സൂപ്പർതാരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും കാണാം...

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് വധു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ദേശീയ-അന്തർ ദേശീയ ഫുട്ബാൾ താരങ്ങളായ കെ.പി. രാഹുൽ, സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്‍റോ, സചിൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

വിവാഹ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 'എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി' എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ സഹൽ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചന. ബ്ലാസ്റ്റേഴ്സുമായുള്ള ആറു വർഷത്തെ ബന്ധം അവസാനിപ്പിച്ച് താരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക് ചേക്കേറുകയാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ, ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിലെ റെക്കോഡ് തുകക്കാവും കൂടുമാറ്റം.

2.2 കോടി രൂപ ട്രാൻസ്ഫർ മൂല്യമുള്ള സഹലിന് 2025 മേയ് 31 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. ബഗാനു പുറമെ ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, ഒഡിഷ എഫ്.സി ടീമുകളും താരത്തിനായി രംഗത്തുണ്ട്. ഇതിനിടെ സഹലിനെ സൗദി ക്ലബുകൾ നോട്ടമിട്ടതായ വാർത്തകളും പുറത്തുവന്നിരുന്നു.

യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെ കളിച്ചുവളർന്ന കണ്ണൂർ സ്വദേശിയായ സഹൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മഞ്ഞക്കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ ബൂട്ടുകെട്ടിയ ക്രെഡിറ്റുള്ള സഹൽ 97 മത്സരങ്ങളിൽ 10 ഗോളും ഒമ്പത് അസിസ്റ്റും നേടി. ഇന്ത്യക്കായി 25 മത്സരങ്ങളിൽ മൂന്നു ഗോൾ നേടി.

Full View
Tags:    
News Summary - Sahal Abdul Samad got married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.