മെഹ്ദി തരേമി ഇന്‍ററിന്‍റെ ലീഡ് വർധിപ്പിച്ചു. ഫ്രീകിക്ക് വലയിലാക്കി 52ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് മിലാനായി ഒരു ഗോൾ മടക്കി. 80ാം മിനിറ്റിൽ ക്രിസ്റ്റിയൻ പുലിസിചിലൂടെ മിലാൻ മത്സരത്തിൽ ഒപ്പമെത്തി.

മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ അബ്രഹാം മിലാന്‍റെ രക്ഷകനായി അവതരിക്കുന്നത്.

Tags:    
News Summary - AC Milan win Super Cup after Tammy Abhram's last gasp goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.