മാഡ്രിഡ്: എൽ ക്ലാസികോ പോരിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയവുമായി ബാഴ്സലോണ. എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്സയുടെ ജയം. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻഡോസ്കി രണ്ട് ഗോളുകൾ നേടി. യുവതാരം ലാമിൻ യമാലിന്റേയും റാഫീഞ്ഞയുടേയും വകയായിരുന്നു മറ്റ് ഗോളുകൾ.
ദുസ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത തോൽവിയാണ് റയലിന് കഴിഞ്ഞ ദിവസം ഉണ്ടായത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകളാണ് മത്സരം റയലിൽ നിന്നും തട്ടിയെടുത്തത്. രണ്ട് മിനിറ്റിനുള്ളിലാണ് ലെവൻഡോസ്കി രണ്ട് ഗോളുകൾ നേടിയത്. 54,56 മിനിറ്റുകളിലാണ് രണ്ട് ഗോളുകളും പിറന്നത്. 77ാം മിനിറ്റിൽ യമാലും 84ാം മിനിറ്റി റാഫീഞ്ഞയും ബാഴ്സലോണക്കായി ലക്ഷ്യംകണ്ടു.
ആദ്യപകുതി മുതൽ ആക്രമണ ഫുട്ബാളാണ് ബാഴ്സ പുറത്തെടുത്തത്. എന്നാൽ, അൽപ്പം കൂടി പ്രതിരോധ ശൈലിയിലായിരുന്നു റയലിന്റെ കളി. 42 ശതമാനം മാത്രമാണ് റയലിനുണ്ടായിരുന്ന പന്തടക്കം. ഒമ്പതിനെതിരെ എട്ട് ഗോൾശ്രമങ്ങളാണ് റയലിന്റെ ഭാഗത്ത് നിന്നുണ്ടായത്.
42 തുടർ മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച റയലിന്റെ വീഴ്ചക്ക് കൂടി സാന്റിയാഗോ ബെർണബ്യു സാക്ഷിയായി. എൽ ക്ലാസികോയിൽ കൂടി വിജയിച്ചിരുന്നുവെങ്കിൽ 2017 മുതൽ 2018 വരെയുള്ള കാലയളവിൽ പരാജയമറിയാതെ കളിച്ച ബാഴ്സയുടെ റെക്കോഡിനൊപ്പം റയലുമെത്തുമായിരുന്നു.
ജയത്തോടെ ലാ ലിഗയിൽ 11 കളികളിൽ 10 ജയത്തോടെ 30 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. 11 മത്സരങ്ങളിൽ ഏഴ് ജയത്തോടെ 24 പോയിന്റുമായി റയൽ മാഡ്രിഡാണ് രണ്ടാമത്. 21 പോയിന്റുമായി വിയ്യാറയലാണ് മൂന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.