ദോഹ: ഒരു വ്യാഴവട്ടക്കാലം മുമ്പ് ഖത്തറും വൻകരയിലെ ഫുട്ബാൾ പ്രേമികളും ആഘോഷമാക്കിയ അഞ്ചു ഭാഗ്യമുദ്രകളും തിരികെയെത്തുമ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുകയാണ് അവക്കുപിന്നിൽ പ്രവർത്തിച്ച കതാറ സ്റ്റുഡിയോസ്. 2011ലെ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭാഗ്യചിഹ്നങ്ങളായിരുന്ന സബൂഖ് കുടുംബത്തിന് രൂപംനൽകിയ അതേ സംഘം, ഇത്തവണ അതേ കുടുംബവുമായി വീണ്ടുമെത്തുമ്പോൾ ആവശ്യമായ രൂപമാറ്റങ്ങളും നൽകി.
ഖത്തറിന്റെയും മേഖലയുടെയും ഫുട്ബാളും സംസ്കാരവും പ്രകൃതിയുമെല്ലാം ചേർത്തായിരുന്നു ഖത്തരി കലാകാരൻ അഹമ്മദ് അൽ മഅദീദ് ഭാഗ്യചിഹ്നങ്ങൾക്ക് രൂപം നൽകിയത്. സബൂഖ്, തംബ്കി, ഫ്രിഹ, സിക്രിത്, ത്രിംന എന്നിവരടങ്ങിയ കുടുംബമായിരുന്നു 12 വർഷം മുമ്പ് വൻകരയുടെ കളിയുത്സവം ഖത്തറിലെത്തിയപ്പോൾ കളത്തിലും പുറത്തുമെല്ലാം ആവേശത്തോടെ പ്രചാരകരായത്.
വരച്ചെടുത്ത കഥാപാത്രങ്ങൾക്ക് ആനിമേഷനിലൂടെ ജീവൻ പകർന്നും സംഗീതമൊരുക്കിയും സജീവമാക്കിയാണ് ആരാധകരിലേക്ക് എത്തിച്ചത്. കളിയാവേശവുമായി വീണ്ടും സബൂഖ് എത്തിയപ്പോൾ, മുശൈരിബിലെ പ്രഖ്യാപന ചടങ്ങിൽ അവരെ പരിചയപ്പെടുത്താൻ കലാകാരൻ അഹമ്മദ് അൽ മഅദീദും എത്തിയിരുന്നു.
ഖത്തർ സിനിമപ്രവർത്തകൻ ഫഹദ് അൽ കുവാരിയായിരുന്നു ഭാഗ്യചിഹ്നത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി പ്രവർത്തിച്ചത്. കളിയും ഗൃഹാതുരത്വവും ഒരുക്കിയാണ് ഫഹദ് അൽ കുവാരി സബൂഖിനെയും കുടുംബത്തെയും ആനിമേഷനിലൂടെ അവതരിപ്പിച്ചത്. 2022 ലോകകപ്പ് ഫുട്ബാളിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ലഈബിന് ആനിമേഷനിലൂടെ ജീവൻ പകർന്നതും ഫഹദിന്റെ കരവിരുതായിരുന്നു.
2011 ഏഷ്യൻ കപ്പിന്റെ ഓർമകളിലേക്ക് ഖത്തറിലെയും മേഖലകളിലെയും ആരാധകരെ തിരികെ എത്തിക്കുകയായിരുന്നു കഥാപാത്രങ്ങളുടെ പുനഃസൃഷ്ടിയിലൂടെയെന്ന് ഫഹദ് പറയുന്നു. ആനിമേഷൻ കഥാപാത്രങ്ങളായ സബൂഖും കുടുംബവും സ്ക്രീനിലെത്തുമ്പോൾ സംഗീത പശ്ചാത്തലമൊരുക്കിയത് ഖത്തരി ഗായികയും ഗാനരചയിതാവുമായ ദാന അൽ മീറായിരുന്നു.
ലോകകപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളിലൂടെ ശ്രദ്ധേയയായ ദാന ഏഷ്യൻ കപ്പ് ഭാഗ്യമുദ്രയിലൂടെ ഇത്തവണയും തന്റെ കൈയൊപ്പ് ചാർത്തി. പുതുതലമുറയെയും കൗമാരക്കാരെയും കുട്ടികളെയും ആകർഷിക്കുന്നതും പഴയ കാർട്ടൂൺ കഥാപാത്രങ്ങളുടെ ഓർമയിലെത്തിക്കുന്നതിനുമുള്ള ശ്രമമാണ് സംഗീതം നൽകിയിരിക്കുന്നതെന്ന് ദാന പറഞ്ഞു.
ടൂർണമെന്റിന്റെ പ്രചാരണം എന്നതിലുപരി, ഖത്തറിന്റെ സാംസ്കാരിക പാരമ്പര്യത്തിനുള്ള ആദരം കൂടിയാണ് ഭാഗ്യചിഹ്നങ്ങളെന്ന് അഹമ്മദ് അൽ മഅദീദ് പറയുന്നു. രാജ്യത്തിന്റെ ഐഡന്റിറ്റി, കുടുംബ മൂല്യങ്ങളുടെ പങ്ക്, ഫുട്ബാളും കുട്ടികളും തമ്മിലെ ബന്ധം തുടങ്ങിയവയാണ് സബൂഖ് ഉൾപ്പെടെ അഞ്ചുപേർ പകർന്നുനൽകുന്ന സന്ദേശം.
കളിയും കുസൃതിയുമായി ഓടിച്ചാടി നടക്കുന്ന അഞ്ചുപേരുടെ കുടുംബമാണ് ഭാഗ്യമുദ്ര. സിക്രിതിയും ത്രിംനയുമാണ് കുടുംബത്തിലെ മാതാപിതാക്കൾ. പച്ച നിറത്തിൽ പിതാവ് സിക്രിതിയും പർപ്ൾ നിറത്തിൽ മാതാവ് ത്രിംനയും. നീല നിറത്തിലുള്ള മകൻ സബൂഖാണ് കുടുംബത്തിലെ നായകൻ.
മരുഭൂ എലികളെയാണ് സബൂഖായി പകർത്തിയത്. ഖത്തറിന്റെ വടക്കൻ മേഖലയിലെ ഫ്രിഹയാണ് ഭാഗ്യമുദ്ര കുടുംബത്തിലെ ഇളയ പുത്രി. വികൃതിക്കാരനായി പരിചയപ്പെടുത്തുന്ന തിംബ്കി മഞ്ഞ നിറത്തിലാണ്. ഖത്തറിന്റെ കിഴക്കൻ ഭാഗത്തെ തിംബിക് പ്രദേശത്തിന്റെ പേരിലാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.