എംബാപ്പെയുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്; പ്രത്യേക മാസ്കണിഞ്ഞ് കളിക്കും

മ്യൂണിക്: യൂറോ കപ്പിൽ ഓസ്ട്രിയക്കെതിരായ പോരാട്ടത്തിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് മൂക്കിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. അതേസമയം, നെതർലാൻഡ്സിനെതിരായ അടുത്ത മത്സരത്തില്‍ താരം കളത്തിലിറങ്ങുമോയെന്ന് വ്യക്തമായിട്ടില്ല.

ഫ്രഞ്ച് ടീം ക്യാമ്പിലേക്ക് എംബാപ്പെ തിരിച്ചെത്തിയെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തിന് ചികിത്സ വേണ്ടിവരുമെങ്കിലും ഉടൻ ശസ്ത്രക്രിയ വേണ്ടതില്ലെന്നും ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. താരത്തിന് കളിക്കാൻ സഹായകമാകുന്ന രീതിയിൽ പ്രത്യേക മാസ്ക് ഒരുക്കുമെന്നും ഇതിൽ പറയുന്നു. അടുത്ത മത്സരത്തിൽ കളിക്കാനാവുമോയെന്ന് പറയാറായിട്ടില്ലെന്ന് പരിശീലകൻ ദിദിയർ ദെഷാംപ്സും അറിയിച്ചിരുന്നു.

86ാം മിനിറ്റിൽ ഓസ്ട്രിയന്‍ താരം കെവിന്‍ ഡാന്‍സോയുമായി കൂട്ടിയിടിച്ചാണ് എംബാപ്പേക്ക് പരിക്കേറ്റത്. അന്റോയിൻ ഗ്രീസ്മാൻ നൽകിയ ക്രോസ് പെനാൽറ്റി ബോക്സിൽ ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു കൂട്ടിയിടി. ഇതോടെ താരത്തിന്റെ മൂക്കില്‍നിന്ന് രക്തം ഒഴുകുകയും ഉടൻ മെഡിക്കൽ സംഘം എത്തി പരിശോധിച്ച് മത്സരത്തില്‍നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ഓസ്ട്രിയൻ താരം മാക്‌സിമിലിയൻ വോബർ ‘സമ്മാനിച്ച’ സെൽഫ് ഗോളിലാണ് ഫ്രാൻസ് ജയിച്ചുകയറിയത്. ജൂൺ 22ന് ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് നെതർലാൻഡ്സുമായുള്ള ഫ്രാൻസിന്റെ അടുത്ത മത്സരം. 

Tags:    
News Summary - Report that Mbappe's injury is not serious; Will be played with Special mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.