മഡ്രിഡ്: സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമയുടെ നേതൃത്വത്തിൽ അവിശ്വസനീയ തിരിച്ചുവരവ് ജയവുമായി സ്പാനിഷ് ലാ ലിഗ കിരീടത്തിലേക്ക് ഒരുപടികൂടി അടുത്ത് റയൽ മഡ്രിഡ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടാംപകുതിയിൽ മൂന്നു ഗോളടിച്ചാണ് കാർലോ ആഞ്ചലോട്ടിയുടെ ടീം സെവിയ്യയെ കീഴടക്കിയത്. ഇതോടെ ഒന്നാംസ്ഥാനത്ത് 15 പോയന്റ് ലീഡായി റയലിന്.
മിന്നും ഫോമിലുള്ള ബെൻസേമയാണ് ഇഞ്ചുറി സമയത്ത് റയലിന് ജയം സമ്മാനിച്ച ഗോൾ സ്കോർ ചെയ്തത്. 21, 25 മിനിറ്റുകളിൽ ഇവാൻ റാകിറ്റിച്, എറിക് ലമേല എന്നിവരുടെ ഗോളിലാണ് സെവിയ്യ മുൻതൂക്കം നേടിയത്. എന്നാൽ, ഇടവേളക്കുശേഷം ആഞ്ചലോട്ടിയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ കളി മാറ്റി. പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോ 50ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. 80ാം മിനിറ്റിൽ പകരക്കാരനായി വന്ന നാചോ ആദ്യ ടച്ചിൽതന്നെ സ്കോർ ചെയ്ത് കളി തുല്യതയിലാക്കി. രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് ഡാനി കാർവഹാൽ. അതിനു പിന്നാലെയായിരുന്നു ഇഞ്ചുറി സമയത്തിന്റെ രണ്ടാം മിനിറ്റിൽ റോഡ്രിഗോയുടെ പാസിൽനിന്ന് ബെൻസേമയുടെ ഗോൾ. അവസാന 10 മത്സരങ്ങളിൽ ഫ്രഞ്ച് സ്ട്രൈക്കറുടെ 15ാം ഗോളാണിത്. ലീഗിൽ 25 ഗോളുകളുമായി ബെൻസേമതന്നെയാണ് ടോപ്സ്കോറർ സ്ഥാനത്ത്.
കരുത്തരായ അത്‍ലറ്റികോ മഡ്രിഡും ജയം നേടി. 2-1ന് എസ്പാന്യോളിനെയാണ് തോൽപിച്ചത്. പകരക്കാരനായെത്തിയ യാനിക് കരാസ്കോയാണ് രണ്ടു ഗോളും നേടിയത്. വിജയഗോൾ ഇഞ്ചുറി സമയത്തിന്റെ പത്താം മിനിറ്റിൽ പെനാൽറ്റിയിൽനിന്നായിരുന്നു.
32 മത്സരങ്ങളിൽ 75 പോയന്റുമായി ഒന്നാംസ്ഥാനത്ത് ബഹുദൂരം മുന്നിലാണ് റയൽ. രണ്ടു മത്സരം കുറച്ചു കളിച്ച ബാഴ്സലോണയാണ് (60) രണ്ടാമത്. മൂന്നും നാലും സ്ഥാനങ്ങളിലുള്ള സെവിയ്യക്കും അത്‍ലറ്റികോ മഡ്രിഡിനും 32 കളികളിൽ 60 പോയന്റ് വീതമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.