റിയാദ്: ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരന്ന റിയാദ് സീസൺ കപ്പ് സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിയാദ് ഓൾ സ്റ്റാർ ഇലവനെ 5-4നാണ് പി.എസ്.ജി തോൽപ്പിച്ചത്.
വിജയികൾക്ക് വേണ്ടി ലയണൽ മെസ്സി (രണ്ടാം മിനിറ്റ്), മാർക്കിഞ്ഞോസ് (42), സെർജിയോ റാമോസ് (53), കിലിയൻ എംബാപ്പെ (പെനാൽറ്റി, 60), ഹ്യൂഗോ എകിറ്റെക്കേ (78) എന്നിവർ ഗോൾ നേടി. റിയാദ് ഓൾ സ്റ്റാർ ഇലവനായി ക്രിസ്റ്റ്യാനോ റൊണാൾഡോ 33ാം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തും ഗോളടിച്ചു. 56ാം മിനിറ്റിൽ ഹ്യൂയോൺ സൂ ജാങ്ങ് ആതിഥേയ ടീമിന്റെ മൂന്നാം ഗോളിനുടമയായി. ഓൾ സ്റ്റാർ ഇലവന്റെ അവസാന ഗോൾ 94ാം മിനിറ്റിൽ ആൻഡേഴ്സൻ ടാലിസ്ക നേടി. അമിതാഭ് ബച്ചനായിരുന്നു മത്സരത്തിലെ മുഖ്യാതിഥി.
രണ്ടാം മിനിറ്റിൽ നെയ്മറുടെ മനോഹരമായ പാസിൽനിന്നാണ് അറേബ്യൻ മണ്ണിൽ ഒരുമാസത്തിന് ശേഷം മെസ്സിയുടെ മറ്റൊരു ഗോൾ പിറന്നത്. 33ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ വലകുലുക്കി. പി.എസ്.ജി ഗോളി കെയ്‍ലർ നവാസ് കൈകൊണ്ട് റൊണാൾഡോയുടെ മുഖത്തടിച്ചതിനായിരുന്നു പെനാൽറ്റി. സൗദിയിൽ റൊണാൾഡോയുടെ ആദ്യഗോളായിരുന്നു അത്. 39ാം മിനിറ്റിൽ പി.എസ്.ജിയുടെ യുവാൻ ബെർനാറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിന് പിന്നാലെയാണ് ടീം 42ാം മിനിറ്റിൽ മാർക്കിഞ്ഞോസിലൂടെ രണ്ടാം ഗോൾ നേടിയത്. ഒന്നാം പകുതിയുടെ അന്ത്യനിമിഷത്തിൽ റൊണാൾഡോയുടെ ഹെഡറിൽ നിന്നുള്ള റീബൗണ്ട് ബാൾ റൊണാൾഡോ തന്നെ വലയിലെത്തിച്ചു. സ്കോർ: 2-2. രണ്ടാം പകുതിയിൽ പി.എസ്.ജി 4-3ന് ലീഡ് നേടിയ ശേഷം മെസ്സിയും എംബാപ്പെയും നെയ്മറുമടക്കമുള്ള താരങ്ങൾ തിരിച്ചു കയറി. തൊട്ടുമുമ്പ് റൊണാൾഡോയെയും കോച്ച് കരക്ക് കയറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.