റിയാദ്: പോർചുഗൽ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം 100 കോടി കടന്നു. ഇൻസ്റ്റഗ്രാമിൽ 63.9 കോടി ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോക്കുള്ളത്. ഫേസ്ബുക്കിൽ 17 കോടി ഫോളോവേഴ്സുള്ള റോണോക്ക് എക്സിൽ 11.3 കോടിയും വീബോയിൽ 10 കോടിയുമുണ്ട്.
സമൂഹ മാധ്യമത്തിൽ 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യത്തെയാളാണ് ക്രിസ്റ്റ്യാനോ. എക്സ് പോസ്റ്റിലാണ് സമൂഹ മാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയായ കാര്യം 39കാരൻ അറിയിച്ചത്. ചരിത്രനേട്ടത്തില്‍ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.
‘‘100 കോടി ഫോളോവേഴ്സുമായി നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇത് കേവലം ഒരു സംഖ്യമാത്രമല്ല, കളിയോടും അതിനപ്പുറമുള്ള നമ്മുടെ സ്നേഹത്തിന്‍റെയും അഭിനിവേശത്തിന്‍റെയും തെളിവാണ്. മദേറിയയിലെ തെരുവുകൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ, ഞാൻ എപ്പോഴും എന്‍റെ കുടുംബത്തിനും നിങ്ങൾക്കുമായാണ് കളിച്ചത്. ഇപ്പോൾ നമ്മൾ 100 കോടി പേരായി ഒരുമിച്ചു നില്‍ക്കുന്നു. എന്‍റെ എല്ലാ ഉയർച്ചയിലും താഴ്ചകളിലും നിങ്ങൾ ഓരോ ചുവടിലും എന്നോടൊപ്പമുണ്ടായിരുന്നു. ഈ യാത്ര നമ്മുടെ യാത്രയാണ്, ഒരുമിച്ച്, നമുക്ക് നേടാനാകുന്നതിന് പരിധികളില്ലെന്ന് തെളിയിച്ചിരിക്കുന്നു. എന്നിൽ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണക്കും എന്‍റെ ജീവിതത്തിന്‍റെ ഭാഗമായതിനും നന്ദി.
ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നമ്മൾ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും’’ -സൗദി അറേബ്യയിലെ അൽ നസ്ർ ക്ലബിനായി കളിക്കുന്ന താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.