ദോഹ: പതിവുപോലെ ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു ഇത്തവണയും ലോകകപ്പെങ്കിൽ നെരിപ്പോടിനുള്ളിൽ എന്ന പോലെയാകുമായിരുന്നു കളി. ജൂൺ തുടങ്ങുമ്പോഴേക്കും 30 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് ലോകകപ്പ് വേദിയിലെ അന്തരീക്ഷ താപനില. ജൂലൈയിലെത്തുമ്പോഴേക്കും 50 കടക്കും. എങ്കിലും ഈ ജൂണിലെ എരിപൊരികൊള്ളുന്ന ചൂടിനിടയിലും ഏഷ്യൻ യോഗ്യത റൗണ്ട്, ഇന്‍റർകോണ്ടിനെന്‍റൽ പ്ലേഓഫ് മത്സരങ്ങൾക്ക് വേദിയൊരുക്കിയ ഖത്തർ കായിക ലോകത്തിന് സമ്മാനിച്ചത് മറ്റൊരു അതിശയമാണ്.
ഏത് ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും പന്തുകളിക്ക് വേദിയൊരുക്കാനുള്ള സാങ്കേതിക സംവിധാനം വികസിപ്പിച്ചാണ് ഖത്തർ കായിക ലോകത്തെ വിസ്മയിപ്പിച്ചത്. പുറത്തെ ചൂടും ഈർപ്പവുമൊന്നും ഏശാതെ 23 ഡിഗ്രിയിലും താഴെ ഇളം തണുപ്പിലിരുന്ന് കളിയാസ്വദിക്കാനുള്ള സംവിധാനം. കഴിഞ്ഞയാഴ്ചയിൽ ലോകകപ്പ് പ്ലേഓഫ് മത്സരങ്ങൾക്ക് ഖത്തർ സമയം രാത്രി ഒമ്പതു മണിക്കായിരുന്നു കിക്കോഫ്. അപ്പോൾ, പുറത്തെ താപനില 36-38 ഡിഗ്രി വരെ. എങ്കിലും 20,000ത്തോളം പേർ തിങ്ങിനിറഞ്ഞ അഹമ്മദ് ബിൻ അലി സ്റ്റേഡിയം സമ്മാനിച്ചത് ഡിസംബറിലെ കുളിരുകാലത്തെന്ന പോലെ ഒരു ഫുട്ബാൾ മത്സരത്തിന്‍റെ ആസ്വാദനം.
ലോകകപ്പിന് പന്തുരുളുന്ന നവംബർ-ഡിസംബറിൽ പകലും രാത്രിയും നല്ല തണുപ്പുള്ള കാലാവസ്ഥയാണ് ഖത്തറിൽ. അതുകൊണ്ടുതന്നെ ചൂടൊരു വെല്ലുവിളിയുമല്ല. എങ്കിലും ലോകകപ്പിന് വേദിയനുവദിച്ചപ്പോൾ, പടിഞ്ഞാറൻ രാജ്യങ്ങൾ ഉയർത്തിയ ചൂട് എന്ന ആശങ്കക്ക് തങ്ങളുടെ സ്വന്തം ശാസ്ത്രസംഘത്തിന്‍റെ മേൽനോട്ടത്തിൽ പുതിയ കണ്ടെത്തലിലൂടെ പരിഹാരം നിർദേശിച്ചാണ് ഖത്തർ മറികടന്നത്.
ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ യൂനിവേഴ്സിറ്റിയും കൈകോർത്ത് നടത്തിയ ഗവേഷണത്തിനൊടുവിൽ രൂപകൽപന ചെയ്യപ്പെട്ട സ്റ്റേഡിയങ്ങളിലെ ശീതീകരണ സംവിധാനങ്ങൾ. മെക്കാനിക്കൽ എൻജിനീയർ ഡോ. സൗദ അബ്ദുൽ അസീസ് അബ്ദുൽ ഗാനിയുടെ മേൽനോട്ടത്തിൽ തയാറാക്കിയ കൃത്രിമ ശീതീകരണ സംവിധാനങ്ങൾ ലോകകപ്പിന്‍റെ എട്ടു വേദികളിലും തയാറാണ്.
മൈതാനങ്ങളിലേക്ക് തണുത്ത കാറ്റ് പകരുന്ന പ്രത്യേക എയർഹോളുകൾ. ഇതിനൊപ്പം 40,000 മുതൽ 80,000 വരെ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറിയിൽ ഇരിപ്പിടങ്ങൾക്കടിയിൽ ചെറു എയർഹോളുകൾ വഴിയും തണുത്ത കാറ്റ് ഇരച്ചെത്തുന്നു.
സ്റ്റേഡിയത്തിൽ എപ്പോഴും 18 മുതൽ 24 ഡിഗ്രിവരെ അന്തരീക്ഷ താപനില നിലനിർത്താൻ കഴിയുമെന്നതാണ് കൂളിങ് സംവിധാനത്തിന്‍റെ സവിശേഷത.
ഖത്തർ വികസിപ്പിച്ച് വിജയകരമായി നടപ്പാക്കിയ കൂളിങ് ടെക്നോളജി സ്വന്തം പേരിൽ പേറ്റന്‍റ് സ്ഥാപിക്കാതെയാണ് രജിസ്റ്റർ ചെയ്തത്. ലോകത്ത് ഏത് രാജ്യങ്ങൾക്കും സൗജന്യമായി സാങ്കേതിക വിദ്യ പകർത്തിയെടുക്കാം. ഖത്തർ ലോകകപ്പ് മുന്നോട്ടുവെക്കുന്ന പൈതൃകം എന്ന ആശയത്തിന്‍റെ മറ്റൊരു ഭാഗമാണ് ഈ ശീതീകരണ സംവിധാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.