യുദ്ധം 'പണിയായി'; ചെൽസിയുടെ നിയന്ത്രണം അബ്രമോവിച്ച് ക്ലബ് ഫൗണ്ടേഷന് കൈമാറി

ലണ്ടൻ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ഇംഗ്ലണ്ടിൽ ഏറെ വിമർശനത്തിന് വിധേയനായ ഒരാളാണ് ചെൽസി ഫുട്ബാൾ ക്ലബ് ഉടമയായ റോമൻ അബ്രമോവിച്. റഷ്യൻ ശതകോടീശ്വരന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ലേബർ പാർട്ടി എം.പി ആവശ്യപ്പെട്ടതിന് പിന്നാലെ പ്രീമിയർ ലീഗ് ക്ലബിന്റെ നിയന്ത്രണം ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരിക്കുകയാണ് അബ്രമോവിച്.

'ക്ലബ്ബിന്റെ താൽപര്യം മുൻനിർത്തിയാണ് ഞാൻ എപ്പോഴും തീരുമാനങ്ങൾ എടുത്തത്. ഈ മൂല്യങ്ങളിൽ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അതുകൊണ്ടാണ് ഞാൻ ഇന്ന് ചെൽസി ചാരിറ്റബിൾ ഫൗണ്ടേഷന്റെ ട്രസ്റ്റികൾക്ക് ചെൽസി എഫ്‌.സിയുടെ നിയന്ത്രണം കൈമാറുകയാണ്. ക്ലബ്, കളിക്കാർ, സ്റ്റാഫ്, ആരാധകർ എന്നിവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവർ മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു' -അബ്രമോവിച് പ്രസ്താവനയിൽ പറഞ്ഞു.

യുക്രെയ്‌നിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ചെൽസിയുടെ സൽപേര് സംരക്ഷിക്കുന്നതിനാണ് അബ്രമോവിച്ച് ഈ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. അബ്രമോവിച്ച് ക്ലബ്ബിന്റെ ഉടമയായി തുടരുമെന്നും യൂറോപ്യൻ ചാമ്പ്യന്മാരെ വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. ചെൽസി ചെയർമാൻ ബ്രൂസ് ബക്ക് ക്ലബ് ഫൗണ്ടേഷൻ അധ്യക്ഷനായി തുടരും.

അബ്രമോവിചിന്റെ റഷ്യൻ ഭരണകൂടവുമായുള്ള ബന്ധവും അഴിമതിയും വെളിപ്പെടുത്തുന്ന രേഖകള്‍ ആഭ്യന്തര വകുപ്പ് 2019 ൽ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ഫുട്ബാൾ ക്ലബ് ഉടമസ്ഥാവകാശം തടയണമെന്നും ലേബര്‍ പാർട്ടി എം.പി​ ക്രിസ് ബ്രയന്റ് കഴിഞ്ഞ ദിവസം ആവശ്യ​പ്പെട്ടിരുന്നു.

സമ്പന്നരായ ആളുകൾക്ക് യു.കെയിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന ടയർ 1 വിസ അബ്രമോവിച്ചിന് ലഭിച്ചിരുന്നു. റഷ്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ അബ്രമോവിച്​ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്തയാളാണെന്നാണ്​ വിശ്വസിക്കപ്പെടുന്നത്​. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം 1400 കോടി യു.എസ് ഡോളറാണ് 55കാരന്റെ ആസ്തി. 2021ൽ ലോക കോടീശ്വരൻമാവുടെ പട്ടികയിൽ 142ാം സ്ഥാനക്കാരനായിരുന്നു അബ്രമോവിച്.

2003ൽ തന്റെ 36ാം വയസിലാണ് അബ്രമോവിച്​​ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബായ ചെൽസി സ്വന്തമാക്കിയത്​. 116 വർഷത്തെ ചരിത്രത്തിൽ അന്ന്​ വരെ ഒരുതവണ മാത്രമായിരുന്നു ചെൽസി പ്രീമിയർ ലീഗ് കിരീടം നേടിയത്​. മൂന്ന്​ എഫ്.എ കപ്പ് സ്വന്തമാക്കിയപ്പോൾ ലീഗ് കപ്പിൽ രണ്ടുതവണ ജേതാക്കളായി. പിന്നീട് അബ്രമോവിചിന്‍റെ പണക്കൊഴുപ്പിന്‍റെ പവറിൽ കിരീടങ്ങൾ വാരിക്കൂട്ടുന്ന ചെൽസിയെയാണ്​ ഇംഗ്ലീഷ്​ ഫുട്​ബാൾ ലോകം കണ്ടത്​. ​പിന്നീട്​ 18 വർഷത്തിനിടയ്ക്ക് അഞ്ച്​ തവണ ചെൽസി പ്രീമിയർ ലീഗ് ജേതാക്കളായി. രണ്ടുതവണ വീതം യുവേഫ ചാമ്പ്യൻസ്​ ലീഗിലും യുവേഫ കപ്പിലും ജേതാക്കളായി. അഞ്ച്​ തവണ തന്നെ എഫ്​.എ കപ്പും മൂന്നുതവണ ലീഗ് കപ്പും ഉയർത്തി.

റഷ്യയ്ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയായി അഞ്ച് റഷ്യൻ ബാങ്കുകൾക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ബ്രിട്ടന്‍ ഉപരോധം ഏർപ്പെടുത്തി. കൂടുതൽ കനത്ത നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്​. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ബ്രിട്ടണിൽ ലാൻഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Russian owner Roman Abramovich hands over control of Chelsea to club’s foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.