ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹിന് പരിക്ക്. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഘാനക്കെതിരായ മത്സരത്തിലാണ് സലാഹ് ഇടങ്കാലിന് പരിക്കേറ്റ് കയറിയത്. ഇത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ഒന്നാമതുള്ള ലിവർപൂളിനും ആഫ്രിക്കൻ നേഷൻസ് കപ്പ് പ്രതീക്ഷയിലുള്ള ഈജിപ്തിനും ഒരുപോലെ ആധിയായിരിക്കുകയാണ്. എന്നാൽ, പരിക്ക് ഗുരുതരമല്ലെന്നാണ് കരുതുന്നതെന്ന് ഈജിപ്ഷ്യൻ പരിശീലകൻ റൂയി വിറ്റോറിയ പറഞ്ഞു.
ഘാനക്കായി വെസ്റ്റ്ഹാം താരം മുഹമ്മദ് കുദുസ് ഇരട്ട ഗോൾ നേടിയപ്പോൾ ഒമർ മർമൂഷ്, മുസ്തഫ മുഹമ്മദ് എന്നിവരാണ് ഈജിപ്തിനായി ഗോളുകൾ നേടിയത്. ഈജിപ്തിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സലാഹ് പരിക്കേറ്റ് മടങ്ങിയത്. തൊട്ടടുത്ത മിനിറ്റിൽ അബ്ദുൽ സമദിന്റെ പാസിൽ മുഹമ്മദ് കുദുസ് ഘാനയെ മുന്നിലെത്തിക്കുകയും ചെയ്തു. 69ാം മിനിറ്റിൽ ഇനാകി വില്യംസിന്റെ ബാക്ക്പാസിൽ ഒമർ മർമൂഷ് ഈജിപ്തിന് സമനില ഗോൾ സമ്മാനിച്ചു. രണ്ട് മിനിറ്റിനകം കുദുസ് വീണ്ടും എതിർവലയിൽ നിറയൊഴിച്ചതോടെ ഈജിപ്ത് പരാജയഭീതിയിലായി. എന്നാൽ, 74ാം മിനിറ്റിൽ ട്രെസിഗ്വെയുടെ അസിസ്റ്റിൽ മുസ്തഫ മുഹമ്മദ് അവർക്ക് സമനില ഗോൾ സമ്മാനിച്ചു.
ഗ്രൂപ്പ് ‘ബി’യിലെ ആദ്യ മത്സരത്തിൽ മൊസാംബികുമായി 2-2ന് സമനില വഴങ്ങിയ ഈജിപ്ത് രണ്ട് പോയന്റുമായി രണ്ടാമതാണ്. എന്നാൽ, ആദ്യ മത്സരത്തിൽ കേപ് വെർഡെയോട് തോറ്റ ഘാന ഒരു പോയന്റുമായി അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.