ലണ്ടൻ: മഴയും മഞ്ഞും പെയ്തിറങ്ങി തണുത്തുറഞ്ഞ ആൻഫീൽഡിലെ പുൽതകിടിന് തീപിടിപ്പിച്ച പോരാട്ടം സമനിലയിൽ കലാശിച്ചു. കരുത്തരായ ലിവർപൂളിനെ 2-2 ന് തളച്ച് ജയത്തോളം പോന്ന സമനിലയുമായി തല ഉയർത്തി തന്നെയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് മടങ്ങിയത്.
ഈ സീസണിൽ ഇനി ഒരു തിരിച്ചുവരവ് അസാധ്യമാവും വിധം കൂപ്പുകുത്തിയ യുനൈറ്റഡ് ടേബ്ൾ ടോപ്പേഴ്സായ ലിവർപൂളിനെതിരെ അവിശ്വസനീയ പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യപകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഗോളൊഴുകി തുടങ്ങി. 53ാം മിനിറ്റിൽ ലിവർപൂളിനെ ഞെട്ടിച്ച് യുനൈറ്റഡാണ് ആദ്യം ലീഡെടുക്കുന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ ലിസാൻട്രോ മാർട്ടിനസാണ് ഗോൾ നേടിയത്.
59ാം മിനിറ്റിൽ കോഡി ഗ്യാക്പോയിലൂടെ ലിവർപൂൾ തിരിച്ചടിച്ചു(1-1). 68ാം മിനിറ്റിൽ ഡിലിറ്റിന്റെ ഹാൻഡ് ബോളിന് ലഭിച്ച പെനാൽറ്റി മുഹമ്മദ് സലാഹ് പിഴവുകളില്ലാതെ വലയിലാക്കിയതോടെ ലിവർപൂൾ ഡ്രൈവിങ് സീറ്റിലെത്തി (2-1).
80ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഗർനാചോ പന്ത് അമദ് ദിയാലോക്ക് കൈമാറി. ലിവർപൂളിന്റെ വലയിലേക്ക് അമദ് നിറയൊഴിച്ചതോടെ കളിവീണ്ടും സമനിലയിലായി (2-2).
ഗോൾ വീണതോടെ വേഗം കൂട്ടിയ ലിവർപൂൾ യുനൈറ്റഡ് ഗോൾമുഖത്ത് നിരന്തരം പ്രഹരിച്ചെങ്കിലും ഗോൾകീപ്പർ ഒനാനയുടെ അസാമാന്യ സേവുകൾ ലിവർപൂൾ പ്രതീക്ഷകളെ തകർത്തു.
അന്തിമ വിസിലിന് തൊട്ടുമുൻപ് യുനൈറ്റഡിന് ജയം ഉറപ്പിക്കാനൊരു സുവർണാവസരം ലഭിച്ചെങ്കിലും ഹാരി മഗ്വയർ പാഴാക്കുകയായിരുന്നു.
20 മത്സരങ്ങൾ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുനൈറ്റഡ് 23 പോയിന്റുമായി 13ാം സ്ഥാനത്താണ്. 19 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ 2-2 ന് ഇപ്സ്വിച്ച ടൗൺ സമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.