ഇസിബ (സ്പെയിൻ): ബ്രസീലിന്റെ വിഖ്യാത ഫുട്ബാളർ റൊണാൾഡോ നസാരിയോ വിവാഹിതനായി. 47കാരനായ മുൻ മുന്നേറ്റ താരം തന്നേക്കാൾ 14 വയസ്സ് ഇളപ്പമുള്ള സെലിന ലോക്സിനെയാണ് വിവാഹം കഴിച്ചത്. ബ്രസീലിലെ കർട്ടിബ സ്വദേശിനിയായ സെലിന അറിയപ്പെടുന്ന മോഡലാണ്.
സ്പെയിനിലെ ഇസിബയിലാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. റൊണാൾഡോയുടെ മൂന്നാം വിവാഹമാണിത്. നേരത്തേ, മിലെനെ ഡൊമിൻഗ്വസിനെയും പിന്നീട് ഡാനിയേല സികാരെല്ലിയെയും വിവാഹം കഴിച്ച റൊണാൾഡോ ഇരുവരിൽനിന്നും വിവാഹമോചനം നേടിയിരുന്നു.
പരമ്പരാഗത പാശ്ചാത്യൻ വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും വിവാഹചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. വിവാഹ വേദിയിൽനിന്ന് പുറത്തേക്കു വരുന്ന നവദമ്പതികളുടെ മേൽ വെള്ള പൂക്കൾ വർഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘ഇന്ന് ഞങ്ങളുടെ കുടുംബങ്ങൾ കൂടി ഒന്നായിരിക്കുന്നു. ഒരുപാട് ആഘോഷങ്ങളുടെ തുടക്കമാണിത്’ -സെലിന സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. റൊണാൾഡോയും സെലിനയും കഴിഞ്ഞ ജനുവരിയിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഏഴു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു തവണ ലോകകപ്പ് ജേതാവായ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളടിവീരന്മാരിൽ ഒരാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.