മണവാളനായി മാനേ, വധു ഐഷ; സെനഗലിനിത് കാത്തിരുന്ന മാംഗല്യരാവ്

ദാകർ: സെനഗലി​ന്റെ കളിമുറ്റത്തുനിന്ന് ലോകത്തോളം വളർന്ന അനുഗൃഹീത ഫുട്ബാളർ സാദിയോ മാനേക്ക് മംഗല്യം. ദീർഘകാല പ്രണയിനിയായ ഐഷ താംബയെയാണ് നിലവിൽ സൗദിയിലെ അൽനസ്ർ ക്ലബിന്റെ താരമായ മാനേ ജീവിത സഖിയാക്കിയത്. ​

തന്റെ ജന്മനാടായ സെനഗലിലെ ബാംബലിയിൽ സ്റ്റേഡിയം നിർമിച്ചുനൽകുമെന്ന വാഗ്ദാനം നിറവേറ്റിയ ശേഷമാണ് 31കാരനായ മാനെ മണവാളന്റെ വേഷമിട്ടത്. തന്റെ ഫുട്ബാൾ യാത്രക്ക് തുടക്കമായ ബാംബാലിയിലെ ചെളിപുതഞ്ഞ മൈതാനമാണ് മാനേ സ്വന്തം പണംകൊണ്ട് പുതിയ സ്റ്റേഡിയമാക്കി മാറ്റിയത്. തങ്ങളുടെ പ്രിയതാരത്തി​ന്റെ വിവാഹത്തിനൊപ്പം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ചേർന്നതോടെ സെനഗലിന്റെ മുഴുവൻ ആഘോഷമാവുകയാണ്.

ഐവറി കോസ്റ്റിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റിന് കിക്കോഫ് വിസിൽ മുഴങ്ങാനിരിക്കേയാണ് സെനഗൽ നായകന്റെ കല്യാണം. ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരാണ് മാനേയും കൂട്ടുകാരും. ഒരിക്കൽകൂടി കപ്പിൽ മുത്തമിടാമെന്ന ആഗ്രഹത്തിലാണ് മുൻ ലിവർപൂൾ താരമായ സെനഗൽ ക്യാപ്റ്റൻ. അതുനടന്നാൽ ഭാര്യക്ക് നൽകാവുന്ന മികച്ച വിവാഹ സമ്മാനം കൂടിയാവും.

സെനഗലിലെ കസാമാൻക സ്വദേശിനിയാണ് മാനെയുടെ പത്നി ഐഷ താംബ. ഇരുവരും മദിംഗ്വെ ഭാഷ സംസാരിക്കുന്നവരാണ്. കൗമാരകാലത്തുതന്നെ മാനെയുമായി ഐഷ ഇഷ്ടത്തിലായിരുന്നു. കാമുകിയുടെ പഠനകാലത്തുതന്നെ അവളുടെയും കുടുംബത്തിന്റെയും ജീവിതച്ചെലവുകൾ ഉൾപ്പെടെ നൽകി പരിപാലിച്ചിരുന്നത് മാനെയായിരുന്നു. രണ്ടുതവണ ആഫ്രിക്കൻ ​െപ്ലയർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട സൂപ്പർതാരം പ​ക്ഷേ, തന്റെ വ്യക്തിജീവിതം മാധ്യമങ്ങളിൽനിന്നുൾപ്പെടെ മറച്ചുപിടിക്കുന്നതിനായിരുന്നു താൽപര്യം കാട്ടിയത്.

Full View

വളരെ ലളിതമായ ചുറ്റുപാടുകളിൽനിന്ന് വളർന്നുവന്ന ഐഷ സമൂഹ മാധ്യമങ്ങളിൽനിന്ന് അകന്നുനിന്നതും പ്രണയം സ്വകാര്യമായി സൂക്ഷിക്കാൻ മാനെയെ തുണച്ചു. സെനഗലിൽ സ്കൂളുകളും ആശുപത്രികളുമൊക്കെ നിർമിക്കാൻ പണം നൽകി നാടിന്റെ ഇഷ്ടതാരമായ മിഡ്ഫീൽഡറുടെ പ്രണയത്തെക്കുറിച്ച് വളരെ കുറച്ചുപേർക്കേ അറിവുണ്ടായിരുന്നുള്ളൂ.

‘നിങ്ങൾ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് ചോദിക്കുന്ന ഒരുപാടു പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുകയാണെന്നാണ് അവരോട് പറയാനുള്ളത്. ഞാൻ വിവാഹം കഴിക്കുന്ന കുട്ടി സോഷ്യൽ മീഡിയയിലൊന്നും ഉള്ള ആളായിരിക്കില്ല. ദൈവഭയമുള്ള, നന്നായി പ്രാർഥിക്കുന്ന ഒരു കുട്ടിയെ കല്യാണം കഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്നേഹത്തെക്കുറിച്ച് ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കുമല്ലോ..’-2002ൽ വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് മാനെ നൽകിയ മറുപടി ഇതായിരുന്നു. 

Tags:    
News Summary - Sadio Mane marries longtime partner Aisha Tamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.