മഡ്രിഡ്: അർജന്റീനയുടെ ലോകകപ്പ് ചാമ്പ്യനായ സ്റ്റാർ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിനെ നോട്ടമിട്ട് സൗദി അറേബ്യൻ ക്ലബായ അൽ അഹ്‍ലി. ഡി പോളിനെ ടീമിലെത്തിക്കാൻ അൽ അഹ്‍ലി കരുനീക്കം തുടങ്ങിയതായി പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വിറ്ററിൽ വെളിപ്പെടുത്തി. നാപ്പോളിയിൽനിന്ന് പോളിഷ് മിഡ്ഫീൽഡർ പീറ്റർ സീലിൻസ്കിയെ സ്വന്തമാക്കാനുള്ള നീക്കം പാളിയതിനു പിന്നാലെയാണ് ഡി പോളിനായി വമ്പൻ ഓഫറുമായി സൗദി ക്ലബ് വലയെറിയുന്നത്.
നിലവിൽ സ്പാനിഷ് ലീഗിലെ അതികായരായ അത്‍ലറ്റികോ മഡ്രിഡിന്റെ താരമാണ് ഡി പോൾ. തങ്ങളുടെ മുന്നണിപ്പോരാളിയായ അർജന്റീനക്കാരനെ വിട്ടുകൊടുക്കാൻ അത്‍ലറ്റികോ ഒരുക്കമാവാൻ ഇടയില്ലെങ്കിലും അൽ അഹ്‍ലി കാര്യമായ ശ്രമം നടത്തുന്നതായി റൊമാനോ കുറിച്ചു.
യൂറോപ്പിലെ മുൻനിര ലീഗുകളിൽനിന്ന് നെയമറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾ ഇതിനകം സൗദി ലീഗിലേക്ക് കൂടുമാറിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റെസ്, ലിവർപൂളിൽനിന്ന് ബ്രസീൽ താരം റോബർട്ടോ ഫിർമിനോ, ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, അലെയ്ൻ സെന്റ് മാക്സിമിൻ, ഫ്രാങ്ക് കെസി, റോബർ ഇബാനെസ്, തുർക്കി ഡിഫൻഡർ മെറീഹ് ദെമിറാൽ എന്നീ പ്രമുഖർ ഇതിനകം അൽഅഹ്‍ലിയിൽ എത്തിയിട്ടുണ്ട്. ഇറ്റാലിയൻ ക്ലബായ അത്‍ലാന്റയിൽനിന്ന് കഴിഞ്ഞ ദിവസം മൂന്നുവർഷത്തെ കരാറിലാണ് ദെമിറാൽ സൗദി ക്ലബിലേക്ക് ചേക്കേറിയത്.
പി.എസ്.ജിയുടെ ഇറ്റാലിയൻ മിഡ്ഫീൽഡർ മാർകോ വെറാറ്റിയെയും അൽ അഹ്‍ലി നോട്ടമിട്ടിട്ടുണ്ട്. എന്നാൽ, യൂറോപ്പിൽ കളി തുടരുന്നതിൽ കൂടുതൽ താൽപര്യം കാട്ടുന്ന വെറാറ്റി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച അൽ അഹ്‍ലി മികച്ച ഫോമിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.