ഹാട്രിക് ലെവൻഡോവ്‌സ്‌കി! ബാഴ്സക്ക് തകർപ്പൻ ജയം; മൂന്നു പോയന്‍റ് ലീഡ്

സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി ആദ്യ പകുതിയിൽ നേടിയ ഹാട്രിക്കിന്‍റെ ബലത്തിൽ ലാ ലിഗയിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. ഡിപോർട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് എവേ മത്സരത്തിൽ ബാഴ്സ നിലംപരിശാക്കിയത്.

ജയത്തോടെ പോയന്‍റ് പട്ടികയിൽ ഒന്നാമതുള്ള ഹാൻസി ഫ്ലിക്കിനും സംഘത്തിനും മൂന്നു പോയന്‍റിന്‍റെ ലീഡായി. ഏഴ്, 22, 32 മിനിറ്റുകളിലാണ് പോളിഷ് താരത്തിന്‍റെ ഹാട്രിക്. അലാവെസിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തിൽ റഫീഞ്ഞയുടെ ഫ്രീകിക്കിൽനിന്നാണ് ലെവൻഡോവ്‌സ്‌കി കാറ്റലൻസിന് ലീഡ് നേടികൊടുത്തത്. റഫീഞ്ഞ ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ ക്രോസിന് കൃത്യമായി ഓടിയെത്തിയ താരം ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി.

22ാം മിനിറ്റില്‍ റഫീഞ്ഞയുടെ ക്രോസില്‍നിന്നുതന്നെ ലെവന്‍ഡോവ്‌സ്‌കി ലീഡ് വർധിപ്പിച്ചു. പത്ത് മിനിറ്റിനുള്ളില്‍ താരം വീണ്ടും പന്ത് വലയിലാക്കി ഹാട്രിക് പൂര്‍ത്തിയാക്കി. എറിക് ഗാര്‍സിയയുടെ പാസ് വലയിലെത്തിച്ചാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. താരത്തിന്‍റെ കരിയറിൽ ആദ്യ പകുതിയിൽ നേടുന്ന ആദ്യ ഹാട്രിക്കാണ്. സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ബാഴ്സക്കായി 11 മത്സരങ്ങളിൽ ലെവൻഡോവ്സ്കിയുടെ ഗോൾനേട്ടം 12 ആയി.

ആതിഥേയർക്ക് മത്സരത്തിൽ കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ടോണി മാർട്ടിനെസ് അലാവെസിനായി ആശ്വാസ ഗോൾ മടക്കിയെന്ന് തോന്നിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്സയുടെ ആധിപത്യമായിരുന്നു. മത്സരത്തിൽ 72 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്സയായിരുന്നു. ഒമ്പത് മത്സരങ്ങളിൽനിന്ന് 24 പോയന്‍റുമായാണ് ബാഴ്സ ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള റയൽ മഡ്രിഡിന് 21 പോ‍യന്‍റുണ്ട്.

Tags:    
News Summary - Robert Lewandowski scored hat-trick for Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.