മത്സരത്തിലുണ്ടായിരുന്ന മുൻതൂക്കം ഒരിക്കൽകൂടി കേരള ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചു. എ.ടി.കെ മോഹൻ ബഗാനെതിരെ രണ്ടുഗോളിന് മുന്നിട്ടുനിന്ന് ആവേശപ്പരകോടിയിലെത്തിച്ച ശേഷം രണ്ടാം പകുതിയിൽ മൂന്നെണ്ണം വഴങ്ങി ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശയിലേക്ക് തള്ളിവിട്ടു.
14ാം മിനുറ്റിൽ ഗാരിഹൂപ്പറിന്‍റെ തകർപ്പൻ ലോങ്റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്സ് സ്വപ്നതുല്യമായാണ് തുടങ്ങിയത്. ജാംഷഡ്പൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഗോൾവര കടന്നിട്ടും നൽകാത്ത തന്‍റെ 'ഗോളിന്' സമാനമായൊരു ഷോട്ടിലൂടെ ഹൂപ്പർ ഇക്കുറിമറുപടി പറയുകയായിരുന്നു. ഒത്തിണക്കത്തോടെ പന്തുതട്ടിയ ബ്ലാസ്റ്റേഴ്സിനെ പിടിച്ചുകെട്ടാൻ എ.ടി.കെ പാടുപെട്ടു.
51ാം മിനുറ്റിൽ എ.ടി.കെ ഗോൾപോസ്റ്റിനുമുമ്പിൽ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് വലയിലേക്ക് തള്ളിവിട്ട് കോസ്റ്റ ബ്ലാസ്റ്റേഴ്സിന്റെ വിജയ പ്രതീക്ഷകൾ മാനത്തെത്തിച്ചു. എന്നാൽ മത്സരത്തിലേക്ക് പതിയെ തിരിച്ചുവന്ന എ.ടി.കെ 69ാം മിനുറ്റിൽ ആദ്യ ഗോൾ നേടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ മറികടന്ന് മുന്നേറിയ മാഴ്സലീന്യോ പന്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വൈകാതെ എ.ടി.കെയുടെ സമനില ഗോളുമെത്തി. പെനൽറ്റിബോക്സിൽ വെച്ച് മൻവീറിന്‍റെ ഹെഡർ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ ജെസലിന്‍റെ കൈകളിലുരസിയത് റഫറിയുടെ കണ്ണിൽപ്പെട്ടു. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ വാദം റഫറി വിലക്കെടുത്തില്ല. കിക്കെടുക്കാനെത്തിയ റോയ് കൃഷ്ണക്ക് പിഴച്ചില്ല. സ്കോർ (2-2).
തുടർന്ന് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമെത്തിയില്ല. ഒടുവിൽ നിശ്ചിത സമയത്തിന് മിനുറ്റുകൾക്ക് മുേമ്പ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തുളച്ച് റോയ്കൃഷ്ണയുടെ രണ്ടാംഗോളും എ.ടി.കെയുടെ വിജയഗോളും പിറന്നു. സീസണിലെ ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ വിജയഗോൾ കുറിച്ചതും റോയ്കൃഷ്ണയായിരുന്നു.
തോൽവിയോടെ ആദ്യ നാലിലിടം പിടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾക്ക് മങ്ങലേറ്റു. 15 കളികളിൽ നിന്നും 15 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് 9ാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ നിന്നും 27 പോയന്‍റുള്ള എ.ടി.കെ രണ്ടാംസ്ഥാനം ഭദ്രമാക്കി. ഫെബ്രുവരി 3ന് കരുത്തരായ മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.