ഇന്ത്യൻ സൂപ്പർ ലീഗിൻെറ ഏഴാം സീസണിൽ 23 കാരനായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. ഡി.എസ്.കെ ശിവാജിയൻസ് അക്കാദമിയിൽ ചേരുന്നതിന് മുമ്പ് ബൈച്ചംഗ് ഭൂട്ടിയ ഫുട്ബോൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയർ ആരംഭിച്ചത്. 2013 ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു. 2016 ൽ ഡ്യുറാൻഡ് കപ്പിനുള്ള സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
വലത്-കാൽ കളിക്കാരനായ രോഹിത് ആ സീസണിൽ ഐ-ലീഗിൽ നടത്തിയ സുസ്ഥിര പ്രകടനങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് പുണെ സിറ്റിയിലെത്താൻ സഹായിച്ചു. പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ അദ്ദേഹം ഐ.എസ്.എല്ലി.ൻെറ ആറാം സീസണിൽ ഹൈദരാബാദ് എഫ്.സിയിലേക്ക് ചേക്കേറി. പുതിയ ക്ലബ്ബിനായി ഒൻപത് മത്സരങ്ങളിൽ
സെൻട്രൽ മിഡ്‌ഫീൽഡർ നിരയിൽ കളിച്ച രോഹിത് ഒരു ഗോൾ നേടുകയും ചെയ്തു. മിഡ്ഫീൽഡർ എന്ന നിലയിൽ രോഹിത് പുലർത്തുന്ന വിശ്വാസ്യതയും സ്ഥിരതയുമാണ് ബ്ലാസ്റ്റേഴ്സ് താരത്തെ റാഞ്ചിയത്.
"ഞാൻ എല്ലായ്പ്പോഴും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. ക്ലബ്ബിൻെറ കാഴ്ചപ്പാടിന് സംഭാവന നൽകുന്നതിന് എൻെറ പരിശീലകർ, ടീം അംഗങ്ങൾ, മാനേജുമെൻറ്, പ്രത്യേകിച്ചും ആരാധകർ എന്നിവരുടെ സഹായത്തോടെ ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയിൽ എന്നെത്തന്നെ മെച്ചപ്പെടുത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടീമിൻെറ പിന്തുണയോടെ, സമീപഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി ട്രോഫികൾ ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. " രോഹിത് കുമാർ പറയുന്നു.
"രോഹിത്തിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ മിഡ് ഫീൽഡിന് മറ്റൊരു ഗുണമേന്മയാണ് അദ്ദേഹം. ടീമിനായി തൻെറ കഴിവുകളെല്ലാം തന്നെ അദ്ദേഹം പുറത്തെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണ്. " കേരള ബ്ലാസ്റ്റേഴ്സിൻെറ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.